Connect with us

International

മൂത്രം വായ കൊണ്ട് വലിച്ചെടുത്തു; വിമാന യാത്രക്കിടെ വയോധികന്റെ രക്ഷകനായി ഡോക്ടര്‍

Published

|

Last Updated

ബീജിംഗ് | മരണം മുന്നില്‍ കാണുന്ന മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എന്ത് ത്യാഗം സഹിക്കാനും തയ്യാറാകുന്നവരാണ് ഡോക്ടര്‍മാര്‍. ചൈനയില്‍ നിന്നുള്ള അത്തരമൊരു ഡോക്ടറാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിമാനയാത്രക്കിടെ ഗുരുതരാവസ്ഥയിലായ വയോധികന്റെ മൂത്രം വായകൊണ്ട് വലിച്ചെടുത്ത് ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ഡോക്ടര്‍ ഴാംഗ്.

ചൈനാ സതേണ്‍ എയര്‍വെയ്സിന്റെ ഗ്യാങ്ഷുവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ദീര്‍ഘദൂര യാത്രക്കിടെയാണ് യാത്രക്കാരിലൊരാള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായത്.
മൂത്ര സഞ്ചിയില്‍ ഒരുലിറ്ററിനടുത്ത് മൂത്രം കെട്ടിക്കിടക്കുന്നുണ്ടെന്ന് തന്റെ പരിശോധനയില്‍ ബോധ്യപ്പെട്ട ഡോക്ടര്‍ മൂത്രം പമ്പ് ഉപയോഗിച്ച് വായകൊണ്ട് വലിച്ചെടുക്കുകയായിരുന്നു. 30 മിനിറ്റിനുള്ളില്‍ 800 മില്ലി ലിറ്ററോളം മൂത്രം ഡോക്ടര്‍ വലിച്ചെടുത്തു.

മൂത്രമൊഴിക്കാന്‍ കഴിയാതെ അസ്വസ്ഥനായ യാത്രക്കാരന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ക്യാബിന്‍ ക്രൂവിനെ അറിയിച്ചു. ഉടനെ രോഗിക്ക് കിടക്ക ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ക്യാബിന്‍ ക്രൂ യാത്രക്കാരില്‍ ഡോക്ടറുണ്ടെങ്കില്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു രക്ഷകനായി ഡോ. ഴാംഗ് എത്തിയത്.

എത്രയും വേഗം മൂത്രം ഒഴിവാക്കിയില്ലെങ്കില്‍ രോഗിക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമായിരുന്നുവെന്ന് ഡോക്ടര്‍ പിന്നീട് അറിയിച്ചു. താന്‍ ഡോക്ടര്‍ എന്ന തന്റെ ജോലി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിനുള്ളിലെ ഓക്സിജന്‍ മാസ്‌ക്, സിറിഞ്ച് സൂചി, പാല്‍ കുപ്പിയുടെ കുഴല്‍, ടേപ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ഡോക്ടര്‍ നിമിഷ നേരം കൊണ്ട് മൂത്രം പുറത്തെടുക്കാനുള്ള സംവിധാനമുണ്ടാക്കിയത്. സിറിഞ്ച് ഉപയോഗിച്ച് മൂത്രം പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് വായകൊണ്ട് വലിച്ചെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. മൂത്രം ഒഴിവായതോടെ രോഗിയുടെ അസ്വസ്ഥത മാറി. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ആശുപത്രിയില്‍ കാണിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു.

Latest