ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കും: അമിത് ഷാ

Posted on: November 20, 2019 3:14 pm | Last updated: November 20, 2019 at 10:54 pm

ന്യൂഡല്‍ഹി: അസമില്‍ നടപ്പാക്കിയത് പോലുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തില്‍ ഏതെങ്കിലും മതവിഭാഗമോ, വ്യക്തികളോടെ പരിഭ്രമിക്കേണ്ടെതില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം തടയുകയാണ് ലക്ഷ്യമെന്നും രാജ്യസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ അമിത് ഷാ പറഞ്ഞു. അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേരാണ് അതില്‍ നിന്ന് പുറത്തായത്. 3.28 കോടി പേര്‍ അപേക്ഷിച്ചപ്പോള്‍ ഇത്രയും പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത് വലിയ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചിരുന്നു.

പൗരത്വ രജിസ്റ്റര്‍നടപ്പിലാകുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. അസമില്‍ ഇത്തരം ട്രൈബ്യൂണലുകളില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പണം നല്‍കി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നു. അഭിഭാഷകനെ നിയമിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് ശേഷം ജമ്മു കശ്മീര്‍ ഇപ്പോള്‍ സാധാരണ നിലയിലെത്തിയതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.