Connect with us

Ongoing News

അസ്മാഉന്നബി; തിരുനബി തങ്ങളുടെ ഭവവും ഭാവവും

Published

|

Last Updated

തിരുനബി തങ്ങളെ കുറിച്ചുള്ള ഏതൊരു മുസ്‌ലിമിന്റെയും ആദ്യ ഭാവനകൾ ചെറുപ്പത്തിലേ രൂപപ്പെടുന്നത് അൽഅമീൻ (വിശ്വസ്തൻ) എന്ന് മക്കാനിവാസികൾ വിളിച്ച പേരിലൂടെയാണ്. മദ്‌റസാ പാഠ പുസ്തകത്തിൽ നിന്ന് ഇപ്പോഴും ഓർക്കുന്ന ഒരു വാക്യം നബിതങ്ങൾക്ക് അൽഅമീൻ എന്നു പേരുവിളിക്കപ്പെട്ടു എന്നതാണ്. “മുഹമ്മദ്” എന്ന ആദ്യത്തെ പേരിനു പുറമെ ഖുറൈശി തറവാട്ടിലെ അബ്ദുല്ലയുടെ മകനെ വിശേഷിപ്പിക്കാനും വിളിക്കാനും വിശദീകരിക്കാനും വ്യാപകമായി ഉപയോഗിച്ച രണ്ടാമത്തെ പേരായിരുന്നു അൽഅമീൻ എന്നത്. മക്കാ നിവാസികൾ നൽകിയ ഈ വിശേഷണം നുബുവ്വത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തിരുനബി തങ്ങൾക്കു അത്താണിയായി മാറുന്നുമുണ്ട്. പ്രബോധന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു മക്കാ നിവാസികളെയെല്ലാം തിരുനബി തങ്ങൾ ജബൽ ഖുബൈസിന്റെ താഴ്‌വാരത്ത് ഒരുമിച്ചു കൂട്ടി. “ഈ മലയുടെ മറുഭാഗത്തു നിന്ന് ഒരു സൈന്യം നിങ്ങളെ ആക്രമിക്കാൻ വരുന്നു എന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ” എന്ന ചോദ്യത്തിന് “അൽഅമീൻ പറയുന്നത് ഞങ്ങൾ വിശ്വസിക്കാതിരിക്കുമോ” എന്നായിരുന്നു അവരുടെ പ്രതികരണം. തിരുനബി തങ്ങളെ കുറിച്ചു മുസ്‌ലിമിന്റെ ഓരോ ആലോചനകളും പിന്നീട് വളർന്നു വലുതാകുന്നത് നബിതങ്ങളെ അഭിസംബോധന ചെയ്യാൻ പല സന്ദർഭങ്ങളിലായി പലരും ഉപയോഗിച്ച പേരുകളിലൂടെയാണ്.
ഖുർആൻ തന്നെ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് തിരുനബി തങ്ങളെ അഭിസംബോധന ചെയ്യുന്നതും പരിചയപ്പെടുത്തുന്നതും. ക്രിയാ പദങ്ങൾ ഉൾപ്പെടെ ഖുർആനിൽ തന്നെ തിരുനബി തങ്ങളെ സൂചിപ്പിക്കാൻ 121 പേരുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ തന്നെ 77 തവണ ഖുർആൻ നേരിട്ടും വ്യക്തമായും അഭിസംബോധന ചെയ്യുന്നുണ്ട്. അഭിസംബോധന ചെയ്യപ്പെടുന്ന സമയങ്ങളിലുള്ള തിരുനബി തങ്ങളുടെ അവസ്ഥയിലേക്ക് കൂടി സൂചന നൽകുന്ന പേരുകളും ഖുർആനിൽ കാണാം. “യാ അയ്യുഹൽ മുസമ്മിൽ” എന്ന് അഭിസംബോധന ചെയ്യുന്നു. പിന്നീട് ഇത് തിരുനബി തങ്ങളുടെ പേരു തന്നെയായും പലയിടത്തും ഉപയോഗിക്കുന്നുണ്ട്. പ്രവാചക പ്രകീർത്തനത്തിന്റെ മാസ്റ്റർ പീസുകളിൽ ഒന്നായ ഇമാം അൽജസൂലിയുടെ പ്രസിദ്ധമായ ദലാഇലുൽ ഖൈറാത്തിൽ തിരുനബി തങ്ങളെ സൂചിപ്പിക്കാൻ 84 പേരുകൾ ഉപയോഗിക്കുന്നു. ശൈഖ് ബറകത്ത് അലി ലുധിയാൻവിയുടെ അസ്മാഉന്നബി കരീമിൽ പ്രവാചകരുടെ 1400 ലധികം പേരുകൾ പരിചയപ്പെടുത്തുന്നതായി പണ്ഡിതന്മാർ രേഖപ്പെടുത്തുന്നുണ്ട്. അസ്മാഉൽ ഹുസ്‌ന (അല്ലാഹുവിന്റെ പേരുകൾ)യെയും അസ്മാഉന്നബി (തിരുനബി തങ്ങളുടെ പേരുകൾ) യെയും താരതമ്യപ്പെടുത്തിക്കൊണ്ട് അല്ലാഹുവിന്റെ സ്വഭാവ വിശേഷണങ്ങളെ എങ്ങനെയൊക്കെയാണ് തിരുനബിതങ്ങൾ മൂർത്തവത്കരിക്കുന്നത് എന്നും ചില പണ്ഡിതന്മാർ വിശദീകരിക്കുന്നു.

