Connect with us

Ongoing News

എന്റെ മനസ്സിൽ പകയില്ല

Published

|

Last Updated

“സ്വർഗാവകാശികളിൽ പെട്ട ഒരാൾ ഇപ്പോൾ ഈ വഴിയേ കടന്നു പോകും”. തിരു നബിയുടെ പ്രവചനം കേട്ട് സ്വഹാബത്ത് ആകാംക്ഷയോടെ ആഗതനെ ശ്രദ്ധിച്ചു. ഒരു അൻസ്വാരി യുവാവ്. ഇടത് കൈയ്യിൽ ചെരിപ്പുണ്ട്. താടിയിലൂടെ വുളൂഇന്റെ ബാക്കി വെള്ളം കിനിഞ്ഞിറങ്ങുന്നുണ്ട്. പിറ്റേ ദിവസവും പ്രവാചകർ അതേ വാക്കുകളാവർത്തിക്കുന്നു. തിരുസഹചർ സാവേശം സൂക്ഷിച്ചു നോക്കി. ഇന്നലെ വന്ന അതേ ആൾ. മൂന്നാം ദിനവും ഈ പ്രവചനവും അൻസ്വാരിയുടെ ആഗമനവുമാവർത്തിച്ചു. സ്വർഗം നേടിക്കൊടുക്കാൻ പ്രാപ്തിയുള്ള ആ വിശിഷ്ട കർമമേതെന്നറിയാൻ ഇബ്‌നു അംറ് (റ) ആഗതന്റെ പിന്നിൽ കൂടി. വീട്ടിൽ കൂടെ കൂടാൻ അനുവാദം തേടി. മൂന്ന് ദിവസമവിടെ വസിച്ചു. പ്രത്യേകിച്ചൊന്നും കാണുന്നില്ല. രാത്രി ഉറക്കമിളച്ചുള്ള നിസ്‌കാരമോ പകൽ നോമ്പോ ഒന്നും. മൂന്ന് ദിവസത്തിന് ശേഷം അംറ് (റ) തുറന്നു ചോദിച്ചു. നിങ്ങളെക്കുറിച്ച് സ്വർഗസ്ഥനെന്ന മുത്ത് നബിയുടെ വിശേഷണത്തിന്റെ പൊരുളറിയാൻ ഒപ്പം കൂടിയതാണ് ഞാൻ. വിശേഷപ്പട്ടെതൊന്നും താങ്കൾ ചെയ്യുന്നത് കാണാനായിട്ടില്ലല്ലോ?

വിശേഷിച്ച് കർമങ്ങളൊന്നുമെനിക്കില്ല. പക്ഷേ ഒന്നുണ്ട്. ആരോടും പകയോ അസൂയയോ എന്റെ മനസ്സിലുണ്ടാവാറില്ല. അതായിരിക്കാം മുത്തുനബി അങ്ങനെ വിശേഷിപ്പിച്ചത്.”അതേ അതുതന്നെ. അങ്ങേക്കൗന്നിത്യം നൽകിയതതാണ്. പലർക്കുമുന്നം പിഴക്കുന്നതുമിക്കാര്യത്തിൽ തന്നെ”. അംറ് (റ) സാക്ഷീകരിച്ചു. കൂട്ടുകാരന്റെ/ അയൽക്കാരന്റെ സഹോദരന്റെ സാമ്പത്തികാഭിവൃദ്ധിയോ ദൃഢഗാത്രതയോ സന്താനങ്ങളുടെ പഠനപുരോഗതിയോ ആഭിജാത്യമുള്ള വസ്ത്രങ്ങളോ നമ്മിൽ ഈർഷ്യതയും അസഹിഷ്ണുതയുമുണ്ടാക്കുന്നുവെങ്കിൽ അസൂയയാണത്. തന്നെക്കാളേറെ പിന്നിലായിരുന്ന, തന്റെ കുറിപ്പുകൾ വായിച്ച് കഷ്ടിച്ച് പാസ്സായ ക്ലാസ്‌മേറ്റ് വലിയ നിലയിലാണെന്നറിയുമ്പോൾ പലരും പറയുന്ന കമന്റ് ഉണ്ടല്ലോ “അവനെത്രയുണ്ടെന്നെനിക്കറിയാം. നമ്മളെ കൂടെ പഠിച്ചതല്ലേ…. ” അസൂയയുടെ ബഹിർസ്ഫുരണമാണത്. ഒട്ടുമുക്കാൽ പേരെയും ബാധിക്കുന്ന ഈ മാരക രോഗത്തിൽ നിന്ന് മോചനം ലഭിച്ചതാണ് സ്വർഗം വേൾക്കാൻ ആ അൻസാരി യുവാവിനെ പ്രാപ്തനാക്കിയത്. മറ്റൊരാളിലെ അനുഗ്രഹങ്ങളും സന്തോഷങ്ങളും കണ്ട് സന്തോഷിക്കുക, ആത്മനിർവൃതിയടയുക ഇവയൊക്കെ സ്വർഗനിവാസികളുടെ സ്വഭാവങ്ങളാണ്. കറകളഞ്ഞ മനസ്സിനുടമകളാണവർ.

സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ വിഭാഗം അസൂയയോ പകയോ ഇല്ലാത്ത സുമനസ്‌കരാണെന്ന് മുത്ത് നബി (സ്വ) അരുളിയിട്ടുണ്ട്. പതിനാലാം രാവിലെ ചന്ദ്രനെപോലെ പ്രശോഭിതരായിട്ടാണവർ സ്വർഗത്തിൽ പ്രവേശിക്കുക. ജനങ്ങളിൽ ആരാണ് ശ്രേഷ്ഠർ എന്ന ചോദ്യത്തിന് മുത്ത് നബി (സ്വ) ഒരിക്കൽ പ്രത്യുത്തരം നൽകിയത് മനസ്സിൽ പകയും അസൂയയും ഇല്ലാത്തവർ എന്നായിരുന്നു.

ഹസ്ദലിൽ നിന്നാണ് ഹസദ് (അസൂയ ) എന്ന പദത്തിന്റെ നിഷ്പന്നം. ഹസ്ദൽ എന്നാൽ മനുഷ്യന്റെ ചോര ഊറ്റിക്കുടിക്കുന്ന മൂട്ട എന്നർത്ഥം. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ഊർജ കണങ്ങളെ ഊറ്റിക്കുടിക്കുന്ന മാരക രോഗമാണസൂയ എന്നതിലേക്കുള്ള സൂചനയാണിത്. അഗ്‌നി വിറകിനെ ചാരമാക്കും പ്രകാരം അസൂയ സത്കർമങ്ങളെ തിന്ന് കളയുമെന്ന് തിരുനബി അരുളിയിട്ടുണ്ട്. അസൂയക്കാരന്റെ മനസ്സെപ്പോഴും സംഘർഷഭരിതമായിരിക്കും. സമാധാനം അവനന്യമാണ്. ഇതരന് ലഭിക്കുന്ന ഓരോ അനുഗ്രഹങ്ങളും ദുർവഹ മാമായ നോവാണവന്.ൈ

Latest