Connect with us

Editorial

ദിശയറിഞ്ഞ് ചൂണ്ടയിടുകയാണ് ബി ജെ പി

Published

|

Last Updated

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ ജനാധിപത്യത്തിന് മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. കോണ്‍ഗ്രസ്, എന്‍ സി പി പിന്തുണയോടെ ശിവസേന സര്‍ക്കാറിന്റെ അധികാരാരോഹണം പ്രതീക്ഷിച്ച സംസ്ഥാന ജനതക്ക് ബി ജെ പി- എന്‍ സി പി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്നലെ കാണാനായത്. ഇന്നലെ കാലത്താണ് ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായും എന്‍ സി പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം കുറിച്ച് പുതിയ മന്ത്രിസഭ അധികാരമേറ്റത്. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാര്‍. എന്‍ സി പിയുടെയും ബി ജെ പിയുടെയും ഏതാനും എം എല്‍ എമാരും ഉദ്യോഗസ്ഥരുമടങ്ങിയ ചെറുവൃന്ദം മാത്രമേ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയിരുന്നുള്ളൂ. എന്‍ സി പിയുടെ 15 എം എല്‍ എമാര്‍ മാത്രമാണ് പങ്കെടുത്തത്.

എന്നാല്‍ തന്റെ സര്‍ക്കാറിന് 170 പേരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അവകാശവാദം. ഈ മാസം 30 വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയം.
എന്‍ സി പി – കോണ്‍ഗ്രസ് പിന്തുണയോടെ ഉദ്ദവ് താക്കെറെയുടെ നേതൃത്വത്തില്‍ ശിവസേന സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നായിരുന്നു വെള്ളിയാഴ്ച രാത്രി വരെ റിപ്പോര്‍ട്ടുകള്‍. ആ നിലയില്‍ മൂന്ന് കക്ഷികള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തിരുന്നു. അതിനിടെ എന്‍ സി പിയെ ബി ജെ പി പാളയത്തിലെത്തിച്ചത് അജിത് പവാറാണെന്നും അജിതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന അഴിമതിയാരോപണങ്ങളാണ് ഇതിന്റെ പിന്നാമ്പുറമെന്നുമാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുയരുന്ന സംസാരം. ജലസേചനവുമായി ബന്ധപ്പെട്ട് 70,000 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന ഒരു കേസ് അജിത് പവാറിനെതിരെ നേരത്തേയുണ്ട്. മഹാരാഷ്ട്ര സഹകരണ ബേങ്കിന് 25,000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് അജിതടക്കം 70 പേര്‍ക്കെതിരെ മുംബൈ പോലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അജിതിനും ശരത് പവാറിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. മന്ത്രിസഭാ സഹായത്തിന് ബി ജെ പിയെ തുണച്ചാല്‍ നിയമനടപടികളില്‍ നിന്ന് അജിതിനെ രക്ഷപ്പെടുത്താമെന്ന് അമിത് ഷാ വാഗ്ദത്തം നല്‍കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

അജിതിന്റെ കളംമാറ്റം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്, ബി ജെ പിയുമായുള്ള ചങ്ങാത്തം പാര്‍ട്ടിയുടെ അറിവോടെയല്ല, പാര്‍ട്ടി നിലപാട് ലംഘിച്ചതിന് അജിതിനെതിരെ നടപടിയെടുക്കുമെന്നൊക്കെ ശരത് പവാര്‍ ഇന്നലെ ട്വിറ്റര്‍ വഴി അറിയിച്ചെങ്കിലും പവാറിന്റെ മൗനസമ്മതത്തോടെയാണ് അജിതിന്റെ നീക്കങ്ങളെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ നിഗമനം. രാഷ്ട്രപതിസ്ഥാനം ഉള്‍പ്പെടെ ചില ഉന്നത പദവികള്‍ പവാറിന് മോദി വാഗ്ദാനം ചെയ്തതായും പറയപ്പെടുന്നു. നിലവിലെ രാഷ്ട്രപതിയുടെ കാലാവധി 2022 ജൂലൈയില്‍ അവസാനിക്കും. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ ശരത് പവാര്‍ പ്രധാനമന്ത്രി പദവിയില്‍ പരിഗണിക്കപ്പെടേണ്ടയാളായിരുന്നു. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഇതുവരെ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലിമെന്റിലെ അടച്ചിട്ട മുറിയിലായിരുന്നു അതീവ രഹസ്യമായ ഈ ഒത്തുചേരല്‍. രാഷ്ട്രീയ വിഷയങ്ങളായിരുന്നില്ല, മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രശ്‌നങ്ങളായിരുന്നു സംസാര വിഷയമെന്നായിരുന്നു ഇതുസംബന്ധിച്ചു പവാറിന്റെ വിശദീകരണം. എന്നാല്‍ ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് കര്‍ഷക പ്രശ്‌നം ഒരിക്കല്‍ പോലും അവതരിപ്പിക്കാന്‍ സമയം കണ്ടെത്താത്ത പവാറിന്റെ ഈ വീണ്ടുവിചാരത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി സ്ഥാനത്തിനു പുറമെ കേന്ദ്രത്തില്‍ മൂന്ന് ക്യാബിനറ്റ് മന്ത്രിപദവിയും രണ്ട് സഹമന്ത്രി സ്ഥാനവും മോദി മുന്നോട്ട് വെച്ചതായും വാര്‍ത്തയുണ്ട്. ഇതുസംബന്ധിച്ച നിജസ്ഥിതി അറിയണമെങ്കില്‍ പുതിയ മന്ത്രിസഭയുടെ വിശ്വാസ വോട്ടെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.

