Connect with us

Articles

ഷഹ്‌ലാ, കേരളം തലകുനിക്കുന്നു

Published

|

Last Updated

വിഷപ്പാമ്പുകളുടെ മധ്യത്തിൽ വിദ്യാഭ്യാസം ചെയ്യാൻ നിർബന്ധിതരായ വിദ്യാർഥികളുടെ സങ്കടത്തിന് മുന്നിൽ ശിരസ്സ് കുനിക്കുന്നു. പാമ്പുകടിയേറ്റ് മരിക്കേണ്ടിവന്ന വയനാട്ടിലെ സർവജന സർക്കാർ സ്‌കൂളിലെ പ്രിയപ്പെട്ട വിദ്യാർഥിനി ഷഹ്്ല ഷെറിനോട് മാപ്പ് ചോദിക്കാൻ പോലും നമുക്ക് അർഹതയില്ല. അത്രക്ക് കുറ്റകരമായ ചെയ്തിയാണ് വിദ്യാഭ്യാസകേരളം, ആ കുട്ടിയോട് ചെയ്തത്.
ഒരു അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പുകളുടെ മാളങ്ങൾ അടങ്ങിയ ക്ലാസ് മുറിയിലിരുന്ന് പഠിക്കേണ്ടിവന്നതിനാലാണ് വിലപ്പെട്ട ജീവൻ നഷ്ടമായത്. കുട്ടിയുടെ കരച്ചിലിനോ കാലിലെ രക്തസ്രാവത്തിനോ സഹപാഠികളുടെ വിലാപത്തിനോ പ്രതിഷേധത്തിനോ വില കൽപ്പിക്കാൻ തോന്നാതിരുന്ന അധ്യാപകർ ഈ സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നു. നാല് ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും പാമ്പുകടിയേറ്റ കുട്ടിക്ക് ചികിത്സ നൽകാൻ കഴിയാതെ പോയ ആരോഗ്യ കേരളവും മാപ്പർഹിക്കുന്നില്ല.

വിലപ്പെട്ട രണ്ടേ മുക്കാൽ മണിക്കൂർ ആ കുട്ടി ജീവന് വേണ്ടി പോരാടി. അശ്രദ്ധ, അനാസ്ഥ, പൊതുവിദ്യാലയങ്ങളിലെ പ്രാകൃതാവസ്ഥ, അധ്യാപകരുടെ മനുഷ്യത്വമില്ലായ്മ, വിഷമിറക്കൽ മരുന്നിന്റെ അഭാവം, വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ ഞെട്ടിക്കുന്ന ശോച്യാവസ്ഥ എല്ലാം കൂടി ചേർന്നാണ് ആ കുരുന്നിന്റെ ജീവനെടുത്തത്. കുട്ടികൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനും പരിഗണിക്കാനുമുള്ള മനസ്സാണ് അധ്യാപകരെ യഥാർഥ അധ്യാപകരാക്കുന്നത്. നിർഭാഗ്യവശാൽ, സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വി എച്ച് എസ് എസ്സിലെ അധ്യാപകർക്ക് എന്തോ കാരണങ്ങളാൽ ആ നിമിഷങ്ങളിൽ അലംഭാവമുണ്ടായി. അതിന് വലിയ വില കൊടുക്കേണ്ടി വന്നിരിക്കുന്നു.
കൊട്ടിഘോഷിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന കാലമാണ്. സർവശിക്ഷാ അഭിയാന്റെ പേരിൽ കോടികൾ സ്‌കൂളുകൾക്ക് നൽകുന്നുവെന്ന് പറയുന്നു. പ്രധാനമായും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ് പണം ചെലവഴിക്കുന്നത്. വയനാട്ടിലെ ഏറ്റവും ആദ്യത്തെ പൊതുവിദ്യാലയമായ സർവജന സ്‌കൂളിൽ പക്ഷേ, ഭൗതിക സാഹചര്യങ്ങളുടെ വികസനം എത്ര പരിതാപകരമായിരുന്നുവെന്ന് ആ ക്ലാസ് മുറികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വനപ്രദേശമായ വയനാട്ടിൽ പാമ്പുകൾ ഉണ്ടാവാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ്. എന്നാൽ, ക്ലാസുമുറി തന്നെ കാലങ്ങളായി ഒരു പാമ്പിൻകൂടായിരുന്നുവെന്ന കാര്യം വികസനം നടത്താൻ ചുമതലപ്പെട്ടവർ എന്തുകൊണ്ട് അറിയാതെ പോയി? സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഉടമകൾ പഞ്ചായത്തുകളായതിനാൽ ഉത്തരവാദിത്വം അവരുടെ മേൽ ചാരാം. പഞ്ചായത്തിലെ ഉ
ദ്യോഗസ്ഥർക്ക് പി ടി എയെ പഴിചാരാം. പക്ഷേ, നിസ്സഹായരായ പിഞ്ചുകുട്ടികൾ ആരോടാണ് പരാതി പറയുക?

ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ ശുചിമുറികളില്ല, ശുചിമുറിയിൽ ബക്കറ്റുകളില്ല, പാഴ്‌സാധനങ്ങളുടെ കൂമ്പാരങ്ങൾ, ശുദ്ധജലമില്ല തുടങ്ങിയ എത്രയെത്ര പരാതികളാണ് കുട്ടികൾ പറയുന്നത്. അതൊന്നും ബത്തേരിയിലെ ഒരു സ്‌കൂളിൽ മാത്രമുള്ള അപര്യാപ്തതകളല്ല. കേരളത്തിലെ ആയിരക്കണക്കിന് ഗ്രാമീണ മേഖലയിലെ സ്‌കൂളുകൾ അനുഭവിക്കുന്ന സങ്കടങ്ങൾ തന്നെയാണ്. ഭൗതിക സാഹചര്യങ്ങളുടെ വികസനമൊക്കെ ചില പ്രത്യേക സ്‌കൂളുകളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. രക്ഷിതാക്കളും നാട്ടുകാരും മുൻകൈ എടുത്ത് ചില സ്‌കൂളുകൾ നന്നായി നടത്തുന്നുണ്ട്. പക്ഷേ, അതൊന്നും എക്കാലവും നിലനിൽക്കുന്നതല്ല. സുസ്ഥിരമായ ഫണ്ട് സർക്കാർ സംവിധാനത്തിലൂടെ നൽകുന്നില്ലെങ്കിൽ ഭൗതിക സാഹചര്യങ്ങളുടെ ഇല്ലായ്മമൂലം തന്നെ സ്‌കൂളുകൾ എല്ലുംതോലുമായി മരണശയ്യയിലാകും. അതാണ് വയനാട് പോലെയുള്ള ജില്ലകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
വയനാട്ടിലെ പ്രത്യേക സാഹചര്യങ്ങളും സ്‌കൂൾ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സം നിൽക്കുന്നു. അവഗണനയുടെയും അനാസ്ഥയുടെയും നിർഭാഗ്യങ്ങളുടെയും ഇരകളായി കഴിയാൻ വിധിക്കപ്പെടുന്ന കുഞ്ഞുങ്ങളാണോ വയനാട്ടിലേത്? ഇടുക്കിയിലും കാസർകോടും മലപ്പുറത്തും പാലക്കാടും സമാനമായ വിദ്യാലയങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

