Connect with us

Kerala

മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ വധഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. പതിവ് സുരക്ഷാ നടപടികള്‍ക്ക് വിത്യസ്തമായി അതിക സുരക്ഷയാണ് ഡല്‍ഹി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസുകാരാണ് മുഖ്യമന്ത്രിക്കായി സുരക്ഷക്കുള്ളത്. മുഖ്യമന്ത്രിക്കൊപ്പമുള്ള സംസ്ഥാന പോലീസിന് പുറമെയാണിത്. നേരത്തെ ഡല്‍ഹിയിലെത്തിയാല്‍ രണ്ട് കമാന്‍ഡോകളായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാറില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇ സഡ്പ്ലസ് കാറ്റഗറിക്ക് സമാനമായാണ് സുരക്ഷ. അതിക പൈലറ്റ് വാഹനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഹൗസിനും സമീപത്തുമെല്ലാം സുരക്ഷാ സേനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നിടത്തെല്ലാം കൂടുതല്‍ സുരക്ഷ ഒരുക്കാനാണ് ഡല്‍ഹി പോലീസിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം വടകര പോലീസ് സ്‌റ്റേഷനിലേക്കാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് എത്തിയത്. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പറയുന്നത്.

അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ പേരാമ്പ്ര എസ് ഐ ഹരീഷിനും കത്തില്‍ വധ ഭീഷണിയുണ്ടായിരുന്നു.