Connect with us

National

ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന; ഹിന്ദുത്വയെ തങ്ങള്‍ പിന്തുണക്കുന്ന കാലത്ത് നിങ്ങളാരും ജനിച്ചിട്ടു പോലുമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ സഖ്യ കക്ഷിയായ ബി ജെ പിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന. ഹിന്ദുത്വയെയും ദേശീയതയെയും കുറിച്ച് കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന ബി ജെ പി മറന്നുപോകരുതെന്ന് സേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു.
ചര്‍ച്ചകളൊന്നും നടത്താതെയാണ് പാര്‍ട്ടിയെ ദേശീയ ജനാധിപത്യ സഖ്യ (എന്‍ ഡി എ) ത്തില്‍ നിന്ന് ഒഴിവാക്കിയതായി ബി ജെ പി പ്രഖ്യാപിച്ചതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി. ഹിന്ദുത്വയെ കുറിച്ച് ആരും പറയാതിരുന്ന കാലത്താണ് ഞങ്ങള്‍ അതിനെ പിന്തുണച്ച് മുന്നോട്ടു വന്നത്. അന്ന് നിങ്ങളില്‍ ഭൂരിഭാഗവും ജനിച്ചിട്ടു പോലുമുണ്ടാകില്ല.

ശിവസേനയെ എന്‍ ഡി എയില്‍ നിന്ന് പുറന്തള്ളാന്‍ അവര്‍ (ബി ജെ പി) ആരാണ്. തങ്ങളെ പുറത്താക്കിയതായി പ്രഖ്യാപിച്ചവര്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ തയാറാകണം. സംഘ്പരിവാറിനെ ശക്തിപ്പെടുത്തിയതും ഞങ്ങളാണ്. ബാലാസാഹേബ് താക്കറെ, എ ബി വാജ്‌പെയ്, എല്‍ കെ അദ്വാനി, പ്രകാശ് സിംഗ് ബാദല്‍, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ ചേര്‍ന്ന് എന്‍ ഡി എക്ക് അസ്ഥിവാരമിട്ടപ്പോള്‍ ഇന്നത്തെ ബി ജെ പി നേതാക്കളൊന്നും എവിടെയുമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പത്രത്തിലെ മുഖപ്രസംഗം തുറന്നടിച്ചു.

കോണ്‍ഗ്രസ്, എന്‍ സി പി കക്ഷികളുമായി സഖ്യമുണ്ടാക്കുന്ന സാഹചര്യത്തില്‍ പാര്‍ലിമെന്റിലെ പ്രതിപക്ഷ ബഞ്ചിലാണ് ഇനി ശിവസേനയുടെ സ്ഥാനമെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ശിവസേനയുടെ മന്ത്രി എന്‍ ഡി എ സര്‍ക്കാറില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. ഇന്നത്തെ എന്‍ ഡി എ യോഗത്തില്‍ അവര്‍ പങ്കെടുക്കുന്നുമില്ല. അതിനാല്‍, അവര്‍ക്ക് ഇരു സഭകളിലും പ്രതിപക്ഷ ഭാഗത്ത് സ്ഥാനം നല്‍കുന്നത് സ്വാഭാവികമാണ്. ഇവിടെ നടന്ന ഒരു സര്‍വകക്ഷി യോഗത്തിനു ശേഷം ജോഷി റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.
ഇതിനോടുള്ള സാമ്‌ന മുഖപ്രസംഗത്തിലെ പ്രതികരണം ഇങ്ങനെയായിരുന്നു-

ഒരു പ്രഹ്ലാദ് ജോഷിയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ശിവസേനയുടെ സ്പിരിറ്റിനെയും എന്‍ ഡി എയുടെ കര്‍മങ്ങളെയും പ്രവൃത്തിയെയും കുറിച്ചൊന്നും വ്യക്തമായി ബോധ്യമില്ലാത്തയാളാണ് അദ്ദേഹം. ബി ജെ പിയോടൊപ്പം നില്‍ക്കാന്‍ ആരുമില്ലാതിരിക്കുകയും ഹിന്ദുത്വ, ദേശീയത എന്നീ വാക്കുകള്‍ രാജ്യത്തിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ പോലും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ജമ്മു കശ്മീരില്‍ പി ഡി പിയുമായും ബിഹാറില്‍ ജനതാദള്‍ (യു) വുമായും സഖ്യമുണ്ടാക്കിയ ബി ജെ പി നിലപാടിനെയും മുഖപ്രസംഗം ശക്തമായി വിമര്‍ശിച്ചു. മെഹ്ബൂബ മുഫ്തിയുമായും നിതീഷ് കുമാറുമായും കൈകോര്‍ക്കുന്നതില്‍ എന്‍ ഡി എയുടെ അനുമതി ബി ജെ പി തേടിയിരുന്നോ? ശിവസേന എന്‍ ഡി എക്കെതിരെ തിരിഞ്ഞുവെന്നാണ് കരുതുന്നതെങ്കില്‍ എന്‍ ഡി എ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഞങ്ങളെ ക്ഷണിക്കാന്‍ ബി ജെ പി തയാറാകാതിരുന്നത് എന്തുകൊണ്ടാണ്?

ബി ജെ പിയെ മുഗള്‍ ഭരണാധികാരി മുഹമ്മദ് ഗോറിയോട് താരതമ്യപ്പെടുത്തിയ മുഖപ്രസംഗം പിന്നില്‍ നിന്ന് കുത്തുന്നവര്‍ക്ക് മഹാരാഷ്ട്രയില്‍ നിന്ന്‌ കനത്ത തിരിച്ചടി ലഭിക്കുമെന്ന് വ്യക്തമാക്കി. സ്വാര്‍ഥവും സ്വേച്ഛാപരവുമായ രാഷ്ട്രീയത്തിന്റെ അന്ത്യത്തിന് ഇതോടെ തുടക്കം കുറിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.