കായികോത്സവം: സൂര്യജിത്തും ആൻസിയും വേഗതാരങ്ങൾ

Posted on: November 17, 2019 4:13 pm | Last updated: November 17, 2019 at 8:44 pm

കണ്ണൂർ | കായികോത്സവത്തിന്റെ രണ്ടാം ദിനത്തിലും റെക്കോർഡോടെ പൊന്നണിഞ്ഞ ആൻസി സോജനും പാലക്കാടിന്റെ പായുംപുലി ആർ കെ സൂര്യജിത്തും കായികോത്സവത്തിന്റെ വേഗതാരങ്ങളായി.

വാശിയേറിയ മത്സരത്തിനൊടുവിൽ ഫോട്ടോഫിനിഷിലാണ് 100 മീറ്ററിൽ പാലക്കാട് ബിഇഎംഎം എച്ച്എസ് എസ് സ്കൂളിലെ സൂര്യജിത്ത് സ്വർണം നേടിയത്.   110 മീറ്റർ ഹർഡിൽസിലും മത്സരിക്കുന്ന സൂര്യജിത്ത് 100 മീറ്ററിൽ ആദ്യമായാണ് മത്സരിക്കുന്നത്. ഒളിമ്പിക്‍സ് അത്‍ലറ്റിക് ക്ലബിൽനിന്നുള്ള താരങ്ങളാണ് സൂര്യജിത്തിനെ പരിശീലിപ്പിക്കുന്നത്.

അവസാന മീറ്റിൽ ഇരട്ട സ്വർണം നേടിയാണ് ആൻസിയുടെ മടക്കം. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ മീറ്റ് റെക്കോർഡോടെയാണ് തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ഈ മിടുക്കി പൊന്നണിഞ്ഞത്. 12.05 സെക്കൻഡിലാണ് ആൻസി ഫിനിഷ് ചെയ്തത്.  ഇന്നലെ ലോഗ് ജംപിലും ആൻസി റെക്കോർഡോടെ സ്വർണം നേടിയിരുന്നു. 6.24 മീറ്റർ ദൂരം ചാടിയ ആൻസി ദേശീയ റെക്കോർഡിനെക്കാൾ മികച്ച ദൂരം കണ്ടെത്തിയിരുന്നു.