മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല; ഉദ്ദേശിച്ചത് എന്‍ഡിഎഫിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും: പി മോഹനന്‍

Posted on: November 20, 2019 10:21 am | Last updated: November 20, 2019 at 12:51 pm

തിരുവനന്തപുരം | കേരളത്തില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മുസ്‌ലിം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല. ഇസ്ലാമിക തീവ്രവാദ സംഘടനയെന്ന് ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്ന് പി മോഹനന്‍ പറഞ്ഞു. നേരത്തെ സായുധ കലാപത്തിന്റെ പാത സ്വീകരിച്ച അതിതീവ്ര നിലപാടുള്ള നക്‌സലേറ്റുകളെല്ലാം പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുടെ നേതൃസ്ഥാനത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് നിര്‍ദോഷകരമായ സൗഹൃദമാണെന്ന് കരുതാനാകില്ല. ഇത്തരം സംഘടനകളെക്കുറിച്ച് പൊതുസമൂഹം പരിശോധിക്കണം.
യുഎപിഎ കേസില്‍ കോഴിക്കോട് അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ല . എന്നാല്‍ എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി മോഹനന്‍ പറഞ്ഞു.

ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ബിജെപി തന്റെ പ്രസ്താവന ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല. അത് കാര്യമായിട്ടെടുക്കുന്നില്ല. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണെന്ന പ്രസ്താവന ഏറെ വിവാദമായിരുന്നു. താമരശ്ശേരിയില്‍ കെഎസ്‌കെടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിന്റെ ഇടയിലായിരുന്നു പി മോഹനന്റെ വിവാദ പരാമര്‍ശം.