യോഗി സര്‍ക്കാറിന്റെ പുതിയ നീക്കം: ചരിത്ര പ്രസിദ്ധമായ ആഗ്രയുടെ പേര് അഗ്രവനാക്കുന്നു

  Posted on: November 18, 2019 2:51 pm | Last updated: November 18, 2019 at 2:51 pm

  ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചരിത്ര പ്രിസിദ്ധമായ സ്ഥലങ്ങളുടെ പേരുമാറ്റല്‍ തുടരുന്നു. ഏറ്റവും ഒടുവിലായി ലോകാത്ഭുതമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന, മുകള്‍ ഭരണ കേന്ദ്രമായിരുന്ന ആഗ്രയുടെ പേരാണ് മാറ്റാന്‍ ഒരുങ്ങുന്നത്. ആഗ്ര ജില്ലയുടെ പേരുമാറ്റി അഗ്രവന്‍ എന്നാക്കിമാറ്റാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
  പേരുമാറ്റവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ ഉപദേശം തേടിയിട്ടുണ്ട്.

  പേരിന്റെ ചരിത്രപരമായ വശങ്ങള്‍ പരിശോധിക്കാനാണ് ആഗ്രയിലെ അംബേദ്കര്‍ സര്‍വകലാശാല അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് സര്‍വ്വകലാശാല അധികൃതര്‍ പരിശോധന തുടങ്ങി കഴിഞ്ഞു.
  നേരത്തെ ഈ സ്ഥലം അഗ്രവന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടത് എന്നും പിന്നീട് ആഗ്ര എന്ന പേര് മാറ്റത്തിലേക്ക് എത്തപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നുമാണ് ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

  നേരത്തെ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ ജില്ല എന്നും മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീനദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനെന്നും പുനര്‍ നാമകരണം ചെയ്തിരുന്നു.