Connect with us

Editorial

അക്ഷരാഭ്യാസം മാത്രം പോരാ, മനുഷ്യത്വവും വേണം

Published

|

Last Updated

അതീവ ഗുരുതരമാണ് സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ഷഹ്‌ല ഷെറിൻ ക്ലാസ് മുറിയിൽ നിന്നു പാമ്പുകടിയേറ്റു മരിച്ച സംഭവം. അധ്യാപകന്റെയും ആശുപത്രി അധികൃതരുടെയും കൃത്യവിലോപമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് പിതാവ് പറയുന്നത്. ബുധനാഴ്ച ഉച്ചക്കു ശേഷം രണ്ടാമത്തെ പീരിയഡിൽ മൂന്നേകാലോടെയാണ് ഷഹ്‌ലയെ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിച്ചത്. ഉടനെ തന്നെ ഷഹ്്ലയും സഹപാഠികളും അധ്യാപകരെ വിവരമറിയിക്കുകയും ആശുപത്രിയിൽ കൊണ്ടു പോകണമെന്നു ആവശ്യപ്പെടുകയും ചെയ്തിട്ടും ക്ലാസ് അധ്യാപകൻ അനങ്ങിയില്ല. പാമ്പുകടിയേറ്റു ചോരയൊലിക്കുന്ന, ക്ലാസിനു പുറത്ത് കസേരയിലിരുത്തിയ അവൾ തളർന്നു വിറച്ചു കരഞ്ഞിട്ടും അധ്യാപകന്റെ മനസ്സലിഞ്ഞില്ലെന്നു സഹപാഠികൾ പറയുന്നു.

മാതാപിതാക്കളെ പോലെ തന്നെ വിദ്യാർഥികളുടെ രക്ഷാകർതൃത്വം അർപ്പിതമാണ് അധ്യാപകരിലും. കുട്ടികളുടെ പഠന കാര്യത്തിൽ മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട് അധ്യാപകർ. സ്‌കൂളിൽ നിന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് യഥാസമയം ചികിത്സിക്കാൻ അവർ ബാധ്യസ്ഥരാണ്. തങ്ങളുടെ സ്വന്തം കുട്ടികളെയെന്ന പോലെ അവർ വിദ്യാർഥികളെയും കാണണം. അതിന് കഴിയാത്തവർ അധ്യാപക വൃത്തിക്ക് അർഹരല്ല. അധ്യാപകർ ഈ കടമകൾ യഥോചിതം നിർവഹിക്കുമെന്നും അവർ മനുഷ്യപ്പറ്റുള്ളവരാണെന്നും തങ്ങളുടെ കുട്ടികൾ വിദ്യാലയങ്ങളിൽ സുരക്ഷിതരായിരിക്കുമെന്നുമുള്ള വിശ്വാസത്തോടെയാണ് മാതാപിതാക്കൾ പഠനത്തിനയക്കുന്നത്. തന്റെ കൺമുമ്പിലിരിക്കുന്ന ഒരു കുട്ടിയെ പാമ്പുകടിച്ചെന്നറിഞ്ഞിട്ടും അത് നിസ്സാര ഭാവത്തിൽ അവഗണിക്കാൻ എങ്ങനെയാണ് ഉത്തരവാദിത്വ ബോധമുള്ള ഒരധ്യാപകന് സാധിക്കുക?

പാമ്പുകടി അതീവ ഗുരുതരമായ പ്രശ്‌നമാണെന്നും ഒട്ടും സമയം കളയാതെ ചികിത്സ നൽകിയില്ലെങ്കിൽ കടിയേറ്റവരുടെ ജീവൻ അപകടത്തിലാണെന്നും അറിയാത്തവരല്ല അധ്യാപകർ. കുട്ടിയോട് അൽപ്പമെങ്കിലും കരുണയുണ്ടെങ്കിൽ, അധ്യാപകന്റെ മനസ്സിൽ മനുഷ്യത്വത്തിന്റെ അംശം അൽപ്പമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ഉടനെ അയാൾ കുട്ടിയെയുമായി അടുത്ത ചികിത്സാ കേന്ദ്രത്തിലേക്ക് കുതിക്കാതിരിക്കില്ല. സകൂളിന് ഒരു കിലോമീറ്റർ അകലെ ആശുപത്രികളുണ്ട്. കുട്ടിയെ പെട്ടെന്നു ആശുപത്രിയിലെത്തിക്കാൻ അധ്യാപകരുടെ വണ്ടികളുമുണ്ട് യഥേഷ്ടം സ്‌കൂൾ കോമ്പൗണ്ടിൽ. എന്നിട്ടും പാമ്പുകടിയേറ്റു രക്തം വരുന്ന മുറിവ് വെള്ളമൊഴിച്ചു കഴുകി, അതോടെ തീർന്നു തന്റെ ഉത്തരവാദിത്വമെന്ന മട്ടിൽ വെറുതേ ഇരിക്കുകയാണ് അധ്യാപകർ ചെയ്തതെന്നും ആശുപത്രിയിൽ കൊണ്ടു പോകാൻ കൽപ്പറ്റ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന കുട്ടിയുടെ പിതാവ് വരുന്നത് വരെ കാത്തിരുന്നുവെന്നുമാണ് കുട്ടിയുടെ ബന്ധുക്കളുടെ മൊഴി.

