Connect with us

Kerala

ശബരിമല വിധിയില്‍ വ്യക്തത ആവശ്യം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സുപ്രീം കോടതിയുടെ ഏറ്റവും ഒടുവിലത്തെ വിധിയുമായി ബന്ധപ്പെട്ട് ഇനിയും കുറെ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ചംഗ ബഞ്ചിന്റെ ഇന്നത്തെ ഭൂരിപക്ഷ വിധിയിലും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള നേരത്തെയുള്ള നിലപാട് തിരുത്തിയിട്ടില്ല എന്നതിനാല്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വിധിയില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോടതി വിധി എന്തായാലും അത് അംഗീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇപ്പോഴത്തെ വിധിയുടെ വിശാദാംശങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നേരത്തയുള്ള അഞ്ചംഗ ബഞ്ചിന്റെ വിധി അതേ രീതിയില്‍ നില്‍ക്കുന്നുവെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. അത് കുറേ കൂടി വ്യക്തത വരുത്തണം. ലിംഗ സമത്വവുമായി ബന്ധപ്പെട്ട മറ്റു ചില പ്രശ്‌നങ്ങളാണ് കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് പരിശേധിക്കുന്നത്. പരിശോധനയുടെ ഫലവും ചേര്‍ത്ത് അഞ്ചംഗ ബഞ്ച് ശബരിമല വിധി വീണ്ടും പരിശോധിക്കുമോ അതോ ശബരിമല വിധിയാകെ ഏഴംഗ ബഞ്ചിന്റെ പരിശോധനക്ക് നല്‍കുമോ എന്ന കാര്യം വ്യക്തമാകാനുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

വിധി എന്തായാലും നടപ്പാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വിധിയുടെ എല്ലാ നിയമ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും അക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.