ക്രിക്കറ്റ് ബാറ്റ് തലയിലിടിച്ച് ആറാം ക്ലാസുകാരന്‍ മരിച്ചു

Posted on: November 22, 2019 4:44 pm | Last updated: November 22, 2019 at 4:44 pm

മാവേലിക്കര | സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കിടെ കൈവിട്ട ബാറ്റ് തലയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ചാരുംമൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ് മരിച്ചത്.

ബാറ്റായി ഉപയോഗിച്ച തടിക്കഷ്ണം മറ്റൊരു കുട്ടിയുടെ കയ്യില്‍ നിന്ന് തെറിച്ച് നവനീതിന്റെ തലയില്‍ പതിക്കുകയായിരുന്നു. ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിനടുത്തേക്ക് നടന്ന നവനീതിന്റെ തലയുടെ പിന്നിലാണ് ബാറ്റ് കൊണ്ടത്. കളിക്കിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് ഉടന്‍തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു. മൃതദേഹം കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.