Connect with us

Editorial

ആന്റിബയോട്ടിക്കിന്റെ അമിതോപയോഗം തടയണം

Published

|

Last Updated

വലിയൊരു വിപത്തായി മാറിയിരിക്കയാണ് ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗം. ഉയർന്ന തോതിലാണ് കേരളത്തിൽ ഇവയുടെ ഉപയോഗം. 20,000 കോടിയോളം രൂപയുടെ മരുന്നുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. അതിൽ 20 ശതമാനവും ആന്റിബയോട്ടിക്കുകളാണ്. ചെറിയൊരു രോഗം വരുമ്പോഴേക്കും ആളുകൾ സ്വയംതന്നെ ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുകയാണ്. രോഗം പെട്ടെന്നു സുഖമാകാൻ ഡോക്ടറെ കൊണ്ട് നിർബന്ധിച്ചു ആന്റിബയോട്ടിക്കുകൾ എഴുതിക്കുന്നവരുമുണ്ട്. പിന്നീട് ഒരു മരുന്നും ഫലിക്കാതെ വരുന്നുവെന്നതാണ് ഇതിന്റെ ദുരന്ത ഫലം. അടിക്കടി വിവിധ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന കേരളത്തിൽ മരുന്നുകളേൽക്കാത്ത രോഗാണുക്കളുടെ ആവിർഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ആന്റി ബയോട്ടിക്കുകളുടെ അമിതോപയോഗം ഇതിനൊരു പ്രധാന കാരണമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ദേശീയ തലത്തിൽ നടത്തിയ ഒരു പഠനത്തിൽ രാജ്യത്തെ മൂന്നിൽ രണ്ട് ആളുകളിൽ ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി കണ്ടെത്തിയിരുന്നു. ഡൽഹിയിലെ ആർ എം എൽ, ലേഡിഹർഡിംഗ്, സി എൻ ബി സി, സർഗംഗാറാം തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ നടന്ന മറ്റൊരു പഠനത്തിൽ ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം സ്വയം പ്രതിരോധ ശേഷി നേടിയ സൂപ്പർബഗ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ഈ കണ്ടെത്തലുകൾ ഒരു താക്കീതായി കണക്കാക്കണമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഡോ. പല്ലബ് റെ പറയുന്നത്. അമിതമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവർ അവരുടെ ദഹന വ്യവസ്ഥയിൽ ഈ മരുന്നുകളെ ചെറുക്കാനുള്ള ഒരു സംവിധാനം സ്വയമേവ സജ്ജമാക്കിയിണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

ആന്റിബയോട്ടിക് പ്രതിരോധം ചികിത്സയുടെ കാലയളവ് കൂട്ടാനും കൂടുതൽ നാൾ ആശുപത്രിയിൽ കഴിയാനും ഇടയാക്കുകയും ഇത് ചികിത്സാ ചെലവ് വർധിപ്പിക്കുകയും ചെയ്യും. മാത്രമല്ല, മരുന്ന് പ്രതിരോധം താരതമ്യേന ലഘുവായ രോഗാണു ബാധ പോലും സങ്കീർണ പ്രശ്‌നമായി മാറാനും രോഗിയുടെ മരണത്തിനു വരെ കാരണമാവുകയും ചെയ്യുന്നു. അവയവമാറ്റമുൾപ്പടെയുള്ള സങ്കീർണ ശസ്ത്രക്രിയകൾ പരാജയപ്പെടാനും മരുന്ന് പ്രതിരോധം നേടിയ ബാക്ടീരിയകൾ വഴിയുള്ള രോഗാണുബാധക്ക് വഴിയൊരുക്കാനും ഇടയാക്കും. ഇന്ത്യയിൽ മാരക രോഗാണുബാധയെ തുടർന്നുള്ള മരണ നിരക്ക് കൂടുന്നതിന് പ്രധാന കാരണം ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മുലം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യ ശരീരത്തിലെ 70 ശതമാനം രോഗപ്രതിരോധ ശക്തിക്കും കാരണമാകുന്നത് കുടലാണ്. കുടലിലെ ലക്‌ടോബാസിലസ്, ബിഫിടോ തുടങ്ങിയ ബാക്ടീരിയകൾ ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ദൂരീകരിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് നിലയെ തുലനപ്പെടുത്തുകയും ചെയ്യുന്നു. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം ഈ ബാക്ടീരിയകൾ നശിക്കാൻ ഇടയാക്കും.

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയുന്നതിനു കേരള സർക്കാർ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആന്റി മൈക്രോബിയൽ പ്രതിരോധ കർമ പദ്ധതി (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ആവിഷ്‌കരിച്ചിട്ടുണ്ട്. 2020-ഓടെ കേരളത്തെ ആന്റിബയോട്ടിക് സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതടിസ്ഥാനത്തിൽ സംസ്ഥാനത്താകെ ആന്റി ബയോട്ടിക്കുകളുടെ ദോഷ വശങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുന്നതിനു കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കയാണ്. ആഗോളതലത്തിൽ ആന്റീബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയുന്നതിനായി ഈ മാസം 18 മുതൽ 24 വരെ ലോകാരോഗ്യ സംഘടന ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നുണ്ട്. ഈ വാരാചരണം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനു യോഗം പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്.

പനിയും ജലദോഷവും പിടിപെടുമ്പോൾ മരുന്നുകടകളിൽ പോയി ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്ന സ്വയം ചികിത്സ ജനങ്ങൾ ഒഴിവാക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു നൽകുന്ന രീതി ഫാർമസികൾ പൂർണമായും അവസാനിപ്പിക്കുകയും വേണം. കുറിപ്പില്ലാതെ മരുന്നു നൽകുന്ന മരുന്നു ഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗത്തിനെതിരായ ബോധവത്കരണം വിജയിക്കണമെങ്കിൽ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, മരുന്ന് വിൽപ്പനശാലകൾ എന്നിവരെ പങ്കാളികളാക്കേണ്ടതാവശ്യമാണ്.

മരുന്നുപോയോഗത്തെക്കുറിച്ച് ബോധവത്കരണത്തിനു പുറമെ ഭക്ഷണകാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. ഇറച്ചിക്കോഴികളുടെ ഉപയോഗം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്നുണ്ട്. കോഴികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി കോഴിഫാമുകാർ ഉയർന്ന തോതിലാണ് ആന്റിബയോട്ടിക്കുകൾ നൽകുന്നത്. ഇത്തരം മാംസം തുടർച്ചയായി കഴിക്കുന്നത് മൂലം മരുന്നിന്റെ അംശം മനുഷ്യശരീരത്തിലെത്തിച്ചേരുന്നു. മരുന്ന് കമ്പനികളുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ് ഡോക്ടർമാർ ആവശ്യത്തിൽ കവിഞ്ഞ തോതിൽ മരുന്നുകൾ നിർദേശിക്കുന്ന പ്രവണതയും തടയേണ്ടതുണ്ട്. ഏറ്റവും ആവശ്യമായ ഏതാനും ആന്റിബയോട്ടിക്കുകൾ മാത്രം ആശുപത്രികളിൽ വിതരണം ചെയ്യുന്ന രീതിയിൽ ഇക്കാര്യത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. ശക്തിയേറിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കണമെങ്കിൽ വിദഗ്ധരുടെ അനുവാദം വേണമെന്ന നിബന്ധനയിലൂടെയും മരുന്നുകളുടെ അമിതോപയോഗം തടയാനാകുമെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.