മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകള്‍: സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി

Posted on: November 19, 2019 9:50 am | Last updated: November 19, 2019 at 12:19 pm

കോഴിക്കോട്: മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി സഹായിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കോഴിക്കോട്ടെ പുതിയ കോലാഹലും സാന്നിധ്യവുമൊക്കെ ഇതാണ് തെളിയിക്കുന്നത്. പോലീസ് ഇക്കാര്യം പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നും മോഹനന്‍ പറഞ്ഞു. താമരശ്ശേരിയില്‍ നടന്ന കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളെ വളര്‍ത്തുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്. ഇത് പോലീസ് പരിശോധിക്കണം.

എന്നാല്‍ ഏത് തീവ്രവാദ സംഘടനക്കാണ് മാവോയിസ്റ്റുകളുമായി ബന്ധമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പന്തീരങ്കാവില്‍ രണ്ട് സി പി എം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.