Connect with us

Ongoing News

മസ്താൻ കലേഷാ വലി... കസുമുരു മദീനെ കി ഗലി...

Published

|

Last Updated

ആന്ധ്രയിലെ നെല്ലൂർ നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് കസുമുരു ഗ്രാമം. വിരസവും അരോചകവുമായ ദിനങ്ങളിൽ മനസ്സും ശരീരവും കുളിർപ്പിക്കാനാണ് അഞ്ച് പേരടങ്ങുന്ന സംഘം പരിപാവനമായ കസുമുരുവിൽ ചേക്കേറാൻ തീരുമാനിച്ചത്. അവിടം മാത്രമായിരുന്നു ലക്ഷ്യത്തിലുള്ള സന്ദർശന കേന്ദ്രം. രാവിലെ ആലോചിച്ച് ഉച്ച കഴിഞ്ഞ് പുറപ്പെട്ട തികച്ചും അപ്രതീക്ഷിതമായ ഒരു തീർഥാടനം. പാലക്കാട് ബസിറങ്ങി അവിടെ നിന്ന് നെല്ലൂരിലേക്ക് ട്രെയിൻ കയറി. അർധരാത്രി അവിടെ നിന്നും റിക്ഷാ മാർഗം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി.
ആധുനിക വത്കരണത്തിലും ഉപഭോഗ സംസ്‌കാരത്തിലും ഞെരിഞ്ഞമരാത്ത ആ ഉൾനാടൻ ഗ്രാമങ്ങളിലൂടെ നിലാവിൽ കുളിച്ച രാത്രിയിൽ ഞങ്ങൾ യാത്ര തുടർന്നു. വിജനമായ പാതയിൽ വണ്ടിയൊന്ന് ഉലഞ്ഞപ്പോഴാണ് എല്ലാവരും ഞെട്ടിയുണർന്നത്. ക്ഷീണിതരായ ഞങ്ങൾക്കൊപ്പം ഡ്രൈവറും ഉറങ്ങിയതാണ് കാരണം. അർധരാത്രി മൂന്ന് മണിയോടെ ഞങ്ങൾ കസുമുരു ദർഗാ പ്രവേശന കവാടത്തിനു മുമ്പിൽ വണ്ടിയിറങ്ങി. നിശയുടെ നിശ്ശബ്ദത ഉരുണ്ടുകൂടിയ ആ നട്ടപ്പാതിര നേരത്തും ചുടു കാപ്പി കുടിക്കുന്നവരെയും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ധാരാളം മനുഷ്യരെയും കാണാമായിരുന്നു.

തെന്നിന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ കസുമുരുവിൽ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഹസ്രത്ത് സയ്യിദ് കരീമുല്ല ഷാ ഖാദിരി എന്ന മഹാൻ കലേഷാ പീർ മസ്താൻ വലി ബാബ എന്ന പേരിലാണറിയപ്പെടുന്നത്.
ഖാദിരിയ്യ ത്വരീഖത്തിന്റെ പ്രകാശ ധാരയായ ഇവിടം ആന്ധ്രയെക്കാൾ തമിഴ്‌നാട്ടുകാർക്കാണ് ഏറെ പ്രിയം. കൂടാതെ കേരളം കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മസ്താൻ ബാബയുടെ അനുഗ്രഹം തേടി ജാതി-മത ഭേദമന്യേ ആയിരക്കണക്കിനാളുകളാണ് നിത്യവും ഇവിടെ എത്തുന്നത്. പ്രഭാത നിസ്‌കാരത്തിനും പ്രാർഥനകൾക്കും ശേഷം ദർഗാ പരിസരത്തേക്കു നീങ്ങി. അപ്പോഴേക്കും ബാബയുടെ സന്നിധാനം ഉണർന്നു തുടങ്ങിയിരുന്നു. കച്ചവടക്കാർ ആർത്തിയോടെ വിളിക്കുന്നു. പാദരക്ഷകൾ സൂക്ഷിക്കാൻ ഒരാൾ മാടി വിളിച്ചു. പൂക്കൾ കൊണ്ടും മറ്റു മിഠായികളെക്കൊണ്ടും സമ്പന്നമായ വഴി കണ്ടപ്പോൾ അജ്മീറും, ഹസ്രത്ത് നിസാമുദ്ദീൻ ദർഗയും ഓർമ വന്നു. ഇതിനിടയിലൂടെ ദർഗ വരെയുള്ള സഞ്ചാരം തന്നെ പറഞ്ഞറിയിക്കാനാകാത്ത നിർവൃതിയാണ്. റബീഉൽ അവ്വൽ മാസമാണ് ഇവിടെ ഉറൂസ് നടക്കുന്നത്.
അകത്ത് പ്രവേശിച്ചപ്പോൾ വല്ലാത്തൊരു ആത്മ നിർവൃതി. ചന്ദനത്തിരികളുടെ ഗന്ധം ഹൃദയം ശാന്തമാക്കി. ദർഗയുടെ ചുമരിൽ പറ്റിപ്പിടിച്ചു കൊണ്ടുള്ള ജനങ്ങളുടെ വ്യഥകളും വിലാപങ്ങളും വലിയ ശബ്ദത്തിൽ ഉയർന്നുകേൾക്കുന്ന കസുമുരുവിലെ ബാബ ഇവർക്ക് തെന്നിന്ത്യയിലെ ഗരീബ് നവാസാണ്. ബാബയുടെ ഉമ്മറപ്പടിയിൽ യാചിച്ചെത്തുന്നവർക്കെല്ലാം വലിയ ആശ്വാസമാണ്. രോഗ പീഡകൾക്ക് സ്വാസ്ഥ്യം നൽകുന്നതിൽ ബാബയുടെ ദർഗ പ്രസിദ്ധമായതുകൊണ്ടുതന്നെ നാനാ ജാതി മതസ്ഥരുടെ സംഗമഭൂമിയാണ് കസുമുരു.

