Connect with us

Kerala

ശബരിമല: ഹരജികള്‍ വിശാല ബഞ്ചിനു വിട്ടതില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയം-കനകദുര്‍ഗ

Published

|

Last Updated

മലപ്പുറം: ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹരജികള്‍ വിശാല ബഞ്ചിനു വിട്ട ഉത്തരവില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കുന്നതായി ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ. യുവതി പ്രവേശനത്തിന് വിലക്കില്ലെങ്കില്‍ വീണ്ടും ശബരിമലയില്‍ പോകുമെന്നും അവര്‍ പറഞ്ഞു.

തീരുമാനം വിശാല ബഞ്ചിനു വിട്ടതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പുനപ്പരിശോധനാ ഹരജികള്‍ പരിഗണിച്ച് വീണ്ടും തീരുമാനിക്കണമെന്ന പുതിയ ഉത്തരവില്‍ രാഷ്ട്രീയമുണ്ടാകാന്‍ സാധ്യതയുണ്ട്.
മൗലികാവകാശം അടിസ്ഥാനമാക്കിയാണ് കോടതി നേരത്തെ യുവതീ പ്രവേശം അനുവദിച്ചത്. അത് നിലനിര്‍ത്തുന്നതിന് പുരോഗമന ചിന്താഗതിക്കാരായ യുവതികള്‍ നിയമ പോരാട്ടം തുടരേണ്ടതുണ്ട്.

12 വര്‍ഷം വിഷയത്തിന്റെ മുഴുവന്‍ വശങ്ങളും പരിശോധിച്ചാണ് യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയുണ്ടായത്. എന്നിട്ടു പോലും വിശ്വാസവും രാഷ്ട്രീയവുമെല്ലാം കൂട്ടിക്കുഴച്ച് കലാപമുണ്ടാക്കി. പുനപ്പരിശോധനാ ഹരജിയില്‍ വിധി വരാന്‍ ആറോ ഏഴോ വര്‍ഷമെടുക്കുമെന്നതും കാണണമെ ന്ന്‌ കനകദുര്‍ഗ കൂട്ടിച്ചേര്‍ത്തു.