ഭിന്നതകള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് എന്‍ഡിഎ കക്ഷികളോട് മോദി

Posted on: November 17, 2019 11:44 pm | Last updated: November 18, 2019 at 11:22 am

ന്യൂഡല്‍ഹി: ചെറിയ തോതിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടു പോകണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച നടന്ന എന്‍ഡിഎ യോഗത്തില്‍ ശിവസേന പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. പൊതുജനത്തോട് എന്‍ഡിഎയ്ക്ക് ബൃഹത്തായ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി ഘടകകക്ഷികളെ ഓര്‍മിപ്പിച്ചു. ‘നമ്മളൊരു വലിയ കുടുംബമാണ്. നമുക്ക് ഒറ്റക്കെട്ടായി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാം. പൊതുജനത്തെ നമ്മള്‍ ബഹുമാനിക്കണം. അവരോടു നമുക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. എന്‍ഡിഎ ഘടകകക്ഷി മീറ്റിങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരുടെ സഖ്യമാണ് എന്‍ഡിഎ. ഓരോരുത്തര്‍ക്കും അവരുടെതായ അഭിപ്രായങ്ങള്‍ കാണും. എന്നാല്‍ ഈ അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എന്‍ഡിഎ വിട്ടതിനു ശേഷമുള്ള ആദ്യയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ശിവസേനയ്‌ക്കൊപ്പം തന്നെ ടിഡിപി, ആര്‍എല്‍എസ്പി എന്നീ പാര്‍ട്ടികളും എന്‍ഡിഎ വിട്ടിരുന്നു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ബിജെപി-ശിവസേന സഖ്യത്തില്‍ വിള്ളല്‍ വീണത്.