‘ദൗത്യ’ നിര്‍വഹണത്തിനൊടുവില്‍

ജനാധിപത്യത്തെ സംരക്ഷിക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ നിലനിര്‍ത്താനും ഉതകുന്ന രീതിയില്‍ ഭരണഘടനയെ വ്യാഖ്യാനിക്കും വിധത്തിലേക്ക് പരമോന്നത കോടതിയെ നയിക്കാന്‍ ശ്രമിക്കാതിരുന്ന ചീഫ് ജസ്റ്റിസ് എന്ന വിശേഷണമാകും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ചേരുക.
Posted on: November 18, 2019 11:25 am | Last updated: November 18, 2019 at 11:25 am

‘‘ഈ സ്ഥാപനത്തെ സംരക്ഷിക്കുകയും അതിലെ സമതുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഈ രാജ്യത്ത് ജനാധിപത്യം അതിജീവിക്കില്ലെന്ന് ഞങ്ങള്‍ നാല് പേര്‍ക്കും ഉറച്ച ബോധ്യമുണ്ട്” – ജസ്റ്റിസുമാര്‍ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍. കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ച് ഇവര്‍ പറഞ്ഞത് സുപ്രീം കോടതിയെക്കുറിച്ചാണ്. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ തിരഞ്ഞെടുത്ത ജഡ്ജിമാരുള്‍ക്കൊള്ളുന്ന ബഞ്ചുകളെ ഏല്‍പ്പിക്കുകയാണെന്ന ആരോപണം പ്രധാനമായി ഉന്നയിച്ചാണ് ഈ നാല് പേര്‍ ജനാധിപത്യം അപകടത്തിലാകാനുള്ള സാധ്യതയാണ് മുന്നിലെന്ന് രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം തുടരുന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം.

ഇവരില്‍ മൂന്ന് പേര്‍ നേരത്തേ വിരമിച്ചു. ജസ്റ്റിസ് ദീപക് മിശ്രയെ പിന്തുടര്‍ന്ന് ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗോഗോയ് ഈ മാസം പതിനേഴിന് വിരമിച്ചു. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളോട് പറഞ്ഞ ഒരാള്‍ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും നിലനിര്‍ത്താന്‍ എന്ത് ചെയ്തുവെന്ന ചോദ്യം സ്വാഭാവികമാണ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസായ ശേഷവും രാഷ്ട്രീയ പ്രാധാന്യമുള്ള, രാജ്യത്തിന്റെ ഭാവിയെ വലിയ തോതില്‍ സ്വാധീനിക്കാന്‍ ഇടയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ബഞ്ചുകളിലെ ജഡ്ജിമാരെ തീരുമാനിച്ചിരുന്നത് ചീഫ് ജസ്റ്റിസ് മാത്രമായിരുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന ജഡ്ജിമാരുമായുള്ള കൂടിയാലോചന വേണമെന്ന താന്‍ കൂടി ഉള്‍പ്പെട്ട നാല് ജഡ്ജിമാരുടെ മുന്‍ ആവശ്യം അദ്ദേഹം ഓര്‍ത്തതേയില്ല. ജഡ്ജിമാരുടെ നിയമനത്തിലുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ ഇപ്പോഴും തയ്യാറായിട്ടില്ല. അത് തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ യാതൊരു മനഃക്ലേശവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കുണ്ടായില്ല. കേന്ദ്രം അലംഭാവം തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് തന്നെ നടപടിക്രമങ്ങള്‍ നിശ്ചയിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ട ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്റെ ഭരണകാലത്ത് അതിന് മിനക്കെട്ടതുമില്ല.

ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയും കൊളീജിയം ശിപാര്‍ശ വീണ്ടും നല്‍കുകയും ചെയ്ത സംഭവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ഭരണകാലത്തുമുണ്ടായി. ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അകില്‍ ഖുറൈശിയെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കൊളീജിയം മാറ്റിയതും ഇക്കാലത്ത് തന്നെ. ഭരണകൂടമോ അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനമോ ജുഡീഷ്യറിയില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളായി തന്നെ ഇതിനെ കാണണം. ഇത് തന്നെയാണ് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ള ജഡ്ജിമാര്‍ സൂചിപ്പിച്ചത്. ബാഹ്യ ഇടപെടലിനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജന്‍ ഗോഗോയ് എന്തെങ്കിലും ചെയ്തതായി അറിവില്ല. മറിച്ച് നരേന്ദ്ര മോദി സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘും (ആര്‍ എസ് എസ്) ആഗ്രഹിക്കും വിധത്തിലുള്ള വിധികള്‍ പുറപ്പെടുവിക്കുന്ന വിധത്തിലേക്ക് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി മാറുകയും ചെയ്തു.

വിരമിക്കുന്നതിന് തൊട്ടുമുമ്പ്, മുന്‍കാല ചീഫ് ജസ്റ്റിസുമാരെപ്പോലെ പല സുപ്രധാന കേസുകളിലും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ച് വിധി പറഞ്ഞു. ഏതാണ്ടെല്ലാ വിധികളും മോദി സര്‍ക്കാറിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതോ അവര്‍ക്ക് ആശ്വാസമേകുന്നതോ ആയിരുന്നു. പോര്‍ വിമാനമായ റാഫേല്‍ വാങ്ങാന്‍ കരാറുണ്ടാക്കുകയും റാഫേല്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന കമ്പനിയുടെ പങ്കാളി സ്ഥാനത്തു നിന്ന് എച്ച് എ എല്ലിനെ മാറ്റി അനില്‍ അംബാനിയുടെ കമ്പനിയെ നിശ്ചയിക്കുകയും ചെയ്തതില്‍ ക്രമക്കേടും അഴിമതിയുമുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയതാണ് ഒന്ന്. ഈ വിധി പുനഃപരിശോധിക്കണമെന്ന ഹരജി അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പ് തള്ളുകയും ചെയ്തു. ഇല്ലാത്ത സി എ ജി റിപ്പോര്‍ട്ട് കൂടി ചൂണ്ടിക്കാണിച്ചാണ് ആദ്യം ഹരജി തള്ളിയത്. അങ്ങനെയൊരു റിപ്പോര്‍ട്ട് കേസ് പരിഗണിക്കുമ്പോള്‍ തയ്യാറായിരുന്നില്ല എന്നത് പുനഃപരിശോധനാ ഹരജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് കണക്കിലെടുത്തില്ല. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നരേന്ദ്ര മോദി സര്‍ക്കാറിനെ ശാസിക്കാന്‍ പോലും കോടതി തയ്യാറായില്ല.

ബാബരി ഭൂമി കേസില്‍ ഭൂരിപക്ഷ മതത്തിന്റെ വിശ്വാസത്തെ ആധാരമാക്കി, ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നും അതിനായി ട്രസ്റ്റ് രൂപവത്കരിക്കണമെന്നും വിധിക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറോ സംഘ്പരിവാര്‍ സംഘടനകളോ സ്വപ്‌നത്തില്‍ പോലും കാണാത്ത സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കിയ ബഞ്ച്. വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കം പരിഹരിക്കുക എന്ന “സദുദ്ദേശ്യ’ത്തിന്റെ മറപിടിച്ച് ഒരു വിയോജിപ്പിന്റെ ശബ്ദം പോലും കോടതിയില്‍ നിന്നുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിനായി. പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും (1949) പള്ളി പൊളിച്ചതും (1992) തികച്ചും നിയമ വിരുദ്ധമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ ആ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ വിധിച്ചതിലെ കൈയടക്കം ഇക്കാലം വരെ ഒരു നീതിന്യായ സംവിധാനവും പ്രകടിപ്പിച്ചിട്ടില്ല, ഇനിയങ്ങോട്ട് ഉണ്ടാകാനും ഇടയില്ല. ഇവിടെ നീതി നടപ്പാക്കാനല്ല, മറിച്ച് നീതി നിഷേധിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്നതിനായിരുന്നു താത്പര്യം. നീതി നടപ്പാക്കുകയും അതിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തെ ബോധ്യപ്പെടുത്തുകയുമാണ് ശക്തമായ നീതിന്യായ സംവിധാനം ചെയ്യേണ്ടിയിരുന്നത്. അതില്‍ നിന്ന് പിന്നാക്കം പോകുമ്പോള്‍ ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുകയായിരുന്നു അദ്ദേഹം. ഫലത്തില്‍ ഭരണഘടനയെ പരാജയപ്പെടുത്തുകയും, അതിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുകയും.

ശബരിമലയില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെ തന്നെ ആ കേസില്‍ “ആചാരാനുഷ്ഠാന വാദികള്‍’ ഉന്നയിച്ച പ്രശ്‌നങ്ങളൊക്കെ വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടതിലുമുണ്ട് കൗതുകം. വിശാല ബഞ്ചിന്റെ പരിഗണനക്ക് വിടുന്നതിന് കാരണമായി മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പാഴ്‌സി സ്ത്രീകളുടെ മതാവകാശങ്ങളും ദാവൂദി ബോറ വിഭാഗത്തിലെ ചേലാകര്‍മവും ചൂണ്ടിക്കാട്ടുക വഴി ഭൂരിപക്ഷ മതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവര്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ആചാര സംരക്ഷണത്തിന് വഴിയൊരുക്കുകയല്ല താനെന്ന് ധ്വനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഭരണഘടനാ ബഞ്ചിന്റെ വിധി രാജ്യത്തെ നിയമമാണെന്നിരിക്കെ, അത് നടപ്പാക്കുന്നത് തടയാന്‍ നടത്തിയ അക്രമാസക്തമായ ശ്രമങ്ങളില്‍ യാതൊരു ഖേദവുമുണ്ടായില്ല ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക്. കോടതി വിധിയനുസരിച്ച് മല ചവിട്ടാന്‍ ശ്രമിച്ച യുവതികള്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളും ഭീഷണികളും കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനോട് നിസ്സംഗമായി പ്രതികരിക്കാനുള്ള “പക്വത’ അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് പറയാം.

ജനാധിപത്യത്തെ സംരക്ഷിക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ നിലനിര്‍ത്താനും ഉതകുന്ന രീതിയില്‍ ഭരണഘടനയെ വ്യാഖ്യാനിക്കും വിധത്തിലേക്ക് പരമോന്നത കോടതിയെ നയിക്കാന്‍ ശ്രമിക്കാതിരുന്ന ചീഫ് ജസ്റ്റിസ് എന്ന വിശേഷണമാകും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ചേരുക. ജനാധിപത്യത്തെ കൂടുതല്‍ അപകടത്തിലാക്കിയാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്.

രാജീവ് ശങ്കരന്‍
[email protected]