ഭര്‍ത്താവിനെ കൊന്നു കുഴിച്ചിട്ട യുവതി മുകളില്‍ അടുക്കള പണിതു

Posted on: November 22, 2019 10:22 pm | Last updated: November 23, 2019 at 11:28 am

ഭോപ്പാല്‍ | സഹോദരന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി മൃതദേഹം കുഴിച്ചിട്ട ശേഷം മുകളില്‍ അടുക്കള പണിതു. മധ്യപ്രദേശിലെ കരോണ്ടി ഗ്രാമത്തിലാണ് സംഭവം. 35 കാരനായ മഹേഷ് ബനവാലിനെയാണ് ഭാര്യ പ്രമീള കൊലപ്പെടുത്തിയത്. ഇതേ അടുക്കളയില്‍ ഒരു മാസത്തോളം ഇവര്‍ ആഹാരം പാചകം ചെയ്യുകയും ചെയ്തു.

ഒക്ടോബര്‍ 22നാണ് അഭിഭാഷകനായ മഹേഷ് ബനവാലിനെ കാണാതായത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പ്രമീള പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് മഹേഷിന്റെ മൂത്ത സഹോദരന്‍ അര്‍ജുന്‍ ബന്‍വാല്‍ പോലീസിനെ സമീപിച്ചു. മഹേഷിനെ കാണാതായതോടെ താനടക്കമുള്ള ബന്ധുക്കള്‍ മഹേഷിന്റെ വീട്ടിലെത്തിയെങ്കിലും അകത്തു കയറാന്‍ പ്രമീള സമ്മതിച്ചില്ലെന്ന് അര്‍ജുന്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ അര്‍ജുന്‍ വീണ്ടും പരാതിയുമായി പോലീസിനെ കണ്ടു. പോലീസ് മഹേഷിന്റെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

മഹേഷിന്റെ മറ്റൊരു സഹോദരന്‍ ഗംഗാറാം ബന്‍വാലിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി മൊഴി നല്‍കി. മഹേഷിന് ഗംഗാറാമിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ താനും ഗംഗാറാമും ചേര്‍ന്ന് മഹേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നുമാണ് ഇവര്‍ പറഞ്ഞത്. അതേസമയം, ഗംഗാറാം ആരോപണം നിഷേധിച്ചു.