എയര്‍ അറേബ്യ അബുദാബി 2020 ഓടെ സര്‍വീസ് ആരംഭിക്കും

Posted on: November 19, 2019 10:50 pm | Last updated: November 19, 2019 at 10:50 pm

അബുദാബി : യൂ എ ഇ യുടെ ഏറ്റവും പുതിയ ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ അറേബ്യ അബുദാബി 2020 യില്‍ സര്‍വീസ് ആരംഭിക്കും. യു എ ഇ യുടെ ഏറ്റവും പുതിയതും കുറഞ്ഞ നിരക്കില്‍ സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനിയുമായ ‘എയര്‍ അറേബ്യ അബുദാബി’ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തലസ്ഥാനത്ത് നിന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം പുതിയ വിമാന കമ്പനിയുടെ സര്‍വീസ് സംബന്ധിച്ച് വ്യക്തമാക്കിയത്.

പുതിയ വിമാനത്തിന്റെ ഉദ്ഘാടന തീയതിയോ ലക്ഷ്യസ്ഥാനമോ വെളിപ്പെടുത്താന്‍ ഡഗ്ലസ് വിസമ്മതിച്ചെങ്കിലും 2020 ന്റെ ആദ്യ പകുതിയില്‍ വിമാനം സര്‍വീസ് ആരംഭിക്കുമെന്ന് സൂചന നല്‍കി. എയര്‍ അറേബ്യയും യൂ എ ഇ യുടെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദും സംയുക്തമായാണ് എയര്‍ അറേബ്യ അബുദാബി ആരംഭിക്കുന്നത്. എയര്‍ അറേബ്യ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അബുദാബിയില്‍ നിന്നുള്ള കണക്റ്റിവിറ്റി മികച്ചതായിരിക്കും. അടുത്ത വര്‍ഷം ആദ്യ പകുതിയിലോ രണ്ടാം പകുതിയിലോ എയര്‍ അറേബ്യയില്‍ അബുദാബിയില്‍ നിന്നും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അവസരം അബുദാബിയിലുണ്ടാകും. യുഎസ് വിമാന നിര്‍മാതാക്കളായ ബോയിംഗുമായി കരാര്‍ ഒപ്പിട്ട ശേഷം സിഇഒ ടോണി ഡഗ്ലസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ എയര്‍ലൈനിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ അറേബ്യ, ഫ്‌ലൈ ദുബൈ എന്നിവക്ക് ശേഷം യു എ ഇ യില്‍ നിന്നും ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് എയര്‍ ലൈനാണ് എയര്‍ അറേബ്യ അബുദാബി