Connect with us

Travelogue

മഴക്കാഴ്ചകളുടെ പറുദീസ

Published

|

Last Updated

മരങ്ങൾ ഇടതൂർന്നു വളരുന്ന മലയിടുക്കുകളുടെ ഓരം ചേർന്ന് വളഞ്ഞുപുളഞ്ഞു പോകുന്ന പാതകൾ. ഇരുവശവും വളരെ നേർത്ത നൂലുപോലെ ഉയരത്തിൽ നിന്ന് വെള്ളം ഒഴുകിവരുന്നതു കാണാം. തെളിനീരിന്റെ ഉറവകളായ് താഴ്‌വരയിലൂടെ നിറഞ്ഞൊഴുകുന്ന നദികളെ ചുംബിക്കുകയാണ് അനേകമനേകം വെള്ളച്ചാട്ടങ്ങൾ. സ്വപ്‌നം പോലെ പരന്നു കിടക്കുന്ന കുന്നുകളിലൂടെ താണു നീങ്ങുന്ന മേഘങ്ങൾ, കോട നിറഞ്ഞ് കാഴ്ചകൾ ശൂന്യമാകുന്നതും അതി മനോഹരം. ഒരു നിമിഷത്തേക്ക് നാമും അദൃശ്യതയുടെ വലയത്തിൽ മേഘക്കൂട്ടത്തിൽ അപ്രത്യക്ഷരാകുന്നു. എന്നാൽ, പെട്ടെന്നുതന്നെ ആ മേഘച്ചുരുളുകൾ അവിടെനിന്നു മാറിത്തരുന്നു. പകലോന്റെ നേർത്ത കിരണങ്ങൾ ചേതോഹരമായ പ്രകൃതിദൃശ്യത്തെ പ്രകാശമാനമാക്കിത്തീർക്കുന്നു.

കിഴക്കിന്റെ സ്‌കോട്ട്‌ലൻഡ്

ചിറാപൂഞ്ചി. ലോകത്തിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്ന്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ്, സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചിറാപുഞ്ചി. അതിമനോഹരമായ പ്രദേശമായതിനാൽ “കിഴക്കിന്റെ സ്‌കോട്ട്‌ലൻഡ്” എന്നാണ് മേഘാലയയെ വിളിച്ചിരിക്കുന്നത്. ആസാമിലെ പ്രധാന നഗരമായ ഗുവാഹട്ടിയിൽനിന്ന് നൂറ് കിലോമീറ്റർ ദുരെയാണ് ഷില്ലോംഗ്. ചിറാപൂഞ്ചിയുടെ ശരിയായ പേര് സൊഹ്‌റാ എന്നാണ്. ബ്രിട്ടീഷുകാരണ് “ഓറഞ്ചുകളുടെ നാട് “എന്നർഥം വരുന്ന ചിറാപൂഞ്ചി എന്നാക്കിയത്. പ്രദേശവാസികൾ ഇപ്പോഴും സൊഹ്‌റാ എന്നു തന്നെയാണ് പറയുന്നത്.

1875ൽ ബ്രിട്ടീഷുകാരാണ് അസമിന്റെ ഭരണപ്രദേശമായി ഈ കുന്നുംപ്രദേശത്തെ കൂട്ടിയിണക്കിയത്. ഷില്ലോംഗിന്റെ വസ്തുശാസ്ത്രപരമായ സ്വഭാവം ബ്രിട്ടീഷ് സാന്നിധ്യത്തെ സാധൂകരിക്കുന്നുമുണ്ട്. 1905ലെ ബംഗാൾ വിഭജന കാലത്ത് മേഘാലയ ഉൾപ്പെടുന്ന ഭാഗങ്ങൾ കിഴക്കൻ ബംഗാളിന്റെ ഭാഗമായിരുന്നു. പിന്നീട്, 1912ൽ ബംഗാൾ വിഭജനം റദ്ദ് ചെയ്തപ്പോൾ വീണ്ടും അസമിന്റെ ഭാഗമായി മാറി. 1947ൽ അസമിന്റെ ഒരു സ്വതന്ത്ര ഭരണപ്രദേശമായിരുന്നു മേഘാലയ. 1969ൽ സ്വതന്ത്രമാകുകയും 1972ൽ സംസ്ഥാന പദവി ലഭിക്കുകയും ചെയ്തു.

പൊതുവെ മലകളും കുന്നുകളും വനങ്ങളുമായതിനാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യ കുറവാണ്. നല്ലൊരു വിഭാഗം ജനങ്ങളും ഗോത്ര ഗിരിവർഗക്കാരാണ്. ഖാസി, ഗാരോസ് എന്നീ ഗോത്രവിഭാഗങ്ങളാണു കൂടുതലും. ഇവരെ കൂടാതെ ജൈനറ്റിസ്, ബോറോ, നജോണ്ട് തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. ഓരോ ഗോത്രത്തിനും അവരുടെതായ വേഷം, ഭാഷ, ആചാരാനുഷ്ഠാനങ്ങൾ. അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കും. ജനസംഖ്യാ കണക്കിൽ 23ാം സ്ഥാനത്താണ് ഈ കിഴക്കൻ സംസ്ഥാനം.

