സ്മാര്‍ട്ട് സിറ്റി പദ്ധതി: ഉന്നാവില്‍ സ്ത്രീകളടക്കമുള്ള കര്‍ഷകര്‍ക്കുനേരെ പോലീസ് ലാത്തി വീശി

Posted on: November 17, 2019 8:42 pm | Last updated: November 18, 2019 at 11:21 am

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം. ട്രാന്‍സ് ഗംഗാ സിറ്റി പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. നിര്‍മാണത്തിനായി എത്തിച്ച യന്ത്രങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു. പ്രദേശത്തെ പവര്‍ സ്റ്റേഷനിലേക്കുള്ള പൈപ്പ് ലൈനിനും പ്രക്ഷോഭകര്‍ തീയിട്ടു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകളെപ്പോലും പോലീസ് വെറുതെവിട്ടില്ല.

ഇന്നലെ ഉച്ചയോടെയായിരുന്നു കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. ലക്‌നൗവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ട്രാന്‍സ് ഗംഗാ സിറ്റി പദ്ധതിക്കായി യുപി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ സ്ഥലം ഏറ്റെടുത്ത് 7 വര്‍ഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാരോപിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയത്.

അതേസമയം, ആക്രമണം നടത്തിയ കര്‍ഷകര്‍ക്കു നേരെയാണു ലാത്തിവീശിയതെന്നാണ് പോലീസിന്റെ വിശദീകരണം. ഈ വാദം തള്ളുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോകള്‍. പ്രക്ഷോഭത്തിനിടെ സ്ത്രീകള്‍ക്ക് നേരെ പോലീസ് ലാത്തി വീശുന്ന വീഡിയോകള്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. അതേ സമയം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കിയതാണെന്നും പദ്ധതി ഇല്ലാതാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നുമാണ് വ്യവസായ വകുപ്പ് വിശദീകരിക്കുന്നത്.