ഷഹ്‌ല, നിന്നെ കൊലക്ക് കൊടുത്തവർക്ക് മാപ്പില്ല #അടിവര Ep-8 | SIRAJLIVE

Posted on: November 23, 2019 1:03 am | Last updated: November 23, 2019 at 1:03 am

ഈ കുട്ടികള്‍ പറയുന്ന ഓരോ വാക്കുകളും സാക്ഷര കേരളത്തിന്റെ നെഞ്ചിലേക്കാണ് കുത്തിയിറങ്ങുന്നത്. അവശ്യസൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ ആ സ്‌കൂള്‍ അധികൃതര്‍ അലംഭാവം കാണിച്ചിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ടോയ്‌ലെറ്റുകളില്‍ അവശ്യ സൗകര്യമൊരുക്കാനോ ക്ലാസ്മുറികളിലെ അപകടകരമായ സാഹര്യങ്ങള്‍ ഇല്ലാതാക്കുവാനോ പരിസരത്തെ കാടുകള്‍ നീക്കം ചെയ്ത് കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുവാനോ അവര്‍ തയ്യാറായിരുന്നില്ല. അത്യന്തം മോശമായ ആ ക്ലാസ്മുറിയില്‍ ചെരിപ്പിടാന്‍ പോലും കുട്ടികള്‍ക്ക് അനുവാദമില്ലായിരുന്നുവത്രെ. കുട്ടികളെ വൃത്തിയും ശുദ്ധിയും പരിശീലിപ്പിക്കേണ്ടതും ക്ലാസ് മുറി വൃത്തിയായി സൂക്ഷിക്കേണ്ടതും ആവശ്യം തന്നെ. പക്ഷേ അതിനുമാത്രം വൃത്തിയുള്ള ഒരു ക്ലാസ്മുറി അവിടെ ഒരുക്കിയിട്ട് വേണമായിരുന്നു ഈ നിയമങ്ങള്‍ പാസ്സാക്കുവാന്‍. ഷഹലാ ഷെറിന്റെ വേര്‍പാടിന്റെ വേദനക്കിടയിലും അഭിമാനം തോന്നുന്നത് അവളുടെ സഹപാഠികളെ ഓര്‍ത്താണ്.

തങ്ങളില്‍ ഒരുവളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ സധൈര്യം പ്രതികരിക്കുവാന്‍ ആ കുരുന്നുകള്‍ കാണിച്ച മിടുക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കാര്യങ്ങള്‍ കൃത്യവും വ്യക്തവുമായി പറയുവാനുള്ള ഭാഷാ ശേഷി പോലും അവര്‍ ഈ ഇളം പ്രായത്തില്‍ കൈവരിച്ചിരിക്കുന്നു. ഇങ്ങനെയുള്ള മിടുക്കരായ കുട്ടികളെ പാമ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ അധ്യാപകരെ നിങ്ങള്‍ക്ക് എങ്ങിനെ സാധിക്കുന്നു? ഇനിയെങ്കിലും നമ്മള്‍ കണ്ണുതുറക്കണം. ഷഹല ഷെറിനുണ്ടായ ദുരന്തം ഇനിയും മറ്റൊരു കുട്ടിക്ക് സംഭവിക്കാതിരിക്കട്ടെ.. അതിനായി നമുക്ക് പ്രാര്‍ഥിക്കാം.