ചികിത്സയുടെ കാര്യത്തിൽ ക്ലാസ് അധ്യാപകൻ കാണിച്ച കൊടും അനാസ്ഥ ഷഹ്‌ലയുടെ സഹപാഠികളും മാധ്യമങ്ങളുടെ മുമ്പാകെ വിവരിക്കുകയുണ്ടായി. ഷഹ്‌ലയുടെ ക്ഷീണവും അവശതയും കണ്ടറിഞ്ഞ മറ്റൊരധ്യാപിക ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും ക്ലാസ് അധ്യാപകൻ സമ്മതിച്ചില്ലെന്നും സഹപാഠികൾ വെളിപ്പെടുത്തി. ബന്ധുക്കളുടെ മൊഴികൾ കേവലം ആരോപണങ്ങളെന്നു പറഞ്ഞു അധ്യാപകർക്കു ഒഴിഞ്ഞു മാറാനായേക്കാം. എന്നാൽ കുഞ്ഞിളം മനസ്സുകൾ തങ്ങളുടെ അധ്യാപകരെക്കുറിച്ചു വെറുതേ ആരോപണമുന്നയിക്കാൻ മുന്നോട്ട് വരികയില്ലല്ലോ. തങ്ങളുടെ സങ്കടവും ദുഃഖവും സഹപാഠി ചികിത്സ ലഭിക്കാതെ മരിക്കാനിടയായതിന്റെ രോഷവുമാണ് അവർ ഇതിലൂടെ പ്രകടിപ്പിച്ചത്.

ഷഹ്‌ലയുടെ സ്ഥാനത്ത് അധ്യാപകന്റെ സ്വന്തം കുട്ടിക്കായിരുന്നു പാമ്പു കടിയേറ്റതെങ്കിൽ ഇതാകുമായിരുന്നോ അവസ്ഥ. എത്രയും പെട്ടെന്നു തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പാമ്പുകടിക്കുള്ള പ്രതിരോധ മരുന്നായ ആന്റിവെനം നൽകുകയും ചെയ്യുമെന്നതിൽ സന്ദേഹമില്ല. ആരാന്റെ കുട്ടിയല്ലേ അങ്ങനെയൊക്കെ മതി എന്ന നിലപാട് ഇത്തരം സന്ദർഭങ്ങളിൽ ഒരു അപരിചിതനിൽ നിന്നു പോലും പൊറുപ്പിക്കാവതല്ല. ഒരു അധ്യാപകനിൽ നിന്നു വിശേഷിച്ചും. മനുഷ്യത്വം മരവിച്ച ഇത്തരക്കാർ അധ്യാപക സമൂഹത്തിനും വിദ്യാഭ്യാസ മേഖലക്കും നാണക്കേടും അപമാനവുമാണ്.

ടെക്സ്റ്റ് ബുക്കുകൾ പഠിപ്പിക്കാനുള്ള കഴിവ് മാത്രം പോരാ, മനുഷ്യത്വവും കാരുണ്യബോധവും കൂടി വേണം അധ്യാപകർക്ക്. അത്തരക്കാരുമുണ്ട് അധ്യാപക സമൂഹത്തിൽ. വിദ്യാർഥികളുടെ സുഖദുഃഖങ്ങളിൽ പങ്കാളികളാവുകയും സ്‌കൂളിൽ വെച്ചു അസുഖം ബാധിച്ചാൽ സ്വന്തം കീശയിൽ നിന്ന് പണമെടുത്തു ചികിത്സിക്കുകയും ചെയ്യുന്ന മനുഷ്യത്വമുള്ള ഗുരുവര്യന്മാർ നിരവധിയുണ്ട്. അവർക്കു കൂടി ചീത്തപ്പേരു വരുത്തിവെക്കുകയാണ് ബത്തേരി ഹയർ സെക്കൻഡറി സ്‌കൂളിലെ വിവാദ പുരുഷൻ. വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണെങ്കിലും ഇയാളെയും ചികിത്സയിൽ വീഴ്ച വരുത്തിയ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടറെയും സസ്‌പെൻഡ് ചെയ്ത നടപടി സ്വാഗതാർഹമാണ്. എന്നാൽ സസ്‌പെൻഷനിൽ ഒതുങ്ങരുത് ഇവർക്കെതിരെയുള്ള നടപടി. മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നത് വരെ നിയമം അവരെ പിന്തുടരേണ്ടതുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം ഹൈടെക്കാക്കിക്കൊണ്ടിരിക്കയാണ് സർക്കാർ. കോടികൾ ഇതിനായി ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്. ഇതിനിടയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, സുരക്ഷിതത്വ ബോധത്തോടെ കുട്ടികൾക്ക് ക്ലാസുകളിൽ ഇരിക്കാൻ പറ്റാത്ത ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളുടെ കാര്യം സൗകര്യപൂർവം വിസ്മരിക്കുന്നു. സ്‌കൂളുകളിൽ ഹിംസ്രജന്തുക്കൾ താമസിക്കുന്ന മാളങ്ങളുണ്ടോയെന്നു കണ്ടെത്തി അത് അടയ്‌ക്കേണ്ടത് പി ടി എയാണെന്നു പറഞ്ഞു ഒഴിഞ്ഞു മാറാനാകില്ല ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക്. സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനം ചെയ്യലും മാത്രമല്ല ഭരിക്കുന്നവരുടെ ജോലി. വിദ്യാർഥികൾക്ക് ഭീതിരഹിതമായ പഠനത്തിനുള്ള അവസരം ഉറപ്പു വരുത്തേണ്ടതും അവരുടെ ബാധ്യതയാണ്.

Latest