ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം

Posted on: November 16, 2019 4:20 pm | Last updated: November 16, 2019 at 4:20 pm

അബുദാബി: പ്രമുഖ വിദേശ ധനവിനിമയ സ്ഥാപനമായ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഏറ്റവും മികച്ച ധന വിനിമയ വ്യവസായ സ്ഥാപനം എന്ന നിലയിലാണ് അവാര്‍ഡ് ലഭിച്ചത്. ലണ്ടനിലെ കെന്‍സിംഗ്ടണ്‍ പാലസിലെ ദി സ്റ്റേറ്റ് അപ്പാര്‍ട്ടുമെന്റില്‍ നടന്ന 2019 ലെ ലോക ബ്രാന്‍ഡിംഗ് അവാര്‍ഡിലാണ് ലുലു എക്‌സ്‌ചേഞ്ചിന് ധനകാര്യ വിഭാഗത്തില്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചത്.

യുഎഇയില്‍ മാത്രം 75 ലധികം ശാഖകളുള്ള ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന് ആഗോളതലത്തില്‍ 180 ബ്രാഞ്ചുകളുണ്ട്. ആഗോള പണ കൈമാറ്റം, വിദേശനാണ്യം, ശമ്പള അഡ്മിനിസ്‌ട്രേഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ലുലു എക്്‌സ്‌ചേഞ്ച് ഇതോടെ ഏറ്റവും വിശ്വസനീയമായ പേരുകളില്‍ ഒന്നായി മാറി.

ലുലു എക്‌സ്‌ചേഞ്ചിന് ലോക പ്രശസ്ത ബ്രാന്‍ഡിംഗ് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും ഔദ്യോഗികമായി അംഗീകാരം ലഭിക്കുന്നത് വലിയ പദവിയാണെന്നും അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ച ലുലു എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. പ്രശസ്തമായ വേള്‍ഡ് ബ്രാന്‍ഡിംഗ് ഫോറത്തിന്റെ വാര്‍ഷിക ഗാലയില്‍ സമ്മാനിക്കുന്ന ബ്രാന്‍ഡ് ഓഫ് ദി ഇയര്‍, വ്യവസായ വിഭാഗങ്ങളിലെ ബ്രാന്‍ഡിംഗിലെ മികച്ച നേട്ടം അംഗീകരിക്കുന്ന വ്യവസായ അവാര്‍ഡാണ്. വിശകലനം, ഓണ്‍ലൈന്‍, മാര്‍ക്കറ്റ് റിസര്‍ച്ച് എന്നിവയുടെ വിലയിരുത്തല്‍ അടിസ്ഥാനമാക്കിയാണ് വിധികര്‍ത്താക്കള്‍ വിജയികളെ തിരഞ്ഞെടുക്കുന്നത്. സ്ഥിരതയും പുതുമയും വിജയകരമായി കൂട്ടിച്ചേര്‍ക്കുന്നതിലൂടെയാണ് ഞങ്ങളുടെ പ്രശസ്തി കെട്ടിപ്പടുത്തിരിക്കുന്നതെന്ന് അദീബ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഈ അവാര്‍ഡുകളുടെ പതിപ്പുകളിലും വിജയകരമായ മുന്നേറ്റം തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.