Connect with us

Ongoing News

സുനിൽ ഛേത്രിയുടെ ഗോളിൽ കേരളത്തിനെതിരെ ബെഗളൂരുവിന് ജയം

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ് സിക്ക് ഒരു ഗോൾ ജയം. ഇതോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് കളികളിൽ നിന്ന് ഒമ്പത് പോയിന്റുകൾ നേടിയാണ് ബെംഗളൂരു രണ്ടാമതെത്തിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് കളികളിൽ നിന്ന് നേടിയ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. മത്സരത്തിന്റെ 55-ാം മിനുട്ടിൽ സുനിൽ ഛേത്രിയാണ് ഹെഡറിലൂടെ ബ്ലാസ്റ്റേഴ്സ് വലകുലുക്കിയത് ( 1-0). ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നാണ് പന്ത് വലയിലെത്തിയത്.


ഒരു ഗോൾ വീണതോടെ വിയർത്തുകളിച്ച ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരെ മാറ്റി ഇറക്കിയെങ്കിലും ആ പരീക്ഷണവും ഫലിച്ചില്ല. കളിയിലുടനീളം പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ബെംഗളൂരുവിന്റെ ഗോൾവല കുലുക്കാൻ കഴിഞ്ഞില്ല. 62-ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് കെ പ്രശാന്തിനെ മാറ്റി സഹൽ അബ്ദുൽ സമദിനെ പകരക്കാരനായി ഇറക്കി. പിന്നീട്, അബ്ദുൽഹക്കുവിന് പകരം മുഹമ്മദ് റാഫിയും മുഹമ്മദ് റാക്കപ്പിന് പകരം വഌട്‌കോ ദ്രോബറോവും കളത്തിലിറങ്ങിയെങ്കിലും സമനില ഗോൾ നേടാനുള്ള ശ്രമം വിഫലമായി.


മത്സരത്തിന്റെ 29-ാം മിനുട്ടിൽ ഉദാന്ത സിംഗിന്റെ ക്രോസിൽ നിന്ന് റാഫേൽ അഗസ്‌റ്റോ ബ്ലാസ്‌റ്റേഴിന്റെ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഗോൾ അനുവദിക്കാതിരുന്നത് ബ്ലാസ്‌റ്റേഴ്‌സിന് തുണയായി. 14-ാം മിനുട്ടിൽ റാഫേൽ മെസി ബൗളിയുടെ തകർപ്പൻ ക്രോസിൽ ഗോൾ നേടാനുള്ള സുവർണാവസരം ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റൻ കൂടിയായ ബർത്തലോമിയോ ഓഗ്‌ബെച്ചെയും പാഴാക്കിതോടെ ആദ്യപകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
ആദ്യ 15 മിനുട്ട് പിന്നിടുമ്പോൾ ആതിഥേയരായ ബെംഗളൂരു എഫ് സിക്കായിരുന്നു മേധാവിത്വം. ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മുന്നേറ്റങ്ങളും ബെംഗളൂരുവിന്റെ ശക്തമായ പ്രതിരോധ നിരയിൽ പാഴാവുന്നതാണ് കണ്ടത്.

ആയിരക്കണക്കിന് മലയാളികളാണ് ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രകടനമായാണ് മഞ്ഞപ്പട സ്റ്റേഡിയത്തിലേക്കെത്തിയത്. കേരളത്തിൽ നിന്ന് സ്‌പെഷ്യൽ ബസുകളിലായി എത്തിയവരുമുണ്ട്. പന്തടക്കത്തിലും ആക്രമണത്തിലും എതിരാളികളെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്. സ്വന്തം തട്ടകത്തിൽ ബെംഗളൂരു എഫ് സിക്ക് തുടക്കത്തിൽ അടിപതറുന്ന കാഴ്ചയാണ് കണ്ടത്. കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ബെംഗളൂരുവിനെ അടിയറവ് പറയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സൂപ്പർ ലീഗിൽ ഇരുടീമുകളും നാല് തവണ നേർക്കുനേർ വന്നപ്പോൾ മൂന്ന് തവണയും ബെംഗളൂരുവിനെയായിരുന്നു വിജയം തുണച്ചത്. ഒരുതവണ സമനിലയിൽ പിരിഞ്ഞു.

Latest