Connect with us

Ongoing News

അടക്കവും ഒതുക്കവും

Published

|

Last Updated

ഇബ്‌നു അബ്ബാസ് (റ) നബി(സ)യോടൊപ്പം അറഫാദിനത്തിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ പിൻവശത്തു നിന്ന് ധൃതി കൂട്ടി ഒട്ടകത്തെ തെളിക്കുകയും അടിക്കുകയും ചെയ്യുന്ന ശബ്ദം കേട്ടു. നബി (സ) അവരിലേക്ക് ചൂണ്ടിക്കൊണ്ടു പറഞ്ഞു: ജനങ്ങളേ, ധൃതി കൂട്ടുന്നതിലല്ല നന്മയുള്ളത്. (ബുഖാരി, മുസ്‌ലിം)

അച്ചടക്കവും ഒതുക്കവും തിരുദൂതർ പഠിപ്പിച്ച നല്ല സ്വഭാവ ഗുണങ്ങളാണ്. സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല രണ്ട് ഗുണങ്ങളാണിവ. ഏത് പ്രവർത്തനങ്ങളിലായാലും ധൃതി നല്ലതല്ല. ഇത് പിശാചിന്റെ ഭാഗത്തു നിന്നുള്ളതാണെന്ന് അവിടുന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തനിച്ചുള്ള നിസ്‌കാരത്തിനേക്കാൾ 27 ഇരട്ടി പ്രതിഫലമാണല്ലോ ജമാഅത്ത്(കൂട്ട) നിസ്‌കാരത്തിന് ലഭിക്കുക. ഇതിനു വേണ്ടി പോകുകയാണെങ്കിൽ പോലും നിങ്ങൾ സാവധാനം പോകുക, വേഗം കൂട്ടേണ്ടതില്ല. കൂട്ടമായി നിർവഹിക്കാൻ കഴിഞ്ഞതെത്രയാണോ അത്രയും നിസ്‌കരിക്കുക. ബാക്കി സ്വന്തമായി പൂർത്തീകരിക്കുക. ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിന്റെ പാഠം സത്കർമങ്ങൾ നിർവഹിക്കാനാണെങ്കിൽ പോലും ധൃതി നല്ലതല്ല എന്നാണ്. എന്നാൽ, അവധിയെത്തിയ കടം വീട്ടൽ, അതിഥിക്ക് ഭക്ഷണം നൽകൽ തുടങ്ങിയ ഏതാനും കാര്യങ്ങൾ താമസംവിനാ ചെയ്യേണ്ടതുണ്ടെന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുമുണ്ട്.

ഏത് പ്രവർത്തനവും ആവശ്യമായ സമയമെടുത്ത് ചെയ്യുന്പോൾ മാത്രമാണ് കാര്യക്ഷമാകുക. അക്ഷമയോടെയും പൊടുന്നനെയുമാകുന്പോൾ പാകപ്പിഴവുകളുണ്ടാകുക സ്വാഭാവികമാണ്. ഒതുക്കമില്ലാത്ത സ്വഭാവം പ്രവാചകൻ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. തമാശയും കളിയും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നു. കൂട്ടുകാരോട് തമാശ പറഞ്ഞതും ഭാര്യയുമായി ഓട്ടമത്സരം നടത്തിയതും നബി ചരിത്രത്തിലുണ്ട്. അതേസമയം, ആളുകളെ ചിരിപ്പിക്കാനായി ഇല്ലാത്തത് പറയുന്നത് നബി(സ) എതിർത്തിരുന്നു. പരിസരം മറന്നുള്ള ചിരി തിരുദൂതർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പരിസരം മറന്നുള്ള അമിതമായ ചിരി വിശ്വാസിക്ക് ഭൂഷണമല്ലെന്നും യാഥാർഥ്യബോധത്തെ തൊട്ട് മനുഷ്യരെ അശ്രദ്ധരാക്കാൻ ഇത് ഹേതുവാകുമെന്നും അവിടുന്ന് പഠിപ്പിച്ചു. പുഞ്ചിരിയായിരുന്നു അവിടുത്തെ ശൈലി. അത് ധർമമാണെന്ന് നബി പ്രഖ്യാപിച്ചിട്ടുമുണ്ട്. എങ്കിലും അവിടുന്ന് ചിരിച്ചത് ഹദീസുകളിലുണ്ട്. പക്ഷേ, മാന്യത കൈവിട്ടുകൊണ്ടായിരുന്നില്ല. പ്രവാചക പത്‌നി ആഇശ(റ) ഒരിക്കൽ പറഞ്ഞു: “അല്ലാഹുവാണ് സത്യം അല്ലാഹുവിന്റെ ദൂതരുടെ ശൈലി പുഞ്ചിരിയാണ്. അണ്ണാക്ക് വെളിപ്പെടുന്ന രീതിയിൽ അവിടുന്ന് ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.