മീമില്ലാത്ത അഹമ്മദാണ് അഹദ് എന്ന സൂഫീ ഭാവന എത്ര മനോഹരമായാണ് ഈ താദാത്മ്യത്തെ വിശദീകരിക്കുന്നത്. അല്ലാഹു തന്റെ വിശേഷണപദത്തെ, പേരിനെ തിരുനബി തങ്ങൾക്കു കൂടി പങ്കുവെച്ചു കൂടിയാണ് അവിടുത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നത് എന്ന് ആൻമേരി ഷിമ്മൽ നിരീക്ഷിക്കുന്നുണ്ട്. അല്ലെങ്കിലും അല്ലാഹുവിന്റെ പേരിനോടൊപ്പം മുഹമ്മദ് എന്നുകൂടി ചേർത്തിപ്പറയാതെ ഒരാളുടെ സത്യസാക്ഷ്യം തന്നെ പൂർണമാകില്ലല്ലോ. അങ്ങനെ ഒരുപാട് പേരുകൾ ഉള്ള ഒരാൾ ആയാണ് മുഹമ്മദ് മുസ്തഫാ തങ്ങൾ നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നത്. എന്തുകൊണ്ടാണ് ഒരു മനുഷ്യൻ ഇത്രയധികം പേരുകളിൽ വിളിക്കപ്പെടുന്നത്? എന്താണ് ഈ പേരു വിളികളുടെ പൊരുൾ? പേരുകളിലൂടെ അല്ലാഹു ഈ പ്രപഞ്ചത്തെ ആദം നബിക്ക് പരിചയപ്പെടുത്തിക്കൊടുത്തു എന്നു ഖുർആനിൽ തന്നെയുണ്ട്. ഏതൊന്നിനെയും കുറിച്ചുള്ള പൊരുൾ അതിന്റെ പേരുകളിൽ തന്നെ ഉണ്ട് എന്നു സാരം. അപ്പോൾ പിന്നെ പൊരുളുകളുടെ സാഗരമായ തിരുനബി തങ്ങൾക്ക് ഇത്രയേറെ പേരുകൾ ഇല്ലാതിരിക്കുന്നതെങ്ങിനെ? പേരുകളിലൂടെ ആദം നബിക്കു പ്രപഞ്ചത്തെ പരിചയപ്പെടുത്തിക്കൊടുത്ത അല്ലാഹു എന്തുകൊണ്ടാകും നബിതിരുമേനി തങ്ങൾക്കു ഇത്രയധികം പേരുകൾ വേണമെന്നു നിശ്ചയിയിച്ചിട്ടുണ്ടാവുക? അതിലൂടെ തിരുനബി തങ്ങളെ കുറിച്ചു നാം എങ്ങിനെ, എന്തൊക്കെ അറിയണം എന്നായിരിക്കും അല്ലാഹുവിന്റെ കരുതൽ?

Latest