Connect with us

Editorial

കാവിവത്കരണത്തിന്റെ പരീക്ഷണ ശാലയാകരുത് ജെ എന്‍ യു

Published

|

Last Updated

ഒരു മാസത്തോളമായി ജെ എന്‍ യു വിദ്യാര്‍ഥി സമരം തുടരുകയാണ്. സമരക്കാരെ ക്രൂരമായി മര്‍ദിച്ചും നേതാക്കളെ അറസ്റ്റു ചെയ്തും സമരം നിര്‍വീര്യമാക്കാന്‍ പോലീസും ഭരണകൂടവും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ദിനംപ്രതി സമരം ശക്തിപ്പെട്ടു വരികയാണ്. സമരത്തിന്റെ ഭാഗമായി പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പോലീസ് ലാത്തിച്ചാര്‍ജിലും അതിക്രമത്തിലും പെണ്‍കുട്ടികളും വികലാംഗരും ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പലരുടെയും പരുക്ക് ഗുരുതരമാണ്. സമരം നടന്ന പ്രദേശത്തെ വൈദ്യുതി വിളക്കുകള്‍ അണച്ചാണ് പോലീസ് വിദ്യാര്‍ഥികളെ വേട്ടയാടിയത്. ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്, ഡ്രസ്സ് കോഡ്, കര്‍ഫ്യൂ സമയം എന്നിവക്കായി വ്യവസ്ഥ ചെയ്ത ഹോസ്റ്റല്‍ മാന്വലിന്റെ കരടിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ നടത്തുന്നതിന് സ്ഥലവും പരിധിയും നിശ്ചയിക്കുക വഴി വിദ്യാര്‍ഥികളുടെ സ്വതന്ത്ര രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും കോളജ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചിരുന്നു. സമീപ കാലത്തെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനാണ് ജെ എന്‍ യു ഇപ്പോള്‍ സാക്ഷിയാകുന്നത്. ബി ജെ പിയുടെ വിദ്യാര്‍ഥി സംഘടനയായ എ ബി വി പി ഒഴികെ മറ്റെല്ലാ സംഘടനകളും സമരരംഗത്താണ്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥാപനത്തില്‍ വന്‍ ഫീസ് വര്‍ധനയാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. ഒരാള്‍ക്ക് 20 രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസ് 600 രൂപയായും രണ്ടാള്‍ക്ക് താമസിക്കാവുന്ന മുറിയില്‍ ഒരാള്‍ക്ക് പത്ത് രൂപയുണ്ടായിരുന്നത് 300 രൂപയായും വര്‍ധിപ്പിച്ചു. നാളിതുവരെ സൗജന്യമായിരുന്ന വെള്ളം, വൈദ്യുതി നിരക്കുകള്‍ ഇനി വിദ്യാര്‍ഥികള്‍ നല്‍കണം. ശുചിത്വം, പാചകം എന്നിവക്ക് മാസാന്തം 1,700 രൂപയും അടക്കണം. ജെ എന്‍ യു വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പാവപ്പെട്ടവരായതിനാല്‍ ഈ ഫീസ് വര്‍ധന ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്. സമരക്കാരെ അനുനയിപ്പിക്കാനായി രണ്ടാഴ്ച മുമ്പ് ഫീസ് വര്‍ധന ഭാഗികമായി റദ്ദാക്കുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകം പദ്ധതി കൊണ്ടുവരുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും വിദ്യാര്‍ഥികള്‍ വഴങ്ങിയില്ല. ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനം.
കേവലം ഫീസ് വര്‍ധന മാത്രമല്ല ജെ എന്‍ യുവില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പിന്നില്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ സംഘ്പരിവാര്‍ നിയന്ത്രിത അഡ്മിനിസ്‌ട്രേഷനുകള്‍ അടിച്ചേല്‍പ്പിക്കുന്ന വിദ്യാര്‍ഥിവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ്. ഫണ്ടുകള്‍, ഗ്രാന്റുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ വെട്ടിക്കുറക്കല്‍, അധ്യാപക നിയമനത്തില്‍ അക്കാദമിക് സമിതികളുടെ ശിപാര്‍ശകള്‍ തള്ളിയും മെറിറ്റ് അട്ടിമറിച്ചും സംഘ്പരിവാര്‍ സഹയാത്രികരെ തിരുകിക്കയറ്റല്‍, വിദ്യാര്‍ഥി വിരുദ്ധരായ ഏകാധിപതികളെ സര്‍വകലാശാല തലപ്പത്ത് നിയമിക്കല്‍, രാജ്യദ്രോഹക്കുറ്റം അടിച്ചേല്‍പ്പിച്ചു വിദ്യാര്‍ഥി നേതാക്കളെ വേട്ടയാടല്‍, സര്‍വകലാശാലകളുടെ അക്കാദമിക ജനാധിപത്യ അവകാശങ്ങളെ ഇല്ലായ്മ ചെയ്യല്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരം ഫാസിസ ഭരണമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയ തോതിലെങ്കിലും നിലനില്‍ക്കുന്ന ബഹുസ്വര സ്വഭാവത്തെ ഉന്മൂലനം ചെയ്തു വര്‍ഗീയ ഫാസിസത്തിന്റെ താത്പര്യാനുസാരം ചിട്ടപ്പെടുത്താനാണ് സര്‍ക്കാറിന്റെ ശ്രമം. ജെ എന്‍ യു (ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി) എന്ന പേരിനോടു പോലും സംഘ്പരിവാറിന് അലര്‍ജിയാണ്. നെഹ്‌റുവിന് പകരം നരേന്ദ്ര മോദിയുടെ പേര് നല്‍കി ജെ എന്‍ യു എന്നത് എന്‍ എം യു എന്നാക്കണമെന്ന് ഇതിനിടെ നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബി ജെ പി. എം പി ഹന്‍സ് രാജ് ആവശ്യപ്പെട്ടിരുന്നു.

