തൃപ്തി ദേശായ് നാളെ ശബരിമലയിലേക്ക്; വരുന്നത് കോടതി ഉത്തരവുമായി

Posted on: November 16, 2019 11:48 am | Last updated: November 16, 2019 at 12:40 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ മണ്ഡല കാലത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ സങ്കര്‍ഷത്തിനിടയാക്കിയേക്കാവുന്ന പ്രസ്താവനയുമായി തൃപ്തി ദേശായ്. ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. ശബരിമലയില്‍ വരുന്ന യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പ്രതികരണം. തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ട്. ഈ വിധിക്ക് ഒരു സ്റ്റേയും അനുവദിച്ചിട്ടില്ല. ഇതിനാല്‍ നാളതന്നെ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നല്‍കേണ്ടത്. ഇപ്പോഴും 2018 ലെ വിധി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.