എന്‍ഡിഎ യോഗം ശിവസേന ബഹിഷ്‌കരിക്കും; രാജ്യസഭയില്‍ പ്രതിപക്ഷത്തിരിക്കും

Posted on: November 16, 2019 9:46 pm | Last updated: November 17, 2019 at 9:59 am

മുംബൈ: പാര്‍ലമെന്റില്‍ ശൈത്യകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കാനിരിക്കെ എന്‍ ഡി എ യോഗം ബഹിഷ്‌കരിക്കുമെന്ന് ശിവസേന. രാജ്യസഭയില്‍ പാര്‍ട്ടി പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി കേന്ദ്രമന്ത്രി സ്ഥാനം ശിവസേന രാജിവെച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്നാണ് ഏറെക്കാലമായി തുടര്‍ന്നുവന്ന ശിവസേന- ബിജെപി സഖ്യം വഴി പിരിഞ്ഞത്. ശിവസേനയുടെരണ്ട് എം പിമാരുടെ ഇരിപ്പിടം ഭരണപക്ഷത്ത് നിന്ന് മാറ്റിയതായും പാര്‍ട്ടി ഇനി പ്രതിപക്ഷത്ത് ഇരിക്കുമെന്നുംരാജ്യസഭ എം പി കൂടിയായ റാവത്ത് പറഞ്ഞു.

പുതിയ എന്‍ ഡി എയും പഴയ എന്‍ ഡി എയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന്റാവത്ത് പറഞ്ഞു.ആരാണ് ഇന്നത്തെ എന്‍ ഡി എയുടെ അധ്യക്ഷന്‍. അദ്വാനിയെ പോലുള്ള എന്‍ ഡി എയുടെ സ്ഥാപകന്‍മാര്‍ പലരും എന്‍ ഡി എ വിടുകയോ സജീവമല്ലാതാകുകയോ ചെയ്‌തെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേന എന്‍ സി പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്തിപ്പോള്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്..