ജനാധിപത്യ സംവാദങ്ങള്‍ക്ക് തുടര്‍ച്ച വേണം

സുപ്രീം കോടതിയുടെ ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ മനുഷ്യ മനസ്സില്‍ വ്യാപകമായി രൂപം കൊണ്ട ഭീതി സംഘ്പരിവാര്‍ ആശയത്തിന്റെ വിജയമാണോ എന്ന് സവിശേഷമായ പരിശോധന ആവശ്യപ്പെടുന്നു.  
Posted on: November 14, 2019 1:28 pm | Last updated: November 14, 2019 at 1:28 pm

2019ല്‍ മോഹന്‍ ഭാഗവതിന്റെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്രസ്താവനയുണ്ട്. അത് ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, ഇത് സംഘ് ആശയങ്ങളുടെ വിജയകാലം. ഇതിനെ വിശകലനം ചെയ്ത് കൊണ്ട് അദ്ദേഹം തുടര്‍ന്ന് പറയുന്നു, ആര്‍ എസ് എസ് രൂപം കൊണ്ട ശേഷം നേരിട്ട ആദ്യ 20 കൊല്ലം അവഗണനയുടേതായിരുന്നു. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയ ആ കാലം കൃത്യമായും 1925 മുതല്‍ 45 വരെയുള്ള കാലമായിരുന്നു. സത്യത്തില്‍ ആ കാലത്തില്‍ ആര്‍ എസ് എസ് അതല്ലാതെ മറ്റൊന്നും അര്‍ഹിച്ചിരുന്നുമില്ല. കാരണം സ്വാതന്ത്ര്യ സമരം കത്തിജ്വലിച്ചു നിന്ന ആ കാലത്ത് അതുമായി ഒരു ബന്ധവും പുലര്‍ത്താതെ മാറിനില്‍ക്കുകയായിരുന്നു ആര്‍ എസ് എസ്. അതിലുപരി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിന് വല്ല ബന്ധവുമുണ്ടായിരുന്നെങ്കില്‍ അത് വഞ്ചനയുടെയും ഒറ്റിക്കൊടുക്കലിന്റെയും ബന്ധമായിരുന്നു. 1913 നവംബര്‍ 14ന് സവര്‍ക്കര്‍ എഴുതിയ മാപ്പപേക്ഷ മുതലുള്ള ചരിത്രം വെച്ചുനോക്കിയാല്‍ സംഘ്പരിവാറിന് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയത് അവര്‍ അര്‍ഹിക്കുന്ന പരിഗണനയും പുരസ്‌കാരവുമായിരുന്നു. അതാണ് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയ അവഗണനയുടെ 20 വര്‍ഷങ്ങള്‍.
അതിന് ശേഷം 70 വര്‍ഷം എതിര്‍പ്പിന്റേതായിരുന്നു. അത് മഹാത്മാ ഗാന്ധിയുടെ വധം മുതലുള്ള കാലഘട്ടമാണ്. എതിര്‍ക്കുകയല്ലാതെ ആ സംഘടനയെ ഇന്ത്യക്കാര്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതും അവര്‍ അര്‍ഹിക്കുന്നതായിരുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തെ മോഹന്‍ ഭാഗവത് വിളിക്കുന്നത് ഇത് സംഘ്പരിവാര്‍ ആശയങ്ങളുടെ വിജയകാലം എന്നാണ്. കൃത്യം 2014 മുതല്‍ 19 വരെയുള്ളതും ഇപ്പോള്‍ തുടരുന്നതുമായ ഒരു കാലഘട്ടത്തെയാണ് അദ്ദേഹം സംഘ്പരിവാര്‍ ആശയങ്ങളുടെ വിജയകാലം എന്ന് വിശേഷിപ്പിക്കുന്നത്.

