Connect with us

Kerala

സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ആറ്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളേജിന് 3.5 കോടി, കോട്ടയം മെഡിക്കല്‍ കോളേജിന് 5 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 5.5 കോടി, എറണാകുളം മെഡിക്കല്‍ കോളേജിന് 50 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളേജിന് 3 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ഈ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിലകൂടിയ ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്കുമായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്  തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്റര്‍ സജ്ജമാക്കുന്നതിനായി 2.25 കോടി രൂപ, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരിക്കുന്നതിന് ഒരുകോടി, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒപി ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കെ. ബ്ലോക്കിലെ ചില്ലര്‍ പ്ലാന്റ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവക്കാണ് തുക. കോട്ടയം മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി ലക്ചര്‍ ഹാള്‍, പഴയ അത്യാഹിത വിഭാഗത്തിലെ ആര്‍ട്ട് റൂം നവീകരണം, ഏഴ്‌, എട്ട്‌ വാര്‍ഡുകളുടെ നവീകരണം, ഒഫ്ത്താല്‍മോളജി തീയറ്റര്‍ നവീകരണം, മെഡിസിന്‍ വാര്‍ഡ്, ഫ്‌ളോറിംഗ്, പെയിന്റിംഗ്, വാര്‍ഷിക അറ്റകുറ്റപണികള്‍ തുടങ്ങിയവക്കാണ് തുകയനുവദിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയറ്റര്‍ നവീകരണത്തിനായി 2.01 കോടി രൂപ, ജനറല്‍ വാര്‍ഡ്, ഐ എം സി എച്ച്, ഐ സി ഡി, ഒഫ്താല്‍മോളജി വാര്‍ഡ് എന്നിവിടങ്ങളില്‍ ലിഫ്റ്റ് നിര്‍മ്മാണത്തിനായി 1.98 കോടി, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

എറണാകുളം മെഡിക്കല്‍ കോളേജിലെ വാര്‍ഷിക അറ്റകുറ്റപണികള്‍ക്കും 11/110 കെവി ഇലട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവക്കുമാണ് തുക അനുവദിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഓഡിറ്റോറിയം നവീകരണം, ക്വാര്‍ട്ടേഴ്‌സ് നവീകരണം, ടോയിലറ്റ് ബ്ലോക്ക് നവീകരണം, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി നവീകരണം, ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സ് നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവക്കും തുക അനുവദിച്ചു.