ഒരു മാസം മുമ്പ് നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും ശിവസേനയും ഒരു ഭാഗത്തും കോണ്‍ഗ്രസും എന്‍ സി പിയും മറുഭാഗത്തുമായാണ് ഏറ്റുമുട്ടിയത്. 288 അംഗ അസംബ്ലിയില്‍ ബി ജെ പി 105, ശിവസേന 56, എന്‍ സി പി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷികളുടെ അംഗസംഖ്യ. ബി ജെ പി-ശിവസേന സഖ്യത്തിന് അധികാരത്തിലേറാനുള്ള ഭൂരിപക്ഷം യഥേഷ്ടം. എന്നാല്‍ അധികാര പദവികള്‍ പങ്കിടുന്നതുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവര്‍ തെറ്റിപ്പിരിഞ്ഞു. മുഖ്യമന്ത്രി പദം ഇരു കക്ഷികള്‍ക്കുമായി വീതിക്കണമെന്നും രണ്ടര കൊല്ലം ബി ജെ പിയും രണ്ടര കൊല്ലം ശിവസേനയും കൈകാര്യം ചെയ്യണമെന്നുമായിരുന്നു സേനാ നേതൃത്വത്തിന്റെ ആവശ്യം. മുഖ്യമന്ത്രി പദത്തില്‍ വീതംവെപ്പ് പറ്റില്ലെന്ന് ബി ജെ പിയും. തങ്ങളുടെ ആവശ്യത്തില്‍ ശിവസേന ഉറച്ചു നിന്നതോടെ സര്‍ക്കാര്‍ രൂപവത്കരണ നീക്കത്തില്‍ നിന്ന് ബി ജെ പി പിന്‍വലിഞ്ഞു. പിന്നാലെ ശിവസേനയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും മതിയായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.

ഒടുവിലായി എന്‍ സി പിയെയും വിളിച്ചു. അവര്‍ക്ക് അതിനനുവദിച്ച 24 മണിക്കൂര്‍ സമയം പൂര്‍ത്തിയാകും മുമ്പേ ഗവര്‍ണര്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. സേനയുടെ സഹായമില്ലാതെ സര്‍ക്കാറുണ്ടാക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ തങ്ങള്‍ മറ്റുള്ളവര്‍ക്ക് വഴിമാറിക്കൊടുക്കുന്നുവെന്ന മട്ടില്‍ ബി ജെ പി ഒഴിഞ്ഞുനിന്നത് രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നും, തിരശ്ശീലക്ക് പിന്നില്‍ അവര്‍ മറ്റു കക്ഷികളില്‍ നിന്നുള്ളവരെ ചാക്കിട്ടു പിടിച്ച് സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള തിരക്കിട്ട ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്നുമാണ് ഇന്നലത്തെ നാടകീയ സംഭവവികാസങ്ങള്‍ വിളിച്ചോതുന്നത്. ആദര്‍ശാധിഷ്ഠിത രാഷ്ട്രീയം പണാധിപത്യ രാഷ്ട്രീയത്തിന് വഴിമാറിയിരിക്കെ, വിപണി അറിഞ്ഞ് കളിക്കുന്നവര്‍ക്കും ദിശയറിഞ്ഞു ചൂണ്ടയെറിയുന്നവര്‍ക്കുമാണല്ലോ വിജയിക്കാനാകുക. രാഷ്ട്രീയ ചാണക്യ തന്ത്രത്തിലും കുതിരക്കച്ചവടത്തിലും മോദി- അമിത് ഷാ കൂട്ടുകെട്ടിനെ വെല്ലാന്‍ സാധിക്കുന്നവര്‍ മറ്റാരുണ്ട്. ഇക്കാര്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു മഹാരാഷ്ട്രയിലെ രാഷ്ട്രീയം.