Connect with us

National

മഹാരാഷ്ട്രയിൽ അന്തിമ ധാരണ; ഇന്ന് നിർണായകം

Published

|

Last Updated

 

ഡൽഹിയിൽ നടന്ന എൻ സി പി- കോൺഗ്രസ് യോഗം

മുംബൈ | നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഒരു മാസക്കാലമായി മഹാരാഷ്ട്രയിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയെ സംബന്ധിച്ച് ഇന്ന് നിർണായക ദിവസം. ശിവസേനയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ മാരത്തൺ ചർച്ചകൾക്കൊടുവിൽ എൻ സി പിയും കോൺഗ്രസും പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നൽകി. ഈ പൊതുമിനിമം പരിപാടി ആശയപരമായി ഭിന്ന ചേരിയിലുള്ള ശിവസേന അംഗീകരിക്കുക എന്നതാണ് ഏറെ നിർണായകം. ഇതിനായി കോൺഗ്രസ്- എൻ സി പി പ്രതിനിധികൾ ഇന്ന് ശിവസേനാ നേതൃത്വവുമായി ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

ബുധനാഴ്ച നടന്ന എൻ സി പി- കോൺഗ്രസ് ചർച്ചകൾ ഇന്നലെയും ഡൽഹിയിൽ തുടർന്നു. ശരത് പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും എൻ സി പി നേതാവ് നവാബ് മാലിക്കും മാധ്യമങ്ങളെ കണ്ടു. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇരു പാർട്ടികളും ഏകസ്വരത്തിലുള്ള തീരുമാനത്തിലെത്തിയെന്നും ഇക്കാര്യങ്ങൾ ഇന്ന് മുംബൈയിൽ വെച്ച് ശിവസേനയുമായി ചർച്ച ചെയ്യുമെന്നും ചവാൻ പറഞ്ഞു. ഡിസംബറിന് മുന്പ് തന്നെ പുതിയ സഖ്യ സർക്കാർ യാഥാർഥ്യമാകുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.

ആശയപരമായി മറുപക്ഷത്ത് നിൽക്കുന്ന ശിവസേനയുമായുള്ള കൂട്ടുകെട്ട് കരുതലോടെയാണ് കോൺഗ്രസും എൻ സി പിയും ആസൂത്രണം ചെയ്യുന്നത്. പഴുതുകളില്ലാത്ത പൊതുമിനിമം പരിപാടിയുമായാകും ഇന്ന് അവർ ശിവസേനാ നേതൃത്വത്തെ കാണുക. മുഖ്യമന്ത്രിപദം പങ്കിടുന്നതിൽ പൊതുവേ ശിവസേനക്ക് താത്പര്യമില്ല. എന്നാൽ, പങ്കിടുക എന്ന് മാത്രമല്ല, ആദ്യ രണ്ടര വർഷം മുഖ്യമന്ത്രിക്കസേര എൻ സി പിക്ക് ലഭിക്കണം എന്നതാണ് കോൺഗ്രസിന്റെയും എൻ സി പിയുടെയും നിലപാട്. അങ്ങനെയെങ്കിൽ ശരത് പവാർ തന്നെ മുഖ്യമന്ത്രിയായേക്കും. ശരത് പവാറിന്റെ മകൾ സുപ്രിയ സുലെയുടെയും മരുമകൻ അജിത് പവാറിന്റെയും പേരുകളും പരിഗണിച്ചേക്കും.

ശിവസേനാ പക്ഷത്ത് നിന്ന് ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിപദത്തിൽ വരണമെന്നാണ് കോൺഗ്രസും ശിവസേനയും ആഗ്രഹിക്കുന്നത്. രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകണമെന്നും അതിലൊന്ന് കോൺഗ്രസിൽ നിന്നായിരിക്കണമെന്നുമാണ് മറ്റൊരു നിർദേശം. മന്ത്രിസഭയില്‍ ശിവസേനക്ക് 16, എൻ സി പിക്ക് 15, കോൺഗ്രസിന് 12 അംഗങ്ങളുണ്ടാകുമെന്നാണ് സൂചന. പൊതുമിനിമം പരിപാടിയിൽ കോൺഗ്രസ് താത്പര്യപ്പെടുന്നത് പോലെ “മതേതരം” എന്ന ആശയം ശിവസേനക്ക് എത്ര മാത്രം സ്വീകാര്യമാകും എന്നതും പ്രധാനമാണ്.

അതേസമയം, കോൺഗ്രസും എൻ സി പിയുമായി ചേർന്നുള്ള സർക്കാർ ഉടൻ യാഥാർഥ്യമാകുമെന്നാണ് ഇന്നലെയും ശിവസേനാ നേതാവ് സഞ്ജയ് റൌത്ത് പ്രതികരിച്ചത്. മൂന്ന് പാർട്ടികളിലെയും എം എൽ എമാർ ഒപ്പിട്ട കത്ത് നാളെ തന്നെ ഗവർണർ ഭഗത് സിംഗ് കോശ്യാരിക്ക് കൈമാറുമെന്നും റൌത്ത് പറഞ്ഞു. മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അത് വലിയ പ്രശ്നമായി ഉയർന്നുവരുമെന്ന് കരുതുന്നില്ലെന്നും റൌത്ത് കൂട്ടിച്ചേർത്തു.
ശിവസേനാ നേതാക്കൾ ഇന്ന് മുംബൈയിൽ ഉദ്ധവ് താക്കറെയുടെ വസതിയിൽ യോഗം ചേരുന്നുണ്ട്.
അതിനിടെ, മുഴുവൻ ശിവസേനാ എം എൽ എമാരെയും രാജസ്ഥാനിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കോൺഗ്രസിന്റെ 44 എം എൽ എമാരെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.