വിദ്യാര്‍ഥി സമൂഹത്തിലെ വിയോജിപ്പുകളെയും സമാധാനപരമായ പ്രതിരോധങ്ങളെയും എല്ലാവിധ ഭരണകൂടോപാധികളും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും വര്‍ഗീയ ഫാസിസത്തെയും സര്‍ക്കാറിന്റെ വികല നയങ്ങളെയും വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുകയാണ് അധികൃതര്‍. വിയോജിപ്പിന്റെ ശബ്ദം മുഴക്കുന്ന വിദ്യാര്‍ഥികളെ പോലീസിനെയും എ ബി വി പിയെയും ആര്‍ എസ് എസുകാരെയും ഉപയോഗിച്ചു തല്ലിച്ചതക്കുന്നു. ജെ എന്‍ യുവിലെ പഠിതാക്കളില്‍ നല്ലൊരു പങ്കും ദളിത്, ഒ ബി സി വിഭാഗത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികളാണ്. ഫീസ് വര്‍ധനയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പഠനം നിര്‍ത്തേണ്ടി വരും. വര്‍ധനവിന്റെ പിന്നില്‍ ഇത്തരമൊരു അജന്‍ഡ കൂടിയുണ്ടോ എന്നു സംശയിക്കേണ്ടതുണ്ട്. ദളിതരും മതന്യൂനപക്ഷങ്ങളും ഉന്നത വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന തസ്തികകളിലെത്തുന്നത് ഒട്ടും ദഹിക്കാത്തവരാണല്ലോ സംഘ്പരിവാര്‍.

അന്താരാഷ്ട്രാ തലത്തില്‍ പ്രശസ്തമായ രാജ്യത്തെ ഏറ്റവും മികച്ച കലാശാലകളിലൊന്നാണ് ജെ എന്‍ യു. 2016ല്‍ മികച്ച യൂനിവേഴ്‌സിറ്റിക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡിന് അര്‍ഹമായത് ഈ സ്ഥാപനമായിരുന്നു. അന്താരാഷ്ട്ര പ്രശസ്തരായ എഴുത്തുകാരെയും ചിന്തകരെയും നൊബേല്‍ സമ്മാനം നേടിയ സാമ്പത്തിക ശാസ്ത്രജ്ഞരെയുമടക്കം രൂപപ്പെടുത്തിയ ജെ എന്‍ യുവിന്റെ സ്വതന്ത്ര സ്വഭാവവും, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പാകത്തിലുള്ള കുറഞ്ഞ ഫീസും ഇനിയും തുടരേണ്ടതുണ്ട്. വര്‍ഗീയ ഫാസിസത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത കുടുസ്സായ ചിന്താഗതിയും വികല ചിന്താഗതികളും വെച്ചു പുലര്‍ത്തുന്ന കാവിധാരികളെ പടച്ചു വിടാനുള്ള സ്ഥാപനമായി ജെ എന്‍ യു അധപ്പതിക്കരുത്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന കാവിവത്കരണത്തിന്റെയും കച്ചവടവത്കരണത്തിന്റെയും പരീക്ഷണ ശാലയായി മാറുകയും അരുത്. ഭരണകൂടത്തിന്റെ മര്‍ദന മുറകള്‍ക്ക് മുമ്പില്‍ പ്രതികരണ ശേഷി നിര്‍വീര്യമാകാത്ത വിദ്യാര്‍ഥി സമൂഹത്തിലാണ് ഈ സ്ഥാപനത്തിന്റെ ഭാവി നിലനില്‍ക്കുന്നത്.

Latest