Connect with us

Gulf

'ആമില്‍' തൊഴില്‍ വിസ നിര്‍ത്തലാക്കുന്നു; സമഗ്ര മാറ്റത്തിനൊരുങ്ങി സഊദി മന്ത്രാലയം

Published

|

Last Updated

ദമാം | സഊദിയില്‍ പുതിയ വിസ നിയവമുമായി തൊഴില്‍ മന്ത്രാലയം. ഇന്ത്യക്കാര്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ആമില്‍ (ലേബര്‍ പ്രൊഫഷന്‍) വിസ നിര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് സഊദിയില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് “ആമില്‍” വിസ. ഇതിനു പകരം അഞ്ചു ഘട്ടങ്ങളായി പരീക്ഷ നടത്തി അഞ്ചു വര്‍ഷത്തെ തൊഴില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി തൊഴില്‍ രംഗം കൂടുതല്‍ പ്രൊഫഷണല്‍ വത്കരിക്കാനാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം.

രാജ്യത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നത്തിന്റെ ഭാഗമായാണ് നടപടി. ഇനിമുതല്‍ തൊഴില്‍ കാര്യങ്ങളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്കായിരിക്കും. വിദേശികളെ പൂര്‍ണമായി വിലക്കുകയല്ല ലക്ഷ്യമെന്നും വിദഗ്ധരായ തൊഴിലാളികള്‍ അതാത് മേഖലയില്‍ തൊഴില്‍ ചെയ്യുന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി
പുതിയ നിയമ പ്രകാരം നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്നവരും പുതിയ വിസയില്‍ എത്തുന്നവരും മന്ത്രാലയം നടത്തുന്ന പരീക്ഷ എഴുതണം. വിജയിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് മന്ത്രാലയം നല്‍കും. പുതിയ നിയമം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് നിര്‍ബന്ധമാക്കുക.

തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ ആമില്‍ വിസയില്‍ ജോലി ചെയ്യുന്നതായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിയ നിതാഖാത്ത് നിയമം മൂലം സ്വദേശിവത്കരണത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒന്നേകാല്‍ ലക്ഷത്തിലേറെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയവരില്‍ കൂടുതല്‍ പേരും മലയാളികളാണ്. നിലവില്‍ സുരക്ഷിതമായി കണ്ടിരുന്ന തൊഴില്‍ മേഖലയായിരുന്നു ആമില്‍. പുതിയ നിയമം കൂടി വരുന്നതോടെ കൂടുതല്‍ പേര്‍ രാജ്യം വിടേണ്ടിവരുമെന്നതാണ് സ്ഥിതി.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ സഊദിയിലുള്ളത്. ഇതില്‍ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്തുള്ളത്. അതിനാല്‍ ആദ്യ ഘട്ടത്തില്‍ പരീക്ഷ എഴുതേണ്ടത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പരീക്ഷയെഴുതണം. പ്രൊഫഷണല്‍ പരീക്ഷാ ഫീസ് സഊദിയില്‍ 450-600 റിയാലും സഊദിക്ക് പുറത്ത് 100-150 റിയാലുമായിരിക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ പ്രൊഫഷണല്‍ പരീക്ഷാ ഡയറക്ടര്‍ നായിഫ് അല്‍ ഉമൈര്‍ വ്യക്തമാക്കി.

ആദ്യ ഘട്ട തൊഴില്‍ പരീക്ഷ 2019 ഡിസംബറിലാണ് ആരംഭിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഇലക്ട്രിക് പ്ലംബിംഗ് ജോലി ചെയ്യുന്നവരും, റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിംഗ്, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍-മെക്കാനിക്ക് വിഭാഗങ്ങളില്‍ പെടുന്നവര്‍ 2020 ഏപ്രിലിലും, കാര്‍പെന്റര്‍, കൊല്ലപ്പണി, വെല്‍ഡിംഗ് വിഭാഗങ്ങള്‍ 2020 ജൂലൈയിലും, 2020 ഒക്ടോബറില്‍ തേപ്പ് ജോലി, പെയിന്റിംഗ്, ടൈല്‍സ് തൊഴില്‍ വിഭാഗത്തിലുള്ളവരും ബില്‍ഡിംഗ് നിര്‍മാണം, സാങ്കേതിക തൊഴില്‍ ചെയ്യുന്നവര്‍ 2021 ജനുവരിയിലും പരീക്ഷയെഴുതണം. പരീക്ഷയില്‍ വിജയിക്കുന്ന എല്ലാ തൊഴിലാളിക്കും അഞ്ച് വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ് മന്ത്രാലയം നല്‍കുക. ഇനി മുതല്‍ സഊദിയില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനും പ്രൊഫഷന്‍ മാറ്റുവാനും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാവും.

സിറാജ് പ്രതിനിധി, ദമാം