Connect with us

Editorial

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്കുള്ള അകലം

Published

|

Last Updated

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും തമസ്‌കരിക്കാന്‍ ഭരണകൂടത്തിന്റെ തന്നെ ഒത്താശയോടെ ആസൂത്രിതവും ബോധപൂര്‍വവുമായ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ന് നെഹ്‌റുവിന്റെ ജന്മദിനം കടന്നു പോകുന്നത്. നെഹ്‌റു മ്യൂസിയത്തിന്റെ ഘടനാ മാറ്റം, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് നെഹ്‌റു ചരിത്രം നീക്കം ചെയ്യല്‍ തുടങ്ങി ചരിത്രത്തില്‍ നെഹ്‌റുവിനെ അടയാളപ്പെടുത്തുന്നതിനെയെല്ലാം മറച്ചു പിടിക്കുകയോ ഇല്ലായ്മ ചെയ്യുകയോ എന്ന നയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സ്വീകരിച്ചു വരുന്നത്. സ്വാതന്ത്ര്യ ദിന പ്രസംഗങ്ങളിലും പ്രതിമാസ മന്‍കി ബാത്തിലും ആര്‍ എസ് എസ് ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയെയും പട്ടേലിനെയും ശ്യാമപ്രസാദ് മുഖര്‍ജിയെയുമൊക്കെ അനുസ്മരിക്കുന്ന മോദി, രാഷ്ട്രശില്‍പ്പിയായ പ്രഥമ പ്രധാനമന്ത്രിയുടെ പേര് ബോധപൂര്‍വം തമസ്‌കരിക്കുന്നതും ഇതിന്റെ ഭാഗം തന്നെ.

കശ്മീരിനെ ചൊല്ലിയാണ് നെഹ്‌റു സംഘ്പരിവാറില്‍ നിന്ന് കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത്. കശ്മീരിന്റെ മൂന്നിലൊന്ന് പാക്കിസ്ഥാന്റെ അധീനതയിലാകാന്‍ കാരണം നെഹ്‌റുവാണെന്ന് ബി ജെ പി നേതാക്കള്‍ നിരന്തരം കുറ്റപ്പെടുത്തുന്നു. നെഹ്‌റുവിന് പകരം പട്ടേലായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഈ പ്രദേശം ഇന്ത്യക്ക് നഷ്ടമാകില്ലായിരുന്നുവെന്നാണ് 2018 ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ കശ്മീര്‍ ഇന്ത്യയോട് ചേര്‍ക്കുന്നതില്‍ പട്ടേലിന് അത്ര താത്പര്യമില്ലായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. കശ്മീര്‍ പാക്കിസ്ഥാന് വിട്ടുനല്‍കി പകരം തുടക്കത്തില്‍ ഇന്ത്യയോട് ചേരാന്‍ വിസമ്മതിച്ച ഹൈദരാബാദും ജുനഗഡും ഇന്ത്യയോട് ചേര്‍ക്കാനായിരുന്നു പട്ടേലിനു താത്പര്യമെന്നുമാണ് ചരിത്ര ഗവേഷകനും മുന്‍ ആര്‍മി ഉദ്യോഗസ്ഥനുമായ ശ്രീനാഥ് രാഘവന്‍ പറയുന്നത്. ഇന്ത്യയുടെ മുന്‍ ആഭ്യന്തര സെക്രട്ടറിയും സര്‍ദാര്‍ പട്ടേലിന്റെ വലം കൈയുമായിരുന്ന വി പി മേനോന്‍ “ഇന്ററോഗേഷന്‍ ഓഫ് ദ ഇന്ത്യന്‍ സ്റ്റേറ്റ്” എന്ന പുസ്തകത്തിലും രാജ്‌മോഹന്‍ ഗാന്ധി എഴുതിയ “പട്ടേല്‍ എ ലൈഫ്” എന്ന പട്ടേലിന്റെ ആത്മകഥയിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. “കശ്മീര്‍ പാക്കിസ്ഥാനില്‍ ചേരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ തനിക്ക് വിയോജിപ്പില്ലെ”ന്ന് 1947 സെപ്തംബര്‍ 13ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി ബല്‍ദേവ് സിംഗിന് അയച്ച കത്തില്‍ സര്‍ദാര്‍ പട്ടേല്‍ കുറിച്ചതായും രാജ്‌മോഹന്‍ ഗാന്ധി എഴുതുന്നു. ചരിത്രമറിയാതെയോ, അല്ലെങ്കില്‍ വസ്തുതകള്‍ മറച്ചു പിടിച്ചോ ആണ് ഇക്കാര്യത്തില്‍ സംഘ്പരിവാര്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നതും പട്ടേലിനെ മഹത്വപ്പെടുത്തുന്നതും.

പില്‍ക്കാല പ്രധാനമന്ത്രിമാര്‍ക്കില്ലാത്ത പല ഗുണപരമായ സവിശേഷതകളുമുണ്ട് നെഹ്‌റുവിന്. കറകളഞ്ഞ ജനാധിപത്യ വാദിയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളെ സൗമ്യതയോടെ കേള്‍ക്കാനുള്ള വിശാല മനസ്‌കതയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗുണം. തന്റെ വിമര്‍ശകരെ രാജ്യദ്രോഹികളായി മുദ്രയടിക്കുന്ന കുടുസ്സായ ചിന്താഗതിയോ അസഹിഷ്ണുതയോ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. പാര്‍ലിമെന്റില്‍ പ്രതിപക്ഷ നേതാവിനുള്ള അംഗബലമില്ലാതിരുന്നിട്ടും കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുകയും എ കെ ജിയുടെ വിമര്‍ശനങ്ങളെ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തിരുന്നു നെഹ്‌റു. പ്രതിപക്ഷമില്ലാത്ത ഒരു ഇന്ത്യയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതു പോലുമില്ല. ഇന്ന് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മുഖം തിരിക്കുന്ന ഭരണാധികാരികള്‍ക്ക് നെഹ്‌റു ഉത്തമ മാതൃകയാണ്. മാധ്യമ വിചാരണയെ അദ്ദേഹം ഭയപ്പെട്ടില്ല. മറിച്ച് ചോദ്യങ്ങളില്ലാത്ത, സംവാദങ്ങളില്ലാത്ത ഇന്ത്യയെയാണ് അദ്ദേഹം ഭയപ്പെട്ടിരുന്നതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഒന്നും ചോദിക്കാതെ എന്നെ നിങ്ങള്‍ വെറുതെ വിടരുത് എന്നായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. നെഹ്‌റുവില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുന്ന ഇന്നത്തെ ഭരണാധികാരികളിലേക്കുള്ള ദൂരം അടയാളപ്പെടുത്തുന്നത് രാജ്യത്ത് നിന്നുള്ള ജനാധിപത്യത്തിന്റെ അകല്‍ച്ചയാണ്.

രാജ്യത്തിന്റെ ബഹുസ്വരതയെ മുറുകെപ്പിടിച്ച നെഹ്‌റു കടുത്ത ഫാസിസ്റ്റ് വിരോധിയുമായിരുന്നു. ഭാര്യയുടെ ചിതാഭസ്മവുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് വരുന്ന വഴിയില്‍ ജര്‍മനിയില്‍ അദ്ദേഹത്തിന്റെ ഫ്‌ളൈറ്റ് ഇറങ്ങി. ആ സമയത്ത്, ഹിറ്റ്‌ലര്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച ഹിറ്റ്‌ലറുടെ അനുയായിയോട് എനിക്ക് ഒരു ഫാസിസ്റ്റിനോട് ഒന്നും സംസാരിക്കാനില്ലെന്നായിരുന്നു നെഹ്‌റുവിന്റെ മറുപടി. ആര്‍ എസ് എസ് പോലുള്ള വര്‍ഗീയ സംഘടനകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു ഭീഷണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നെഹ്‌റുവിനെ ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ കണ്ണിലെ കരടാക്കിയത് അദ്ദേഹത്തിന്റെ ഈ നിലപാടുകളായിരിക്കണം.

“വണ്‍മാന്‍ ഷോ” നെഹ്‌റുവിന് അറിഞ്ഞു കൂടായിരുന്നു. പദ്ധതികളുടെ ഉദ്ഘാടനം സ്വയം നിര്‍വഹിക്കുന്നതില്‍ പൊങ്ങച്ചം കാണാത്ത അദ്ദേഹം ഒരു ആദിവാസി സ്ത്രീയെ കൊണ്ടായിരുന്നു ഭക്ര അണക്കെട്ട് ഉദ്ഘാടനം ചെയ്യിച്ചത്. ഇത്തരം വേളകളില്‍ ക്യാമറയില്‍ തന്റെ മുഖം പതിയില്ലേ എന്ന ആശങ്ക അദ്ദേഹത്തെ അലട്ടിയില്ല. ബഹിരാകാശ ദൗത്യങ്ങളിലും നെഹ്‌റുവിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പാര്‍ലിമെന്റില്‍ ആണവോര്‍ജ നിയമത്തിന്റെ ചുക്കാന്‍ പിടിച്ചത് നെഹ്‌റുവായിരുന്നു. സൈനിക മുഷ്‌ക് കൂടാതെയും ആഗോള ചേരികളില്‍ ഇടംപിടിക്കാതെയും ലോകത്തിന് വഴികാട്ടാന്‍ ഇന്ത്യക്കാകുമെന്നു വിശ്വസിച്ച അദ്ദേഹം ചേരിചേരാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ സെനറ്റര്‍ സ്റ്റെനി ഹോയര്‍ ഉണര്‍ത്തിയതു പോലെ, ഇന്ത്യയെ ഇന്ന് കാണുന്ന ഇന്ത്യയാക്കി മാറ്റിയത് ഗാന്ധിജിയും നെഹ്‌റുവുമാണ്. നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും വേദിയിലിരിക്കെയായിരുന്നു സ്റ്റെനി ഹോയറുടെ ഈ നെഹ്‌റു പ്രകീര്‍ത്തനമെന്നത് ശ്രദ്ധേയമാണ്.

Latest