Connect with us

National

സുപ്രീം കോടതി ഇന്ന് മൂന്ന് സുപ്രധാന വിധികള്‍ പുറപ്പെടുവിക്കും; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ടിഐ പരിധിയില്‍ വരുമോ എന്ന കേസിലും വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രധാനമായ മൂന്ന് കേസുകളില്‍ സുപ്രീം കോടതിയുടെ വിധി ഇന്ന് . ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കേസാണ് ഇതില്‍ സുപ്രധാനം. ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് തന്നെ വിധി പുറപ്പെടുവിക്കാന്‍ പോകുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ഇതുകൂടാതെ അയോഗ്യരാക്കിയതിനെതിരെ കര്‍ണാടകത്തിലെ 15 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലും ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട കേസിലും ഇന്ന് സുപ്രീംകോടതി വിധി പറയും.

ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് 2007ല്‍ സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സുപ്രീംകോടതി രജിസ്ട്രിയില്‍ ആര്‍ടിഐ അപേക്ഷ നല്‍കി. ചീഫ് ജസ്റ്റിസ് ആര്‍ടിഐയുടെ പരിധിയില്‍ വരാത്തതിനാല്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നല്‍കിയ മറുപടി. ഇതിനെതിരെയായിരുന്നു ഡല്‍ഹി ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധി. ഇതിനെതിരെ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ നല്‍കിയ കേസിലാണ് ഇന്ന് വിധി വരുന്നത്.

ട്രൈബ്യൂണലുകളെ ദേശീതലത്തിലുള്ള ഒരു സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിനെതിരെയുള്ള ഹര്‍ജികളിലെ വിധിയാണ് മറ്റൊന്ന്. ട്രൈബ്യൂണല്‍ അംഗങ്ങളുടെ നിയമനം, ട്രൈബ്യൂണല്‍ വിധിക്കെതിരെ സുപ്രീംകോടതിയെ മാത്രമെ സമീപിക്കാവൂ എന്ന വ്യവസ്ഥയിലെ മാറ്റമടക്കം നിരവധി വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയും.കര്‍ണാടകത്തില്‍ കൂറുമായിയ 15 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അതിനെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മറ്റൊരു വിധി. ശബരിമല പുനഃപരിശോധന ഹര്‍ജികളിലെ വിധി നാളെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു.