കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്‍വീര്‍ സേട്ടിന് കുത്തേറ്റു

Posted on: November 18, 2019 12:17 pm | Last updated: November 18, 2019 at 1:20 pm

മൈസൂര്‍: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നരസിംഹരാജ നിയോജക മണ്ഡലത്തിലെ എം എല്‍ എയുമായ തന്‍വീര്‍ സേട്ടിന് കുത്തേറ്റു. ഇന്നലെ രാത്രി ഒരു വിവാഹ ചടങ്ങില്‍ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ഒരു യുവാവ് തന്‍വീര്‍ സേട്ടിനെ കത്തികൊണ്ട് കുത്തിയത്. യുവാവിനെ ഉടന്‍ തന്നെ പോലീസ് കീഴടക്കി. മൈസൂരു സ്വദേശിയായ 20കാരന്‍ ഫര്‍ഹാനാണ് കുത്തിയത്. കഴുത്തിന് ഗുരുതര പരുക്കേറ്റ സേട്ടിനെ ഉടന്‍ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേട്ടിന് കുത്തേറ്റതിന്റെ വീഡിയോ ദൃശ്യം പുറത്തെത്തിയിട്ടുണ്ട്.

സേട്ട് സംഗീത പരിപാടി കണ്ടുകൊണ്ടിരിക്കെ ഒരു യുവാവ് പെട്ടന്ന് അടുത്തെത്തി കഴുത്തിന് കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ സേട്ടിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും കുത്തേറ്റ മുറിവ് ആഴത്തിലുള്ളതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മൈസൂരു പോലീസ് കമ്മീഷണര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അക്രമണത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്.