Connect with us

Kerala

ഫാത്വിമയുടെ മരണം പാര്‍ലിമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം; മദ്രാസ് ഐ ഐ ടിയില്‍ വിദ്യാര്‍ഥി സമരം

Published

|

Last Updated

ന്യൂഡല്‍ഹി: മദ്രാസ് ഐ ഐ ടിലെ മലയാളി വിദ്യാര്‍ഥിനി ഫാത്വിമ ലത്വീഫിന്റെ മരണം സംബന്ധിച്ച് ഉന്നത അന്വേഷണം ആവശ്യപ്പെട്ട് എം പിമാര്‍. കേരളത്തില്‍ നിന്നുള്ള എം പിമാരും ഡി എം കെ അംഗങ്ങളുമാണ് വിഷയം ശക്തമായി ഉന്നയിച്ചത്. വിഷയത്തില്‍ ഉന്നത അന്വേഷണം വേണമെന്നും സഭ നിര്‍ത്തിവെച്ച് വിശയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ അടിയന്തിര പ്രമേയം നോട്ടീസ് നല്‍കി. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും, ഡീന്‍ കുര്യാക്കോസും സമാന ആവശ്യം ഉന്നയിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരു പെണ്‍കുട്ടി അധ്യാപകന്റെ മാനസിക പീഡനം മൂലം മരണപ്പെട്ടത് ഏറെ ഗൗരവമേറിയ സംഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഡി എം കെ അംഗം കനിമൊഴി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ സംരക്ഷിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കനിമൊഴി ചോദിച്ചു.

കനിമൊഴിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി എ ഡി എം കെ അംഗങ്ങള്‍ രംഗത്തെത്തി.
ഇതൊരു ക്രമസമാധാന വിഷയമല്ലെന്ന് എ ഡി എം കെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അവശ്യമായ തുടര്‍ നടപടി സ്വീകരിക്കാമെന്ന് മാനവവിഭവശേഷി മന്ത്രി പ്രതികരിച്ചു. ഇതോടെ അടിയന്തിര പ്രമേയം അനുവദിക്കില്ലെന്ന് അറിയിച്ച സ്പീക്കര്‍ മറ്റൊരു വിഷയത്തിലേക്ക് കടക്കുകയായിരുന്നു.

ഇതിനിടെ ഫാത്വിമയുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങി. ക്യാമ്പസിനുള്ളില്‍ അന്വേഷണ സമിതി രൂപവത്ക്കരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മലയാളി വിദ്യാര്‍ഥികളാണ് സമരം തുടങ്ങിയിരിക്കുന്നത്. ഇന്നത്തെ പരീക്ഷ കഴിഞ്ഞാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ സമരത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. ചരിത്രത്തില്‍ ആദ്യമായാണ് മദ്രാസ് ഐ ഐ ടിയില്‍ വിദ്യാര്‍ഥി സമരം നടക്കുന്നത്.
അതേ സമയം ഫാത്വിമയുടെ മരണത്തില്‍ ആരോപണ വിധേയനായ സൂദര്‍ശന്‍ പത്മനാഭന്‍ അടക്കമുള്ള അധ്യാപകരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. സുദര്‍ശന്‍ പത്മനാഭനെ കൂടാതെ ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകര്‍ക്കാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുന്നത്. ഇന്ന് തന്നെ ഹാജരാകാനാണ് നിര്‍ദേശം.

---- facebook comment plugin here -----

Latest