Connect with us

Ongoing News

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കം: ഫഡ്‌നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപി-എന്‍സിപി സഖ്യ സര്‍ക്കാര്‍. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.എന്‍ സി പിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ശിവസേന-എന്‍ സി പി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്നും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് രാവിലെ എട്ട് മണിയോടെ ബിജെപിയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസത്തിലധികം മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. വെള്ളിയാഴ്ചയോടെ ബി ജെ പി ഇതര, ത്രികക്ഷിസര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയാവുകയും ചെയ്തു. മൂന്ന് കക്ഷികളും ചേര്‍ന്ന് ഇക്കാര്യം പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. സംയുക്തപ്രഖ്യാപനത്തിനായി രാവിലെ പത്രസമ്മേളനം വിളിക്കുമെന്നും ശരത്‌ പവാര്‍ ഇന്നലെ രാത്രി അറിയിച്ചിരുന്നു. പവാറിന്റെ വാക്കുകള്‍ക്ക് ഒരു രാത്രിയുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ.

എന്‍ സി പി നേതാവും ശരത്‌ പവാറിന്റെ അടുത്ത ബന്ധുവുമായ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി ബിജെപി നടത്തിയ നീക്കമാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത്. എന്‍ സി പിയുടെ എന്‍ ഡി എയിലേക്കുള്ള മാറ്റം ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ ഏറെ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി അവര്‍ക്ക് ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest