Connect with us

Kerala

ശബരിമല ദര്‍ശനത്തിനെത്തിയ പത്ത് ആന്ധ്ര സ്വദേശിനികളെ തിരിച്ചയച്ചു

Published

|

Last Updated

പത്തനംതിട്ട: ശബരിമല നട തുറക്കുന്ന ദിവസം തന്നെ ദര്‍ശനത്തിനായി പമ്പയിലെത്തിയ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ് തിരിച്ചയച്ചത്.യുവതി പ്രവേശനം സുപ്രീം കോടതി റദ്ദ് ചെയ്യാത്ത സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് യുവതികള്‍ ശബരിമലയിലെത്താന്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നട തുറക്കുന്ന ദിവസം തന്നെ പത്തോളം പേര്‍ എത്തിയത് പോലീസിനെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ ശബരിമലയിലെ ആചാരങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്ന് തിരിച്ചയച്ച യുവതികള്‍ പ്രതികരിച്ചു.
സ്ത്രീകള്‍ക്കൊപ്പമുള്ള പുരുഷന്‍മാര്‍ കാര്യം തിരക്കിയപ്പോള്‍ ഇത്തരത്തിലൊരു വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് പോകാന്‍ ആകില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടക യാത്രയുടെ ഭാഗമായി എത്തിയതാണെന്നും മടങ്ങിപ്പോകുന്നതിന് എതിര്‍പ്പില്ലെന്നും പറഞ്ഞു.

സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതീ പ്രവേശം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് ആന്ധ്ര യുവതികളെ പമ്പയില്‍ നിന്ന് മടക്കിഅയച്ചതെന്നാണ് വിവരം. ശബരിമല ആചാരങ്ങള്‍ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുവതികളെ ബോധ്യപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ തവണത്തേത് പോലുള്ള കനത്ത സുരക്ഷയില്ലെങ്കിലും പ്രധാന ബേസ് ക്യാമ്പായ നിലക്കലില്‍ കഴിഞ്ഞതവണത്തെപ്പോലെ പരിശോധന തുടരുന്നുണ്ട്. എല്ലാ സ്വകാര്യവാഹനങ്ങളും പരിശോധിക്കും. നിലക്കല്‍വരെയാണ് തീര്‍ഥാടകവാഹനം അനുവദിച്ചിട്ടുള്ളത്.