മാറ്റത്തിൻ്റെ ഷില്ലോംഗ്

ഷില്ലോംഗ് സിറ്റി ഇപ്പോൾ ഇടുങ്ങിയ റോഡുകളും വാഹനത്തിരക്കും കൊണ്ട് വീർപ്പു മുട്ടിത്തുടങ്ങിയിരിക്കുന്നു. റിക്ഷ പോലോത്ത ചെറിയ വണ്ടികളൊന്നും തന്നെ ഇല്ല. മാരുതി 800 പോലെ കുറെ ഷെയർ ടാക്‌സികളാണ് ചെറിയ യാത്രക്കുള്ള ആശ്രയം. ദീർഘ യാത്രകൾക്ക് സുമോ ഷെയർ ടാക്‌സികളും ബസും മറ്റുമുണ്ട്. നഗരത്തിൽ ആധുനികമായ സവിശേഷതകളെല്ലാം പ്രകടമാണ്. ഉയർന്ന ജീവിത നിലവാരം, വിദ്യഭ്യാസ, വാണിജ്യ, ഭരണ, വിനോദ കേന്ദ്രം. നോർത്ത്ഈസ്റ്റ് ഇന്ത്യൻ വ്യോമസേന ആസ്ഥാനം എല്ലാം നിലകൊള്ളുന്നത് ഷില്ലോംഗിൽ തന്നെ.
നഗരപ്രദേശങ്ങളിൽ നിന്ന് മാറി ഗ്രാമീണ മേഖലകളിലേക്ക് ചെല്ലും തോറും അടിസ്ഥാന വികസനങ്ങളുടെ നില മോശമാണ്. മതിയായ ഗതാഗത മാർഗങ്ങളോ സ്‌കൂളുകളോ പരിമിതമാകുന്നു. ഒരു പക്ഷേ ആദിമമായ പ്രകൃതി സംസ്‌കാരങ്ങളോട് ചേർന്നുനിൽക്കുന്ന ജനങ്ങളുടെ ജീവിത ശൈലി ഇത്തരം സാഹചര്യങ്ങളോട് പൊരുത്തുപ്പെടുന്നത് കൊണ്ടുമാവാം ഗ്രാമീണ ജീവിതം അത്രമേൽ ഹൃദയസ്പർശമാകുന്നത്. ചിറാപൂഞ്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള വനഗ്രാമമാണ് നോൻഗ്രിയത്. കൊച്ചു കൊച്ചു വീടുകൾ, പെട്ടിക്കടകൾ, തലയിലും മുതുകിലും മുളവടിയിൽ മെടഞ്ഞ കുട്ടയും തോളിൽ ഒരു സഞ്ചിയും തൂക്കി പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ചു മുറുക്കിത്തുപ്പിക്കൊണ്ട് നടന്നുപോകുന്ന സ്ത്രീകൾ. സ്ത്രീകൾക്ക് കുടുംബത്തിൽ പരമപ്രധാനമായ സ്ഥാനമുണ്ട് ഖാസി സംസ്‌കാരത്തിൽ. മാർക്കറ്റിൽ കച്ചവടം ചെയ്യുന്നതും വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങുന്നതുമൊക്കെ കൂടുതലും സ്ത്രീകളാണ്. ചിറാപൂഞ്ചിയിലേക്കുള്ള വഴിയിലെങ്ങും ഖാസി പെണ്ണുങ്ങളാണ് കാര്യക്കാർ. ചെറിയ പെട്ടിക്കടകളിലൊക്കെ ക്വായി വിൽപ്പന തകൃതിയായി നടക്കുന്നു. അടയ്ക്കയും ചുണ്ണാമ്പ് തേച്ച വെറ്റയിലയ്ക്കുമാണ് ക്വായി എന്ന് പറയുന്നത്. മേഘാലയയിൽ കൂടുതലാളുകളും ക്വായി മുറുക്കി നടക്കുന്നവരാണ്.

