Connect with us

National

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം യഥാര്‍ഥ്യത്തിലേക്ക്; അടുത്ത ആഴ്ച അധികാരമേറ്റേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്ന് 28 ദിവസം നീണ്ട കരുനീക്കങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിയെ പുറംന്തള്ളി മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം അധികാരത്തിലേക്ക്. ഒരു പകല്‍ മുഴുവന്‍ ഇന്ന് ഡല്‍ഹിയില്‍ എന്‍ സി പി- കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള ഫോര്‍മുല തയ്യാറായാത്. ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ നാളെ മുംബൈയില്‍ ശിവസേന നേതാക്കളുമായി അവസാനഘട്ട ചര്‍ച്ച നടത്തും. തുടര്‍ന്ന് ഗവര്‍ണറെകണ്ട് സര്‍കാര്‍ രൂപവത്ക്കരിക്കാന്‍ അവകാശവാദം ഉന്നയിക്കാനാണ് ധാരണ. അടുത്ത ആഴ്ച മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നാം തീയ്യതിക്ക് മുമ്പ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ശിവേസന വക്താവ് പ്രതികരിച്ചു.

മഹാവികാസ് അഖാഡി എന്ന പേരിലായിരിക്കും സഖ്യം അറിയപ്പെടുക. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും ഭരണം. ശിവസേന രാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരുന്ന മറാത്ത പ്രാദേശിക വാദം സഖ്യത്തിന്റെ പൊതുമിനിമം അജന്‍ഡയിലുണ്ടാകില്ല. മതനിരപേക്ഷമായിരിക്കും സഖ്യത്തിന്റെ മുഖമുദ്ര. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നത് അടക്കമുള്ള വിഷയങ്ങള്‍ പൊതുമിനിമം പരിപാടിയിലുണ്ടാകും.

മുഖ്യമന്ത്രിയടക്കം 40 അംഗ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുക. 39 മന്ത്രിമാരില്‍ 56 എം എല്‍ എമാരുള്ള ശിവസേനക്ക് 14 മന്ത്രിമാരുണ്ടാകും. 54 എം എല്‍ എമാരുള്ള എന്‍ സി പിക്ക് 14 മന്ത്രിമാരും 44 എം എല്‍ എമാരുള്ള കോണ്‍ഗ്രസിന് 11 മന്ത്രിമാരുമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എന്‍ സി പിയും പങ്കിടും. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കും.

എന്നാല്‍ ആദ്യം ആര് മുഖ്യമന്ത്രി എന്നത് തീരുമാനമായിട്ടില്ല. ശിവസേനയും എന്‍ സിപിക്കും താത്പര്യമുണ്ട്. നാളത്തെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ശിവസേനയുടെ മുഖ്യമന്ത്രി ആരാണെന്ന് ഇത് വരെ തീരുമാനമായിട്ടില്ല. ആദിത്യ താക്കറെ മുഖ്യമന്ത്രിയാവുന്നതിനോട് എന്‍ സി പിക്കും കോണ്‍ഗ്രസിനും വിയോജിപ്പുണ്ട്. ഉദ്ദവ് താക്കറേ മുഖ്യമന്ത്രിയാവണമെന്നാണ് ഇരുപാര്‍ട്ടികളുടേയും ആവശ്യം. നാളത്തെ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ്, എന്‍ സി പി നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചേക്കും. എന്‍ സി പിയുടെ മുഖ്യമന്ത്രിയായി ശരത് പവാറിന്റെ മകളായ സുപ്രിയ സുലേയുടെ പേരാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ മുമ്പില്‍. ഇക്കാര്യം ശിവസേന അംഗീകരിച്ച് ആദ്യം മുഖ്യമന്ത്രിയാകാന്‍ എന്‍ സി പിക്ക് അവസരം ലഭിച്ചാല്‍ മാഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന് ലഭിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്ത് അശോക് ചവാന്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോടെയാണ് സര്‍ക്കാര്‍ രൂപവത്ക്കരണത്തിലേക്കുള്ള അന്തിമ ശ്രമം തുടങ്ങിയത്. തീവ്രനിലപാട് പിന്തുടരുന്ന ശിവസേനയുമായി കൈകോര്‍ക്കുന്നതില്‍ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉള്‍പ്പടെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും മോദി പവാര്‍ കൂടിക്കാഴ്ചയിലെ അപകടം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നിലപാട് തിരുത്തുകയായിരുന്നു. പ്രവര്‍ത്തക സമിതിക്ക് ശേഷം എന്‍ സി പിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ചര്‍ച്ച നടത്തി. ശരദ് പവാറിന്റെ വീട്ടില്‍ മൂന്ന് മണിക്കൂര്‍ നടന്ന യോഗത്തിന് ശേഷമാണ് നാളെ ശിവസേനയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പില്‍ 105 സീറ്റ് ബി ജെ പി നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെചൊല്ലി ശിവസേനയുമായുള്ള തര്‍ക്കത്താലാണ് അവര്‍ക്ക് സര്‍ക്കാര്‍ രൂപവ്തക്കരിക്കാന്‍ കഴിയാതെ പോയത്.

Latest