Connect with us

Ongoing News

ലോകകപ്പ് യോഗ്യത: ഒമാനെതിരെ ഇന്ത്യക്ക് തോൽവി

Published

|

Last Updated

മസ്‌ക്കറ്റ് | ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യ ഒരു ഗോളിന് തോറ്റു. 33 ാം മിനുറ്റില്‍ മുഹ്‌സിന്‍ അല്‍ ഗസാനി നേടിയ ഗോളിനാണ് ആതിഥേയരായ ഒമാന്‍ ഇന്ത്യയെ തോല്‍പിച്ചത്. തോല്‍വി വഴങ്ങേണ്ടി വന്നതോടെ ഇന്ത്യയുടെ 2022 ലോകകപ്പ് മോഹവും അസ്തമിച്ചു. ഇന്നത്തെ ഫലം സമനിലയായിരുന്നെങ്കില്‍ ഇന്ത്യക്ക് 2023 ഏഷ്യാക്കപ്പ് ക്വാളിഫയേഴ്‌സിന്റെ മൂന്നാം റൗണ്ടിലെത്താമായിരുന്നു. തോല്‍വിയോടെ ആ അവസരവും പാഴായി.

നിറംമങ്ങിയ ഇന്ത്യക്കെതിരെ മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ഒമാന് പെനാല്‍റ്റി വീണുകിട്ടി. ബോക്‌സില്‍ ഗസാനിയെ രാഹുല്‍ ബെക്കെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത ഗസാനിക്ക് പിഴച്ചു. പന്ത് നിയന്ത്രണം വിട്ട് ബാറിന് മുകളിലൂടെ പറന്നു. പെനാല്‍റ്റി പാഴാക്കിയതിനുള്ള പ്രായശ്ചിത്തമായിരുന്നു മുപ്പത്തിമൂന്നാം മിനിറ്റില്‍ മുഹസിന്‍ അല്‍ ഗസാനിയുടെ ഗോള്‍.

പ്രതിരോധനിരയുടെ പിഴവ് ഇന്ത്യക്ക് വലിയ വില നല്‍കേണ്ടി വന്നു. രണ്ട് പ്രതിരോധനിരക്കാരുടെ ഇടയിലൂടെ വന്ന പന്ത് ഗോളി ഗുര്‍പ്രീതിനെ കബളിപ്പിച്ച് ഗസാനി വലയിലാക്കി.

ആദ്യ പകുതിയില്‍ ഇന്ത്യയ്ക്ക് താളം കണ്ടെത്താനായില്ല. പ്രതിരോധവും മുന്നേറ്റവും കളിമറന്നപ്പോള്‍ ഒരൊറ്റ തുറന്ന അവസരം പോലും ലഭിച്ചില്ല. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ പരുക്കേറ്റ് പുറത്താവുകയും ചെയ്തു. പ്രണോയ് ഹല്‍ദര്‍, ആദില്‍ ഖാന്‍ എന്നിവരാണ് മടങ്ങിയത്. വിനീത് റായിയും അനസ് എടത്തൊടികയും പകരം ഇറങ്ങി.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഇന്ത്യ കിണഞ്ഞു ശ്രമിച്ചു. 59 ാം മിനുറ്റില്‍ ഇന്ത്യയുടെ നല്ലൊരു മുന്നേറ്റത്തിന് ഒമാന്റെ ബോക്‌സ് വരെ മാത്രമേ ആയുസ്സുണ്ടായുള്ളൂ. ഉദാന്തയുടെ പാസില്‍ മന്‍വീര്‍ സിങ്ങിനും അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ഇന്ത്യന്‍ ബോക്‌സിലെ ഒമാന്റെ നിരന്തരമായ സമ്മര്‍ദം ഗോളി ഗുര്‍പ്രീത് രക്ഷപ്പെടുത്തി. 86 ാം മിനുറ്റില്‍ ഇടതു പാര്‍ശ്വത്തിലൂടെ ആഷിഖിന്റെ ഉജ്വല മുന്നേറ്റം ഇന്ത്യക്ക പ്രതീക്ഷ നല്‍കി. ഡിഫന്‍ഡറെ വെട്ടിച്ച് തൊടുത്ത ഷോട്ട് ഗോളി കോര്‍ണര്‍ വഴങ്ങി രക്ഷിച്ചതോടെ സ്വപ്‌നങ്ങള്‍ അസ്തമിച്ചു.

ഇതുവരെ നടന്ന അഞ്ചു കളികളില്‍ ഒന്നില്‍ പോലും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ല. ഒമാന് അഞ്ച് കളികളില്‍ നാലെണ്ണത്തില്‍ ജയിക്കാനായി. പോയിന്റ് പട്ടികയില്‍ ഖത്വറിന് പിന്നില്‍ 12 പോയിന്റുമായി രണ്ടാമതാണ് ഒമാന്‍. സെപ്റ്റമ്പറില്‍ നടന്ന മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ മുന്നിലെത്തിയിട്ടും അവസാന മിനിറ്റില്‍ രണ്ട് ഗോളുകള്‍ വഴങ്ങി ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു..

Latest