ജനാധിപത്യത്തെ വീണ്ടും റിസോര്‍ട്ടിലൊളിപ്പിക്കുമ്പോള്‍

രാഷ്ട്രീയത്തില്‍ പരസ്പര വിശ്വാസവും പാര്‍ട്ടി കൂറും ആദര്‍ശ ബോധവും കൈമോശം വന്നതിന്റെ നേര്‍സാക്ഷ്യമാണ് രാഷ്ട്രീയ കുതിരക്കച്ചവടവും റിസോര്‍ട്ട് രാഷ്ട്രീയവുമെല്ലാം.
Posted on: November 13, 2019 11:59 am | Last updated: November 13, 2019 at 11:59 am

ശക്തമായ നേതൃത്വം, നാടിന്റെ വികസനവും ജന നന്മയും ലാക്കാക്കിയുള്ള നയപരിപാടികള്‍, അനുസരണയും പാര്‍ട്ടിയോടു കൂറുമുള്ള അനുയായികള്‍ ഇതൊക്കെയായിരുന്നു രാഷ്ട്രീയത്തിന്റെ മുന്‍കാല സ്വഭാവ വിശേഷങ്ങള്‍. ഇന്നിപ്പോള്‍ പണത്തിനും അധികാര സ്ഥാനങ്ങള്‍ക്കും ചുറ്റുമായി കറങ്ങുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശവും പാര്‍ട്ടിക്കൂറും വിട്ടെറിഞ്ഞു പെട്ടെന്നൊരു നാളില്‍ മറുകണ്ടം ചാടുന്ന കാഴ്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാര്‍വത്രികമാണ്. കുതിരക്കച്ചവടമെന്നു വിളിപ്പേരുള്ള, പണവും പദവികളും വാഗ്ദാനം ചെയ്തു ജനപ്രതിനിധികളെ വലവീശിപ്പിടിക്കുന്ന പ്രവണത വര്‍ധിച്ചതോടെ രാജ്യത്ത് റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങു തകര്‍ക്കാന്‍ തുടങ്ങുകയും ചെയ്തു. തമിഴ്‌നാടിനും ഗുജറാത്തിനും കര്‍ണാടകക്കും മണിപ്പൂരിനും ഗോവക്കും പിറകെ ഇപ്പോള്‍ മഹാരാഷ്ട്രയും റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ പിടിയിലാണ്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും സ്വന്തമായി ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത സ്ഥിതിവിശേഷം സംജാതമാകുകയും സഖ്യത്തില്‍ മത്സരിച്ച ബി ജെ പിയും ശിവസേനയും വഴിപിരിയുകയും ചെയ്തതോടെ ബി ജെ പി കുതിരക്കച്ചവടത്തിലൂടെ തങ്ങളുടെ എം എല്‍ എമാരെ സ്വാധീനിക്കുമോ എന്ന ഭീതിയിലാണ് ശിവസേനയും എന്‍ സി പിയും കോണ്‍ഗ്രസും. 288 അംഗ നിയമസഭയില്‍ ബി ജെ പിയുടെ അംഗബലം 105 ആണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ 145 തികക്കാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള എം എല്‍ എമാരെയും സ്വതന്ത്രരെയും ചാക്കിട്ടു പിടിക്കുക മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള വഴി. രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ ബി ജെ പി നേതൃത്വം കര്‍ണാടകയില്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കഴിവ് തെളിയിച്ചിട്ടുമുണ്ട്. “ഓപറേഷന്‍ താമര’യിലൂടെയാണല്ലോ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിനെ മറിച്ചിട്ടു കര്‍ണാടകയില്‍ ബി ജെ പി ഭരണം പിടിച്ചെടുത്തത്. കേന്ദ്രഭരണം കൈയിലുള്ളതിനാല്‍ കുതിരക്കച്ചവടത്തിനു പണമെറിയാനും പാര്‍ട്ടിക്കു പ്രയാസമേതുമില്ല. ഇരുപതോളം ശിവസേന എം എല്‍ എമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി അടുപ്പം പുലര്‍ത്തുന്നതായി ബി ജെ പി അവകാശവാദം ഉന്നയിക്കുകയും തങ്ങളുടെ എം എല്‍ എമാരെ ബി ജെ പി വലവീശി പിടിക്കാന്‍ ശ്രമിക്കുന്നതായി മുഖപത്രമായ “സാംന’യിലൂടെ ശിവസേന ആരോപിക്കുകയും ചെയ്തിരുന്നു. സാഹചര്യം അത്ര പന്തിയല്ലെന്നു കണ്ട് പാര്‍ട്ടി എം എല്‍ എമാരെ ബാന്ദ്രയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ശിവസേന.

തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാതായാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് നല്ലകാലമാണ്. ഭരണ സാധ്യതയുള്ള കക്ഷികള്‍ അവരുടെ പിന്തുണക്കായി കോടികളും മന്ത്രിപദവികളുമാണ് ഓഫര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷം തികക്കാന്‍ ബി ജെ പി നേതൃത്വം ജെ ഡി എസ്. എം എല്‍ എമാര്‍ക്ക് നൂറ് കോടി വരെ വാഗ്ദാനം ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. ആദര്‍ശ രാഷ്ട്രീയം അന്യമായ ഇന്നത്തെ കാലത്ത് ആരാണ് ഇത്തരം വാഗ്ദാനത്തില്‍ ആകൃഷ്ടരാകാതിരിക്കുക. ഇതിനൊരു പ്രതിരോധമെന്ന നിലയിലാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ എം എല്‍ എമാരെ മറ്റുള്ളവര്‍ക്ക് ബന്ധപ്പെടാനാകാത്ത വിധം അജ്ഞാത കേന്ദ്രങ്ങളിലേക്കും റിസോര്‍ട്ടുകളിലേക്കും മാറ്റാന്‍ തുടങ്ങിയത്. 1982ല്‍ ഹരിയാനയിലെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ദേവിലാല്‍ സ്വന്തം പാര്‍ട്ടിയിലെയും സഖ്യകക്ഷിയായ ബി ജെ പിയിലെയും എം എല്‍ എമാരെ ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റുന്നതോടെയാണ് രാജ്യത്ത് റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കമാകുന്നത്. ആ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്ദള്‍- ബി ജെ പി സഖ്യത്തിനു കേവല ഭൂരിപക്ഷമുണ്ടായിട്ടും അവരെ മാറ്റി നിര്‍ത്തി ഗവര്‍ണര്‍ ജി ഡി തപാസെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സഭയില്‍ ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസിനെ മന്ത്രിസഭാ രൂപവത്കരണത്തിനു ക്ഷണിച്ച സാഹചര്യത്തിലായിരുന്നു ലോക്ദള്‍ എം എല്‍ എമാരെ നാടുകടത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തെ ഭയന്ന് ആന്ധ്രയിലെ ടി ഡി പി നേതാവായിരുന്ന എന്‍ ടി രാമറാവുവും റിസോര്‍ട്ട് രാഷ്ട്രീയം പയറ്റിയിരുന്നു. 1984 ആഗസ്റ്റില്‍ എന്‍ ടി രാമറാവുവിന്റെ നേതൃത്വത്തിലുള്ള ടി ഡി പി സര്‍ക്കാറിനെ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടലെടുത്ത രാഷ്ട്രീയ അസ്ഥിരതയില്‍ ടി ഡി പി. എം എല്‍ എമാരെ കോണ്‍ഗ്രസ് റാഞ്ചിയേക്കുമോ എന്ന ആശങ്കയെ തുടര്‍ന്നായിരുന്നു ഇത്. കര്‍ണാടകയിലെ റിസോര്‍ട്ടിലാണ് അന്ന് എം എല്‍ എമാരെ ടി ഡി പി നേതൃത്വം താമസിപ്പിച്ചത്.
2002ല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വിലാസ് റാവു തന്റെ മന്ത്രിസഭക്ക് ഭീഷണി നേരിട്ടപ്പോഴും റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് നീങ്ങി. ഈഗിള്‍ റിസോര്‍ട്ടിലാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഒരാഴ്ചയോളം അന്നു താമസിച്ചത്. 2008ലാണ് ബി ജെ പി കര്‍ണാടകയിലെ അധികാരം പിടിക്കാനായി റിസോര്‍ട്ട് രാഷ്ട്രീയം പയറ്റിയത്. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു അത്. യെദ്യൂരപ്പ പിന്നീട് ഇതേ തന്ത്രത്തിലൂടെ ഒന്നിലേറെ തവണ സ്വന്തം പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ ബി ജെ പിയെ ഭയന്നു കോണ്‍ഗ്രസ് നേതൃത്വം എം എല്‍ എമാരെ കടത്തിയതും കര്‍ണാടകയിലേക്കായിരുന്നു.

രാഷ്ട്രീയത്തില്‍ പരസ്പര വിശ്വാസവും പാര്‍ട്ടി കൂറും ആദര്‍ശ ബോധവും കൈമോശം വന്നതിന്റെ നേര്‍സാക്ഷ്യമാണ് രാഷ്ട്രീയ കുതിരക്കച്ചവടവും റിസോര്‍ട്ട് രാഷ്ട്രീയവുമെല്ലാം. രാഷ്ട്രീയ നേതൃത്വങ്ങള്‍ പണവും മസില്‍ പവറും ഉപയോഗിച്ചു അധികാരത്തിലേക്ക് പുതിയ വഴികള്‍ തേടിപ്പിടിക്കാന്‍ തുടങ്ങിയപ്പോള്‍, രാഷ്ട്രീയ പ്രതിയോഗികള്‍ ഇത്തരമൊരു വഴി അവലംബിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ജനാധിപത്യത്തെ അപഹാസ്യമാക്കുന്നതാണ് രാഷ്ട്രീയത്തിന്റെ ഈ പിന്നാമ്പുറ കളികള്‍. മോദി- അമിത് ഷാ കൂട്ടുകെട്ടാണ് ആനുകാലിക രാഷ്ട്രീയത്തില്‍ ഈ കളിയില്‍ മികച്ചു നില്‍ക്കുന്നത്. എങ്കിലും മഹാരാഷ്ട്രയില്‍ ശിവസേനയുടെ പിടിവാശിക്ക് മുമ്പില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു.