ആദ്യ ദിനം ഇന്ത്യ മൂന്നിന് 174, 68 റൺസ് ലീഡ്‌

Posted on: November 22, 2019 11:42 pm | Last updated: November 22, 2019 at 11:42 pm


കൊൽക്കത്ത | ഈഡൻ ഗാർഡൻസിലെ കന്നി ഡേ- നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. സ്കോർ: ബംഗ്ലാദേശ്- 106/ ആൾ ഔട്ട് ( 30.3). ഇന്ത്യ: 174/3.
മത്സരത്തിൽ 68 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യ 106 റൺസിന് ആൾഔട്ടാക്കിയിരുന്നു.

മയാംഗ് അഗർവാൾ(14), രോഹിത് ശർമ(21) എന്നിവരുടെ വിക്കറ്റുകൾ വീണ ശേഷം മൂന്നാം വിക്കറ്റിൽ ചേതേശ്വർ പുജാരയും വിരാട് കോലിയും ചേർന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 94 റൺസ് മൂന്നാം വിക്കറ്റിൽ നേടിയ കൂട്ടുകെട്ടിനെ എബാദത്ത് ഹൊസൈനാണ് തകർത്തത്.
നാലാം വിക്കറ്റിൽ 37 റൺസ് നേടി വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് ഒന്നാം ദിവസം കളി നിർത്തുമ്പോൾ ക്രീസിലുള്ളത്.
76 പന്തിൽ ഏഴ് ഫോറുകൾ സഹിതമാണ് കോലിയുടെ 55ാം ടെസ്റ്റ് അർധസെഞ്ച്വറി. 93 പന്തിൽ എട്ട് ഫോർ സഹിതമാണ് പൂജാരയുടെ 24ാം ടെസ്റ്റ് അർധസെഞ്ച്വറി. 43 റൺസിനിടെ ഓപ്പണർമാരെ നഷ്ടമാക്കിയ ഇന്ത്യക്ക് മൂന്നാം വിക്കറ്റിൽ കോലി– പൂജാര സഖ്യം പടുത്തുയർത്തിയമികച്ച സ്കോർ സമ്മാനിച്ചു.

നേരത്തെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് തുടരെത്തുടരെ വിക്കറ്റുകൾ വീണ് തകർന്നടിയുകയായിരുന്നു. ഇശാന്ത് ഷർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ പേസ് ബോളർമാരാണ് ബംഗ്ലദേശിനെ തകർത്തെറിഞ്ഞത്.
ഇന്ത്യൻ പേസ് ത്രയം ഈഡൻ ഗാർഡൻസ് അടക്കിവാണതോടെ ബംഗ്ലദേശ് നിരയിൽ രണ്ടക്കത്തിലെത്തിയത് മൂന്നു പേർ മാത്രം. 52 പന്തിൽ അഞ്ച് ഫോർ സഹിതം 29 റൺസെടുത്ത ഓപ്പണർ ഷദ്മാൻ ഇസ്‌ലാമാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ഇഷാന്ത് ശർമ 12 ഓവറിൽ 22 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ഉമേഷ് യാദവ് ഏഴ് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നും മുഹമ്മദ് ഷമി 10.3 ഓവറിൽ 36 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. മത്സരത്തിനിടെ പരുക്കേറ്റ് മടങ്ങിയ ലിട്ടൺ ദാസ് (27 പന്തിൽ 24), നയീം ഹസൻ (28 പന്തിൽ 19 എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടുപേർ.
ഓപ്പണർ ഇമ്രുൽ കയേസ് (നാല്), ക്യാപ്റ്റൻ മോമിനുൽ ഹഖ് (പൂജ്യം), മുഹമ്മദ് മിഥുൻ (പൂജ്യം), മുഷ്ഫിഖുർ റഹിം (പൂജ്യം), മഹ്മൂദുല്ല (ആറ്), എബാദത്ത് ഹുസൈൻ (ഒന്ന്), ലിട്ടൻ ദാസിനു പകരം ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ മെഹ്ദി ഹസൻ (എട്ട്), അബു ജായേദ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അൽ അമീൻ ഹുസൈൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിലെ മുഖ്യ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒരു ഓവർ പോലും ബോൾ ചെയ്തില്ലെന്നത് ശ്രദ്ധേയമായി. ആദ്യ ടെസ്റ്റ് തോറ്റ ബംഗ്ലദേശ് പരമ്പരയിൽ 1–0ന് പിന്നിലാണ്. നാട്ടിൽ തുടർച്ചയായ 12ാം പരമ്പര വിജയമാണ് ഈ ടെസ്റ്റിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.