Connect with us

Kerala

കെ എസ് ആര്‍ ടി സി: സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ശമ്പളം നല്‍കാനാകില്ല- മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധിയുടെ തീവ്രത തുറന്ന് പറഞ്ഞ് ഗതാഗാതമന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നും അടിയന്തിര സഹായം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. അടിയന്തിര സഹായമായി 39 കോടി രൂപ ധനമന്ത്രിയോട് കോര്‍പറേഷന്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ല , ഡി എ കുടിശ്ശിക നല്‍കിയിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം ജീവനക്കാര്‍ നേരത്തെ പണിമുടക്കിയിരുന്നു. വാടക വണ്ടിയെടുക്കാനുള്ള നീക്കം സ്വകാര്യവത്കരണത്തിനു വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞമാസം രണ്ടു തവണയായിട്ടാണ് ശമ്പള വിതരണം നടത്തിയത്. ഈ മാസത്തെ ശമ്പള വിതരണത്തില്‍ വ്യക്തതയില്ല.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പകുതി ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന കാരണത്താലാണ് കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പെന്‍ഷന്‍കാരുടെ അവസ്ഥയും സമാന സാഹചര്യത്തിലാണുള്ളത്.