ഏറ്റവും അപകടകരമായ ഈ പ്രസ്താവനയെ വളരെ അലസമായിട്ടാണ് സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പോലും നോക്കിക്കണ്ടത്. ഈ പ്രസ്താവനയുടെ അപകടം മനസ്സിലാകണമെങ്കില്‍, ഇന്ത്യയില്‍ നാളിതുവരെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും രാഷ്ട്രീയ പാര്‍ട്ടിയും ഇത്ര മാരകമായ പ്രസ്താവന നടത്തിയിട്ടില്ല എന്നത് ഓര്‍മവേണം. ഉദാഹരണമായി കോണ്‍ഗ്രസ് സമാനതകളില്ലാത്ത വന്‍ വിജയം നേടിയത് 1984ലാണ്. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷ്യത്വത്തെ തുടര്‍ന്ന് കോണ്‍ഗ്രസിനുണ്ടായ വിജയം അതിന്റെ ചരിത്രത്തിലെ അഭൂതപൂര്‍വമായ വിജയമായിരുന്നു. പക്ഷേ അന്ന്, കോണ്‍ഗ്രസ് മഹാ വിജയം നേടിയെന്നതല്ലാതെ, മഹാത്മാ ഗാന്ധിയുടെ ആശയത്തിന്റെ, അല്ലെങ്കില്‍ നെഹ്‌റുവിന്റെ ആശയത്തിന്റെ വിജയ കാലമാണിതെന്ന ഒരു പ്രസ്താവന കോണ്‍ഗ്രസ് നടത്തിയിട്ടില്ല. നടത്താന്‍ കഴിയുമായിരുന്നില്ല. അതുപോലെ തന്നെ 1967ല്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി വന്‍ വിജയം നേടി. എന്നാല്‍ ഐക്യമുന്നണിയുടെ വന്‍ വിജയം എന്നല്ലാതെ ഇടതുപക്ഷ ആശയത്തിന്റെ വന്‍ വിജയമെന്നോ ഇടതുപക്ഷ ജനാധിപത്യ ആശയത്തിന്റെ വന്‍ വിജയമെന്നോ പറയുകയുണ്ടായില്ല. ലോകത്ത് ഹിറ്റ്‌ലറും മുസ്സോളിനിയും ഫ്രാങ്കോയും അടക്കമുള്ള ഭരണാധികാരികളും അവരുടെ ഭരണത്തിന്റെ വിജയമെന്നല്ലാതെ ആശയത്തിന്റെ വിജയം ഇതാ കൈവരിച്ചിരിക്കുന്നു എന്ന തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയതായി ഓര്‍മയിലില്ല. പറഞ്ഞുവരുന്നത് സംഘ്പരിവാര്‍ ആശയങ്ങളുടെ വിജയകാലം എന്ന ഈ പ്രസ്താവന വിശദമാക്കാന്‍ ശ്രമിക്കുന്നത് സംഘ്പരിവാറുകാര്‍ അല്ലാത്ത, അതിനെ വിയോജിക്കുന്നവരുടെ മനസ്സിലേക്ക് സംഘ്പരിവാര്‍ ആശയം പലതരത്തില്‍ പല വഴികളിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു എന്നതാണ്. ഒരു പക്ഷേ സുപ്രീം കോടതിയുടെ ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ മനുഷ്യ മനസ്സില്‍ വ്യാപകമായി രൂപം കൊണ്ട ഭീതി ഇത്തരമൊരു സംഘ്പരിവാര്‍ ആശയത്തിന്റെ വിജയമാണോ എന്ന് സവിശേഷമായ പരിശോധന ആവശ്യപ്പെടുന്നു.

ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും, ഐക്യരാഷ്ട്ര സഭ മുതല്‍ പ്രാദേശിക കാര്യങ്ങളില്‍ വരെ, ഭരണ നേതൃത്വത്തെ കുറിച്ചുള്ള വിശകലനം മുതല്‍ ലോക നേതാക്കളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വരെ തെരുവുകളില്‍ തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലത്ത് സുപ്രീം കോടതിയുടെ തത്സംബന്ധമായ വിധിയെ കുറിച്ച് ജനാധിപത്യ സംവാദം സംഭവിക്കാതെ പോകുന്നത് എന്തു കൊണ്ടാണ്? സുപ്രീം കോടതിയുടെ വിധി തീര്‍ച്ചയായും പരമോന്നത കോടതിയുടെ വിധിയാണ്. അത് അംഗീകരിക്കാന്‍ മാത്രമല്ല അതിനെ വിമര്‍ശിക്കാനും ജനാധിപത്യത്തില്‍ അവകാശമുണ്ട്. മാത്രമല്ല നിലനില്‍ക്കുന്ന ഭരണ സംവിധാനം അനുസരിച്ച് തന്നെ റിവ്യൂ പെറ്റീഷന്‍ വേണ്ടവര്‍ക്ക് നല്‍കാവുന്നതുമാണ്. അങ്ങനെയിരിക്കെ, ഈ വിധിയെ കുറിച്ചുള്ള സൂക്ഷ്മവും ആരോഗ്യപരവുമായ, മതനിരപേക്ഷ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ടുള്ള ഒരു സംവാദത്തെ സ്വാഗതം ചെയ്യുന്നതിന് പകരം ആരാണ് അതിനെ ഭയപ്പെടുന്നത്? അത്തരമൊരു സംവാദം നടത്തേണ്ട ജനസമൂഹം അതില്‍ പങ്കെടുക്കാതെ സ്വയം ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ ഭയം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും മാനവികതക്കും മനുഷ്യത്വത്തിനും എന്തെങ്കിലും തരത്തിലുള്ള ഗുണമോ ഊര്‍ജമോ നല്‍കുമോ? ഇതാണ് നാമുന്നയിക്കേണ്ട പ്രധാന ചോദ്യം. മാത്രമല്ല കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത്, അസമിലെ ലക്ഷക്കണക്കിന് ആളുകള്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തുനില്‍ക്കുന്നത്, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്നത്, സുപ്രീം കോടതിയിലെ വിധി തുടങ്ങിയ എല്ലാ കാര്യങ്ങളെ കുറിച്ചും സംവാദങ്ങളും അന്വേഷണവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക.

സുപ്രീം കോടതിയുടെ ബാബരി വിധിയെ വിശകലനം ചെയ്യുമ്പോള്‍ ഉദിക്കുന്ന മറ്റൊരു പ്രശ്‌നം കോടതി തന്നെ കൃത്യമായും ചൂണ്ടിക്കാണിച്ച മൂന്ന് കാര്യങ്ങളാണ്. അതില്‍ ഒന്നാമത്തേത് ബാബരി മസ്ജിദ് എന്ന മുസ്‌ലിം ആരാധനാലയം പണിതത് മറ്റൊരു ആരാധനാലയത്തിന്റെ മുകളിലാണെന്നതിന് തെളിവില്ല. രണ്ടാമത്തെ കാര്യം 1949 ഡിസംബര്‍ 22ന് രാമവിഗ്രഹം ബലം പ്രയോഗിച്ച് ആരാധനാലയത്തിലേക്ക് ഇടിച്ചു കയറ്റുകയാണുണ്ടായത് എന്ന കോടതിയുടെ കണ്ടെത്തലാണ്. മൂന്നാമത്തേത് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് എല്ലാ നിയമങ്ങളെയും ലംഘിച്ചും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളെ അവഗണിച്ചും പൊളിച്ചുകളഞ്ഞു, അത് ക്രിമിനല്‍ കുറ്റമാണ്.

ബാബരി മസ്ജിദ് സംബന്ധിച്ച കോടതിയുടെ ഏറ്റവും സുപ്രധാനമായ നിരീക്ഷണങ്ങളാണ് ഇത്. കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. എന്നാല്‍ സുപ്രീം കോടതി തന്നെ കണ്ടെത്തിയ ഈ ചരിത്ര സത്യങ്ങളെ അതിന്റെ പൂര്‍ണതയിലേക്ക് നയിക്കാന്‍ കോടതിക്ക് കഴിഞ്ഞോ എന്ന് നിയമ വേദികള്‍ മുതല്‍ ബഹുജന സദസ്സുകളില്‍ വരെ ന്യായമായ സന്ദേഹങ്ങളായും വിമര്‍ശനങ്ങളായും നിലനില്‍ക്കുന്നുണ്ട്. അത് വിശകലനം ചെയ്യുമ്പോള്‍ 1949 ഉള്‍പ്പെടെയുള്ള ചരിത്രത്തിലെ സമ്മര്‍ദങ്ങള്‍ കുറച്ചുകൂടി സൂക്ഷ്മമായി നാം വിശകലനം ചെയ്യേണ്ടതുണ്ട്.
(അവസാനിക്കുന്നില്ല)

കെ ഇ എന്‍
[email protected]