വിശപ്പിന്റെ വിളിയാളം സിയാറത്തിന് ശേഷം ഞങ്ങളെ പരിസരത്തുള്ള ഹോട്ടലിലെത്തിച്ചു. കസുമുരുവിന്റെ തെരുവുകൾ അത്ര വൃത്തിഹീനമല്ല. വിഭവസമൃദ്ധമല്ലെങ്കിലും പ്രാദേശിക രുചികളിൽ തൃപ്തിപ്പെട്ട് പുറത്തിറങ്ങുമ്പോൾ വിശന്നൊട്ടിയ ഒരു യാചകനെയും ഞങ്ങൾ ഊട്ടി.

അൽപ്പ നേരത്തെ വിശ്രമത്തിന് ശേഷം പരിസരം വീക്ഷിക്കാനിറങ്ങിയ ഞങ്ങൾ അക്ബർ ഷാ എന്ന ഒരു ഖാദിമിനെ കണ്ടു. സ്‌നേഹപൂർണമായ ആതിഥ്യം കൊണ്ട് അദ്ദേഹം ഞങ്ങളെ സന്തുഷ്ടരാക്കി. സമീപത്തെ ദർഗകളിലെല്ലാം കൊണ്ടു പോകുകയും ധാരാളം സമയം ആ സൂഫിവര്യന്മാരുടെ പരിസരത്ത് ചിലവഴിക്കുകയും ചെയ്തു. ബാബ തപശ്ചര്യയിൽ ഏർപ്പെട്ട ഗുഹയെ പറ്റിയും പറഞ്ഞു തന്നു. ഇവിടെ മറവെട്ടുകിടക്കുന്നവർ ഒരു ദേശത്തിന്റെ പ്രകാശമാണ്. വൈകുന്നേരം നെല്ലൂരിലേക്ക് ബസിൽ യാത്രയാക്കിയാണ് ഷാ പിരിഞ്ഞത്. തികച്ചും സമ്പന്നമായ ഒരനുഭവും അനുഭൂതിയുമായിരുന്നു ഈ പുണ്യയാത്ര. ആന്ധ്രയിൽ തന്നെ പ്രോജ്ജ്വലിച്ചു നിൽക്കുന്ന മറ്റു രണ്ട് ആത്മീയ തീരങ്ങളാണ് ബാര ശഹീദ് ദർഗയും അവിടെ നിന്ന് 53 കിലോമീറ്റർ അകലെ റഹ്മത്താബാദ് ശരീഫിൽ വിശ്രമിക്കുന്ന ഹസ്രത്ത് നയാബ്- ഇ-റസൂൽ (റ) ദർഗയും. നെല്ലൂരിൽ നിന്ന് റോഡ് മാർഗം പത്തൊൻപത് കിലോമീറ്ററും, വെങ്കിടാചലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒൻപതും, തിരുപ്പതി എയർപോർട്ടിൽ നിന്ന് തൊണ്ണൂറ്റി അഞ്ച് കിലോമീറ്ററുമാണ് കസുമുരുവിലെത്താൻ.

Latest