വേരുകൊണ്ടുള്ള കൗതുകപ്പാലം

ടിർന ഗ്രാമത്തിൽ റോഡ് അവസാനിക്കുന്നു. അവിടെ നിന്ന് 3500 പടികൾ ചവിട്ടി നടന്നു ചെന്നാലെ നോൻഗ്രിയതിൽ എത്തുകയുള്ളൂ. ഏകദേശം ഒന്നര മണിക്കൂർ സമയമെടുക്കും നടന്നെത്താൻ. 40 ൽ താഴെ വീടുകൾ മാത്രമാണ് ഇവിടെയുള്ളത്. തടിയിൽ തീർത്ത വീടുകളാണ് കൂടുതലും. ചെരിഞ്ഞ പ്രദേശം ആയതുകൊണ്ട് തന്നെ കെട്ടിടത്തെ താങ്ങിനിർത്തുന്നതിന് ആദ്യം മണ്ണിലേക്ക് നാലടിയോളം താഴ്ചയിൽ കാലുകൾ ഇറക്കി വെക്കുകയും ശേഷം അതിന് മുകളിൽ നിരപ്പായ പ്രതലം ഒരുക്കുകയുമാണ് ചെയ്യുന്നത്. അതിന് മുകളിലാണ് വീട് സൗകര്യത്തപ്പെടുത്തുന്നത്. താഴെ ബേസ്‌മെന്റ് സ്‌റ്റോറേജിനുള്ള സ്ഥലമായും മറ്റുമൊക്കെ ഉപയോഗപ്പെടുത്തുന്നു. ഭൂമിയുടെ ഘടനയെ ഒരിക്കലും പോറലേൽപ്പിക്കാതെയാണ് നിർമാണങ്ങൾ. വളരെ അപൂർവമായിട്ടാണെങ്കിലും ഇപ്പോൾ കോൺക്രീറ്റ് തൂണുകളും ഭിത്തികൾക്ക് വൈറ്റ്‌ലെസ്സ് സിമന്റ് ബ്ലോക്കുകളും ഉപയോഗിക്കുന്നുണ്ട്. വീടുകളിലൊന്നും ഫാൻ ഇല്ല. അതിന്റെ ആവശ്യവുമില്ല.

പ്രസിദ്ധമായ ഡബിൾ ഡക്കർ ബ്രിഡ്ജ് അഥവാ വേരുകൊണ്ടുണ്ടാക്കിയ ജീവനുള്ള പാലം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിനകത്താണ്. ഗ്രാമത്തിലെത്താൻ ഇരുമ്പിന്റെ തൂക്കുപാലങ്ങളും വേരുപാലങ്ങളും കടന്നുപോകണം.
ഒരു ലോവർ പ്രൈമറി സ്‌കൂൾ അവിടെയുണ്ട്. തുടർന്നുള്ള പഠനങ്ങൾക്ക് കുന്നിറങ്ങിക്കയറി ഗ്രാമത്തിന് പുറത്തു പോകണം. സൗമ്യരും അധ്വാന ശീലരുമാണ് ഇവിടുത്തെ ജനങ്ങൾ. അനേകം വിശ്വാസങ്ങളും ആചാരങ്ങളും ഈ കാടിനേ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. അപൂർവമായ ജൈവ വൈവിധ്യത്തിന്റെയും കൂടി ഭൂമികയാണ് ഈ കാട്. അതിനെ ദുർബലമാക്കുന്ന ഒന്നും അവർ ചെയ്യുന്നില്ല. സന്ദർശകർ വലിച്ചെറിഞ്ഞു പോകുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും പൊറുക്കിയെടുത്ത് നിത്യവും ആ ഗ്രാമത്തെ വൃത്തിയുള്ളതാക്കി സൂക്ഷിക്കുന്നത് വലിയ ലോകപരിചയമോ ജീവിത സൗകര്യങ്ങളോ ഒന്നുമില്ലാത്ത സാധാരണ മനുഷ്യർ. പക്ഷേ, ഒരു ഗ്രാമം ശുചിത്വ പൂർണമാക്കി വെക്കാൻ ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് അവർ തെളിയിച്ചിരിക്കുന്നു.
കാലവർഷത്തിലെ പെരുമഴയത്ത് കാടിനുള്ളിലെ സ്ഥിരം വഴിത്താരകളെല്ലാം പുഴ കവരുമ്പോൾ സഞ്ചാര മാർഗങ്ങൾ അടഞ്ഞ് കാട്ടിലെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു പോകുന്നതു തടയാൻ നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഖാസി ജനത കണ്ടു പിടിച്ച മാർഗമാണ് ഈ ജീവനുള്ള പാലം. ഫിക്‌സ് ഇലാസ്ലിക്ക് എന്ന ശാസ്ത്ര നാമമുള്ള ഇന്ത്യൻ റബ്ബർ മരത്തിന്റെ (നമ്മുടെ നാട്ടിലെ റബ്ബർ അല്ല) വേരുകൾ മുളം കമ്പുകളുടെയും കവുങ്ങിൻ തടിയുടെയുമെല്ലാം സഹായത്തോടെ നദിക്കു കുറുകെ വളർത്തി പിണച്ചു കെട്ടി, ആ വേരുകളിൽ മുളംകമ്പുകളും കല്ലും മണ്ണുമെല്ലാമിട്ടു സുദൃഢമാക്കി പത്തിരുപത് വർഷത്തെ കഠിനാധ്വാനത്തിലൂടെ ഖാസി ജനത നിർമിച്ചെടുത്തതാണീ വേരുപാലങ്ങൾ. ഏതാണ്ട് 500 വർഷത്തോളം പഴക്കമുള്ളതാണ് ഈ പാലം. എത്ര പേർ കയറിയാലും പാലത്തിന് ഒരു കുലുക്കവമില്ല. കൂടുതൽ ഉറപ്പിന് വേരുകൾക്കിടയിൽ കല്ലുകൾ പാകിയിട്ടുണ്ട്. കാലപ്പഴക്കം കൂടുന്തോറും ഇതിന്റെ ദൃഢത കൂടി വരുന്നു. ഇന്നും വെറും മൂന്നു തൂക്കുപാലങ്ങൾ മാത്രമുള്ള നോൺഗ്രിയത്, നൊങ്ത്തിമ്മായ് പോലുള്ള ഗ്രാമങ്ങളെ തമ്മിലും പുറംലോകവുമായും ബന്ധിപ്പിക്കുന്ന ജീവനാഡികളാണ് ഈ വേരു പാലങ്ങൾ! ലോംഗ് റൂട്ട് ബ്രിഡ്ജിലൂടെ നടന്ന് അപ്പുറമെത്തി പാലത്തിന്റെ ഭാഗമായ വേരുകൾ അവിടെ ഒരു വലിയ പാറയിലേക്ക് അള്ളിപ്പിടിച്ച് പോകുന്നു. ഖാസി ഭാഷയിൽ ഉംശിയാംഗ് എന്നറിയപ്പെടുന്നു ഡബിൾ ഡക്കർ ബ്രിഡ്ജ്.

