Connect with us

National

മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപവത്കരണം ഉടനെന്ന് ശിവസേനയും കോണ്‍ഗ്രസും

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട തീരുമാനം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് ശിവസേന. സഖ്യ രൂപവത്കരണത്തിനായി എന്‍ സി പി, കോണ്‍ഗ്രസ് കക്ഷികളുമായി ചര്‍ച്ച നടത്തിവരികയാണ് സംസ്ഥാനത്തെ ശിവസേനാ ഘടകം. ഡിസംബര്‍ ഒന്നിനു മുമ്പ് സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള പ്രക്രിയ പൂര്‍ത്തിയാക്കും. ഇതിനുശേഷം മൂന്നു പാര്‍ട്ടികളും മുംബൈയില്‍ യോഗം ചേരും-സേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗത്ത് വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ നയരൂപവത്കരണ സമിതിയായ പ്രവര്‍ത്തക സമിതി (സി ഡബ്ല്യു സി)യുടെ യോഗം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്നതിനിടെയാണ് റൗത്തിന്റെ പ്രസ്താവന. അഹമ്മദ് പട്ടേല്‍, അദിര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍, അംബികാ സോണി തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. റൗത്തിന്റെ വാക്കുകള്‍ കെ സി വേണുഗോപാലും ആവര്‍ത്തിച്ചു. മഹാരാഷ്ട്രയിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് സി ഡബ്ല്യു സി അംഗങ്ങളെ ധരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, എന്‍ സി പി ചര്‍ച്ചകള്‍ തുടരും. വെള്ളിയാഴ്ചയോടെ മുംബൈയില്‍ ഒരു തീരുമാനമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. വേണുഗോപാലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പറഞ്ഞു.

സംസ്ഥാനത്ത് സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ്, എന്‍ സി പി മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ചയില്‍ തീരുമാനമായിരുന്നു. ശിവസേന-എന്‍ സി പി-കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഘടനയെ സംബന്ധിച്ച് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറുമായി റൗത്ത് ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. കഴിയാവുന്നത്ര വേഗത്തില്‍ സ്ഥിരതയുള്ള സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞു. പുതിയ സര്‍ക്കാറില്‍ പങ്കാളിയാകുമെന്ന് ഇതാദ്യമായാണ് കോണ്‍ഗ്രസ് ഇത്രയും ദൃഢമായി വ്യക്തമാക്കുന്നത്.

Latest