വയനാട്ടിലാകട്ടെ, നല്ലൊരു ആശുപത്രിയില്ല. ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കണമെന്നത് ചിരകാലമായ ആവശ്യമാണ്. ബത്തേരിയിൽ അത്തരമൊരു ആശുപത്രി ഉണ്ടായിരുന്നുവെങ്കിൽ ഷഹ്്ല ഷെറിന്റെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയുമായിരുന്നു.
അരക്ഷിതമായ വിദ്യാലയങ്ങൾ എന്ന ദുരവസ്ഥക്ക് പരിഹാരം കാണാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു കഴിഞ്ഞിട്ടില്ല. ഒറ്റപ്പാലം ചുനങ്ങാട് എസ് ഡി വി എ എൽ പി സ്‌കൂളിന്റെ മേൽക്കൂരയിൽ നിന്ന് വിഷപ്പാമ്പ് താഴെ വീണ സംഭവം ഈ അധ്യയന വർഷമാണ് ഉണ്ടായത്. എന്നിട്ടും വിദ്യാലയ സുരക്ഷ ഉറപ്പാക്കാൻ പഴുതടച്ച നടപടികളുണ്ടായിട്ടില്ല. ബത്തേരിയിലെ പാമ്പിൻ മാളങ്ങളടങ്ങിയ സ്‌കൂൾ ഒറ്റപ്പെട്ടതാവില്ല. കേരളത്തിന്റെ വിദൂര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയങ്ങൾ പരിതാപകരമായ അവസ്ഥയിൽ തുടരുന്നുവെന്ന പ്രശ്‌നത്തെയാണ് വിദ്യാഭ്യാസ വകുപ്പ് അഭിസംബോധന ചെയ്യേണ്ടത്. സത്വര നടപടികളാണ് വേണ്ടത്, ആശ്വാസ വാക്കുകളോ, ചില അധ്യാപകരുടെ മേലുള്ള സസ്‌പെൻഷനുകളോ അല്ല. ഹൈടെക്കും അന്തർദേശീയ നിലവാരവും നേടിക്കഴിഞ്ഞ പൊതുവിദ്യാലയങ്ങൾ എന്ന അവകാശവാദം നിലനിൽക്കുമ്പോഴാണ് ദയനീയമായ മറ്റൊരു മുഖം പൊതുവിദ്യാഭ്യാസത്തെ ചൂഴ്ന്ന് നിൽക്കുന്നുവെന്ന് സമൂഹം തിരിച്ചറിയുന്നത്. ഒരു വശത്ത് സ്മാർട്ടായ സ്വകാര്യ സ്വാശ്രയ പഞ്ചനക്ഷത്ര വിദ്യാലയങ്ങൾ. മറുവശത്ത്, പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ, വൃത്തിഹീനമായ അന്തരീക്ഷങ്ങളിൽ, പാമ്പുകളുടെ മാളങ്ങളിൽ ക്ലാസു നടത്താൻ നിർബന്ധിതമായ സർക്കാർ വിദ്യാലയങ്ങൾ. കൊടിയ അസമത്വം. ഈ സമൂഹത്തിലെ വർഗ വിഭജിത ഭരണകൂടം എത്ര വലിയ അനീതി പൗരന്മാരോട് കാട്ടുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് പൊതുവിദ്യാലയ സ്ഥിതിയും ഷഹ്‌ലയുടെ മരണവും.

അപ്പോൾ, ഷഹ്‌ലയുടെ മരണത്തിന് ഉത്തരവാദികൾ ആരൊക്കെയാണ്? പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥക്ക് കാരണക്കാരായവർ, രോഗാതുരമായ ആരോഗ്യമേഖലയുടെ നടത്തിപ്പുകാർ, കുറ്റകരമായ അനാസ്ഥ കാട്ടിയ അധ്യാപകർ, ജീർണമായ സാമൂഹിക സാഹചര്യങ്ങൾ. അങ്ങനെ വരുമ്പോൾ, പരിഹാരം അടിത്തട്ടിൽ നിന്ന് ആരംഭിക്കണം. വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലെ നയങ്ങൾ പൊളിച്ചെഴുതണം. കരുണയും മനുഷ്യത്വവുമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള ഉദ്യമങ്ങൾ, സാമൂഹിക മാറ്റത്തിനായുള്ള വലിയ പരിശ്രമങ്ങളിലൂടെ, നിരന്തരം സൃഷ്ടിക്കപ്പെടണം. സർഗാത്മകമായ രാഷ്ട്രീയ മുന്നേറ്റത്തിലൂടെ വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും നടമാടുന്ന അനാരോഗ്യ പ്രവണതകൾ തടയപ്പെടണം. ഷഹ്‌ല ഷെറിന്റെ ദാരുണാന്ത്യം വിദ്യാഭ്യാസ കേരളത്തിന്റെ കണ്ണുകൾ ഒരിക്കൽക്കൂടി തുറപ്പിക്കട്ടെ.

---- facebook comment plugin here -----

Latest