Connect with us

National

ശിവസേനയുടെ ആവശ്യം അംഗീകരിക്കാനാകില്ല; മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ മൗനം വെടിഞ്ഞ് അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധിയിലും ശിവസേനയുമായുള്ള ബി ജെ പിയുടെ ബന്ധം തകര്‍ന്നതുമായ വിഷയങ്ങളില്‍ മൗനം വെടിഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രി പദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം പുതിയ കാര്യമാണെന്നും അത് ബി ജെ പിക്ക് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ബി ജെ പിയുമായുള്ള സഖ്യം വിച്ഛേദിച്ചതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭയിലെ തങ്ങളുടെ ഏക അംഗമായ അരവിന്ദ് സാവന്തിനെ ശിവസേന പിന്‍വലിച്ചിരുന്നു.

ശിവസേനയുടെ നിലപാട് അത്ഭുതമുളവാക്കുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. തങ്ങളുടെ മുഖ്യമന്ത്രിയായിരിക്കും അധികാരത്തില്‍ വരികയെന്ന ബി ജെ പി നിലപാടിനെ തിരഞ്ഞെടുപ്പു പ്രചാരണ സമയത്തൊന്നും ശിവസേന എതിര്‍ത്തിരുന്നില്ല. സഖ്യം തിരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരിക്കും മുഖ്യമന്ത്രിയാവുകയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും താനും പല തവണ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. മുന്നണിയിലെ ആരും അതിനെ എതിര്‍ത്തിരുന്നില്ല. ഇപ്പോള്‍ അവര്‍ പുതിയ ആവശ്യങ്ങളുമായി മുന്നോട്ടു വരുന്നത് അംഗീകരിക്കാനാകില്ല. ഷാ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചു കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Latest