ബൊളീവിയയിലെ അമേരിക്കൻ കൗശലങ്ങൾ

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എക്കാലത്തും ബദൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അത്‌കൊണ്ട് ഈ രാജ്യങ്ങളിൽ തങ്ങൾക്കിഷ്ടമില്ലാത്തവർ അധികാരത്തിൽ വരുമ്പോഴെല്ലാം അമേരിക്ക അതിന്റെ കൗശലങ്ങൾ പുറത്തെടുക്കും.
ലോകവിശേഷം
Posted on: November 17, 2019 10:56 am | Last updated: November 17, 2019 at 10:56 am

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എക്കാലത്തും ബദൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അത്‌കൊണ്ട് ഈ രാജ്യങ്ങളിൽ തങ്ങൾക്കിഷ്ടമില്ലാത്തവർ അധികാരത്തിൽ വരുമ്പോഴെല്ലാം അമേരിക്ക അതിന്റെ കൗശലങ്ങൾ പുറത്തെടുക്കും. ആഭ്യന്തര കുഴപ്പങ്ങൾ സൃഷ്ടിക്കുകയെന്നതാണ് സ്ഥിരം പരിപാടി. ചിലപ്പോൾ നേതാക്കളെ വധിക്കാൻ ശ്രമിക്കും.

ഉപരോധമേർപ്പെടുത്തി ഞെരുക്കത്തിലാക്കും. അന്താരാഷ്ട്ര വേദികളിൽ ഒറ്റപ്പെടുത്തും. ഇത്തരം ഭീഷണികളെയെല്ലാം അതിജീവിച്ച് ലാറ്റിനമേരിക്കൻ ഇടത് ചേരി ഇപ്പോഴും അസ്തമിക്കാതെ നിലനിൽക്കുന്നുവെന്നത് ബദൽ സ്വപ്നങ്ങളെ സജീവമാക്കുന്നുണ്ട്. ഫിദൽ കാസ്‌ട്രോക്ക് ശേഷവും ക്യൂബ വലിയ പരുക്കില്ലാതെ നിൽക്കുന്നു. വെനിസ്വേലയിൽ സർവ കുതന്ത്രങ്ങളും പയറ്റിയിട്ടും ഷാവേസിന്റെ ശിഷ്യൻ നിക്കോളാസ് മദുറോയെ താഴെയിറക്കാൻ യു എസിന് സാധിച്ചിട്ടില്ല. അർജന്റീനയിൽ ഇടതുപക്ഷക്കാരനായ ആൽബർട്ടോ ഫെർണാണ്ടസ് അധികാരത്തിലെത്തിയിരിക്കുന്നു. ചിലിയിലും ഇക്വഡോറിലും നടക്കുന്ന കൂറ്റൻ പ്രക്ഷോഭങ്ങൾ അമേരിക്കയുടെ ചരടിലാടുന്ന സർക്കാറുകൾക്കെതിരെയാണ്. മെക്‌സിക്കോയും നിക്കരാഗ്വേയും അമേരിക്കൻവിരുദ്ധ ചേരിയിൽ തന്നെ നിലയുറപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ, ബൊളീവിയയുടെ പ്രസിഡന്റ്പദത്തിൽ നിന്ന് ഇവോ മൊറേൽസ് പുറത്താക്കപ്പെട്ടിരിക്കുന്നുവെന്നതിനെ ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ സാധാരണ രാഷ്ട്രീയ സംഭവവികാസമായി നിസ്സാരവത്കരിക്കാനാകില്ല. ജനങ്ങൾ തെരുവിലിറങ്ങിയതിന്റെ ഫലമായി സ്ഥാനം വിട്ടൊഴിയാൻ മൊറേൽസ് നിർബന്ധിതനായെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഭാഗികമായ ശരി മാത്രമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് ഇവോ മൊറേൽസ് നാലാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടെടുപ്പിൽ കൃത്രിമം ആരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭം തുടങ്ങിയെന്നത് ശരിയാണ്. ഇത്തരമൊരു പ്രക്ഷോഭത്തിന് ശക്തി പകരുന്ന നിലയിൽ മൊറേൽസിന് ചില തെറ്റുകൾ പറ്റിയെന്നതും വസ്തുതയാണ്. കൊല്ലപ്പെടുമെന്ന് വന്നപ്പോൾ അദ്ദേഹം മെക്‌സിക്കോയുടെ അഭയം തേടുകയും സ്ഥാനമൊഴിയാൻ സ്വയം സന്നദ്ധമാകുകയും ചെയ്തുവെന്നതും യഥാർഥ്യമാണ്.

എന്നാൽ ഈ സംഭവപരമ്പരകൾക്കെല്ലാം പിന്നിൽ അമേരിക്കയും അവരുടെ മുതലാളിത്ത താത്പര്യവുമാണെന്ന് കാണേണ്ടിയിരിക്കുന്നു. ലാറ്റിനമേരിക്കയിൽ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ് ബൊളീവിയ. അമേരിക്കൻ, പാശ്ചാത്യ കമ്പനികൾക്ക് ഇപ്പോഴും പൂർണമായി കടന്നു കയാറാൻ സാധിച്ചിട്ടില്ലാത്ത ബൊളീവിയയെ അസ്ഥിരമാക്കാൻ ദീർഘകാലമായി നടക്കുന്ന ശ്രമങ്ങളുടെ തുടർച്ചയായി വേണം ഇവോ മൊറേൽസിന്റെ പതനത്തെ വിലയിരുത്താൻ. ലാ പാസിലെ അമേരിക്കൻ എംബസിയിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് പ്രതിപക്ഷ നേതാവ് ജനങ്ങളെ ഇളക്കിവിട്ടത്. അന്താരാഷ്ട്ര കരാറുകളുടെ ഭാഗമായി ബൊളീവിയയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഡ്രഗ് ഏജൻസിയും ഈ പദ്ധതിയിൽ പ്രധാന പങ്കു വഹിച്ചു. സൈനിക മേധാവി ജനറൽ വില്യം കലിമാനെ അവർ വിലക്കെടുത്തു. പ്രക്ഷോഭം തുടങ്ങിയപ്പോൾ തന്നെ ഇവോ മൊറേൽസ് അതിന്റെ പരിണതി എന്താകുമെന്ന് കണ്ടിരിക്കണം. അത്‌കൊണ്ടാണ് തുടക്കത്തിലേ അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ സന്നദ്ധനായത്. പക്ഷേ, സൈന്യം ചെവി കൊണ്ടില്ല. അദ്ദേഹത്തെ തടവിലാക്കാനായിരുന്നു നീക്കം. മെക്‌സിക്കോ ഇടപെട്ട് ആ നീക്കം പൊളിച്ചു.

ആരാണ് ഇവോ മൊറേൽസ്? എന്തുകൊണ്ടാണ് അമേരിക്കക്ക് അദ്ദേഹം ശത്രുവാകുന്നത്? രാജ ഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും കാലം പിന്നിട്ട് ജനാധിപത്യത്തിലേക്ക് വന്നിട്ടും സമ്പൂർണമായും നാട്ടുകാരനായ ഒരാൾക്ക് പ്രസിഡന്റാകാൻ കഴിയാത്ത നാടായിരുന്നു ചെ ഗുവേരയുടെ സ്മരണകളുറങ്ങാത്ത ബൊളീവിയ. ഈ പതിവ് തെറ്റിച്ചത് 2005ൽ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ പ്രസിഡന്റായി മൊറേൽസ് വിജയം വരിച്ചതോടെയായിരുന്നു. ബൊളീവിയയിലെ ഏറ്റവും ദരിദ്രമായ ഒറിനോകോ പർവത മേഖലയിലാണ് ജനനം. ആറാം വയസ്സിൽ അച്ഛനോടൊപ്പം കരിമ്പ് വിളവെടുപ്പിന് അർജന്റീനയിലേക്ക് പോയി. പന്ത്രണ്ടാം വയസ്സിൽ തിരിച്ചെത്തുമ്പോൾ നാട് പട്ടിണിയുടെ പിടിയിലായിരുന്നു. കുറേക്കാലം ഇടയനായി. കുറച്ച് കാലം സൈനിക സേവനം നടത്തി. യുവത്വത്തിന്റെ ആദ്യനാളുകളിൽ കൊക്കാ കൃഷിക്കാരുടെ സംഘടനയിൽ അംഗമായി. 23ാം വയസ്സിൽ സംഘടനയുടെ കാര്യദർശിയായി. പിന്നാക്ക അയ്മാര വിഭാഗത്തിൽ നിന്ന് പൊതു രംഗത്ത് ഉയർന്നു വന്ന ആദ്യത്തെ നേതാവ്. ഈയൊരൊറ്റ വിശേഷണം മതിയായിരുന്നു ജുവാൻ ഇവോ മൊറേൽസ് അയ്മയെന്ന തൊഴിലാളി നേതാവിന് പ്രസിഡന്റ്പദത്തിലേക്ക് നടന്നു കയറാൻ.
“സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റ’മെന്ന ശീർഷകത്തിൽ മൊറേൽസ് നടപ്പാക്കിയ നയ പരിപാടികൾ ബൊളീവിയയുടെ സാമ്പത്തിക നില മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നു. പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായിട്ടും ദരിദ്രമാകാനായിരുന്നുവല്ലോ ബൊളീവിയയുടെ വിധി. അസംസ്‌കൃത വസ്തു കയറ്റി അയച്ച് പിഴച്ച് പോകുന്ന രാഷ്ട്രം എന്നതിൽ നിന്ന് ഉത്പാദക രാഷ്ട്രമാക്കി ബൊളീവിയയെ മാറ്റിയെന്നതാണ് മൂവ്‌മെന്റ് ടുവാർഡ്‌സ് സോഷ്യലിസത്തിന്റെ വിജയം.