ഗുഹകളുടെയും നാട്

മേഘാലയ മഴയുടെയും വെള്ളച്ചാട്ടങ്ങളുടെയും മാത്രമല്ല അസംഖ്യം ഗുഹകളുടെയും കൂടി നാടാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാൻഡ്‌സ്‌റ്റോൺ ഗുഹയായ ക്രേംപുരി 2016ലാണ് മേഘാലയയിൽ കണ്ടെത്തിയത്. ദിനോസറുകളുടെ ഫോസിൽ വരെ കണ്ടെത്തിയിട്ടുള്ള, 24.5 കിലോമീറ്റർ നീളമുള്ള ക്രേംപുരി ഗുഹയിൽ ഇപ്പോഴും പര്യവേക്ഷണങ്ങളുമായി സജീവമാണ് ഇന്ത്യയിലേയും വിദേശത്തേയും ഗവേഷകർ. ഗ്ലാസ് പോലെ തെളിഞ്ഞ വെള്ളം നിറഞ്ഞ ഡോക്കിയിലെ പുഴ, സെവൻ സിസ്‌റ്റേഴ്‌സ് വാട്ടർ ഫാൾസ്, നോഹ്കാലിക്കെ ഫാൾസ് തുടങ്ങി നിറയെ വെള്ളച്ചാട്ടങ്ങളുടെയും അമ്പരപ്പിക്കുന്ന ഗുഹകളുടെയും നദികളുടെയും വനങ്ങളുടെയും മലകളുടെയും ഗ്രാമങ്ങളുടെയും കാഴ്ചകളാണ് മേഘാലയ ടൂറിസത്തിന്റെ നിറവ്. നോർത്ത് ഈസ്റ്റ് ടൂറിസത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു സംസ്ഥാനമാണ് മേഘാലയ.

ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമായിരുന്നു ചിറാപൂഞ്ചി. എന്നാൽ ഇപ്പോൾ സമീപ പ്രദേശമായ മോസൻറോമിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. അന്യായമായ രീതിയിൽ ഖാസി മലനിരകളെ മനുഷ്യർ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. വനനശീകരണം വ്യാപിക്കുന്നു. അനേകമനേകം ക്വാറികൾ രൂപപ്പെടുന്നു. ക്രഷറുകൾ പടർന്നു വരുന്നു. കാസി മലനിരകളുടെ ഭംഗി മെല്ലെ മെല്ലെ ഇല്ലാതാവുന്നു. അധികം വൈകാതെ ഇവിടെയും വെള്ളം ലഭ്യമല്ലാതാവും.. കിളികൾ പുഴകൾ പൂമ്പാറ്റകൾ ചിവീടുകൾ ആരും തന്നെ ഇല്ലാതാവും.. മഴ അന്യമാകും. ചൂട് കനക്കും.

മിദ്ലാജ് ജമീൽ
pkmidlaj@gmail.com

---- facebook comment plugin here -----

Latest