മൊറേൽസ് വരുന്നതിന് മുമ്പ് രാജ്യത്തെ എണ്ണ, പ്രകൃതി വാതക സമ്പത്ത് പൂർണമായി കൈകാര്യം ചെയ്തിരുന്നത് വിദേശ കുത്തക കമ്പനികളായിരുന്നു. പ്രകൃതി വിഭവങ്ങളിൽ നിന്നുള്ള മിച്ച വരുമാനം പൂർണമായി പുറത്തേക്ക് ഒഴുകുന്ന സ്ഥിതി. മൊറേൽസും സംഘവും ആദ്യം ചെയ്തത് ഈ വാതകപാടങ്ങൾ പൂർണമായി ദേശസാത്കരിക്കുകയായിരുന്നു. ഇതു വഴി ലഭിച്ച അധിക സമ്പത്ത് മുഴുവൻ അടിസ്ഥാന സൗകര്യ മേഖലയിലും സാമൂഹിക സുരക്ഷാ പദ്ധതികളിലും വിദ്യാഭ്യാസത്തിലുമാണ് നിക്ഷേപിച്ചത്. എണ്ണ പ്രകൃതി വാതക ഖനനത്തിന് അമേരിക്കൻ കമ്പനികളെയാണ് ബൊളീവിയ ആശ്രയിച്ചിരുന്നത്. ഈ കമ്പനികളുമായുള്ള കരാർ അവസാനിപ്പിച്ചതോടെ താത്കാലികമായ പ്രതിസന്ധി നേരിട്ടെങ്കിലും വെനിസ്വേലയും ക്യൂബയും റഷ്യയും ചൈനയും ഇറാനുമെല്ലാം സഹകരിച്ചതോടെ മുന്നോട്ട് നീങ്ങാനായി.

ഇതെല്ലാം അമേരിക്കൻ ചേരിക്ക് സഹിക്കാവുന്നതിനപ്പുറമാണ്. എന്നാൽ ശരിക്കും ഉലച്ച് കളഞ്ഞത് ലിഥിയം ഖനനത്തിലെ തീരുമാനമാണ്. ഭാവിയിലെ ഊർജ സ്രോതസ്സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിഥിയത്തിന്റെ വൻ നിക്ഷേപം രാജ്യത്തുണ്ടെന്ന് കണ്ടെത്തിയത് നിർണായക ചുവടു വെപ്പായിരുന്നു. അതോടെ ബഹുരാഷ്ട്ര കുത്തക കമ്പനികൾ ബൊളീവിയയിലേക്ക് വെച്ചു പിടിച്ചു. എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തി ലിഥിയം ഖനനത്തിന്റെ ഉത്തരവാദിത്വം സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയായിരുന്നു മൊറേൽസ്. അന്ന് മുതലാണ് പ്രക്ഷോഭം ശക്തിയാർജിച്ചതും അക്രമാസക്തമായതും.

പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർ ആരെന്ന് നോക്കിയാൽ അതിന്റെ രാഷ്ട്രീയം മനസ്സിലാകും. മൊറേൽസിന്റെ ഭരണം രാഷ്ട്രീയ രംഗത്തുണ്ടാക്കിയ വലിയ മാറ്റം തൊഴിലാളികൾ, കർഷകർ, ചെറുകിട വ്യവസായികൾ, ആദിവാസികൾ തുടങ്ങിയവർക്ക് കൂടുതൽ പങ്കാളിത്തം ലഭിച്ചുവെന്നതാണ്. നേരത്തേ അധികാരം കൈയാളിയിരുന്നു ഉന്നത കുലജാതർ രാഷ്ട്രീയ മണ്ഡലത്തിൽ അപ്രസക്തരായി. ഇക്കൂട്ടരാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഖജനാവിൽ നിന്ന് പണമൊഴുകുന്നത് മുഴുവൻ ഗ്രാമങ്ങളിലേക്കും അടിസ്ഥാനവർഗത്തിലേക്കുമാണെന്നതായിരുന്നു നഗരവാസികളായ ഇവരുടെ പ്രധാന പരാതി.

ഇവോ മൊറേൽസ് വിമർശങ്ങൾക്കതീതനായ വിശുദ്ധനാണെന്നല്ല പറയുന്നത്. അദ്ദേഹത്തിന് നിരവധിയായ പിശകുകൾ സംഭവിച്ചിട്ടുണ്ട്. അധികാര പ്രമത്തത അദ്ദേഹത്തെ ആവേശിച്ചു. പല തീരുമാനങ്ങളും ഏകപക്ഷീയമായിരുന്നു. രാജ്യത്തെ നെടുകെ പിളർക്കുന്ന കൂറ്റൻ അതിവേഗ റോഡ് പദ്ധതി അവയിലൊന്നാണ്. സ്വന്തം അനുയായികൾ പോലും എതിർത്തതോടെ പിൻവാങ്ങേണ്ടി വന്നു. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച അദ്ദേഹത്തിന്റെ നയവും കടുത്ത വിമർശങ്ങൾ ക്ഷണിച്ചു വരുത്തി. കൊക്കെയിൻ നിർമാണത്തിലെ അസംസ്‌കൃത വസ്തുവായ കൊക്കാ ഇല കൃഷി നിരോധിക്കാൻ പഴയ കൊക്കാ യൂനിയൻ നേതാവിന് സാധിക്കില്ലല്ലോ. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിൽ കൊക്കാ ഇലകൾക്ക് ആവശ്യക്കാരുള്ളിടത്തോളം തന്റെ രാജ്യം അത് ഉത്പാദിപ്പിക്കുമെന്നാണ് മൊറേൽസിന്റെ മറുപടി. സത്യത്തിൽ ഈ നയമാണ് യു എസ് ആന്റി ഡ്രഗ് ഏജൻസിക്ക് ബൊളീവിയയിൽ നുഴഞ്ഞ് കയറാനുള്ള അവസരമൊരുക്കിയത്.

സെനറ്റ് അധ്യക്ഷ ജെനീൻ ഷാവേസ് സ്വയം പ്രഖ്യാപിത പ്രസിഡന്റായി എന്നതാണ് ബൊളീവിയയിൽ നിന്നുള്ള പുതിയ വാർത്ത. അവരെ ആക്ടിംഗ് പ്രസിഡന്റായി പാശ്ചാത്യ മാധ്യമങ്ങൾ കൊണ്ടാടുന്നുണ്ട്. പക്ഷേ ജനം അവരെ അംഗീകരിക്കുന്നില്ല. അവർക്കെതിരെയും തെരുവുകൾ അലറുന്നു. അമേരിക്ക ആഗ്രഹിച്ചിടത്ത് തന്നെയാണ് കാര്യങ്ങൾ. അരാജകത്വം, അസ്ഥിരത.