Connect with us

Gulf

റാസ് അല്‍ ഖൈമയില്‍ വ്യാജ പെര്‍ഫ്യൂം പിടികൂടി

Published

|

Last Updated

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമ ഇക്കണോമിക് വകുപ്പിലെ വാണിജ്യ നിയന്ത്രണ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാജമായി നിര്‍മിച്ച് വിതരണത്തിന്നായി തയ്യാറാക്കിയ 18 ബ്രാന്‍ഡുകളുടെ 119,000 പെര്‍ഫ്യൂം കുപ്പികള്‍ പിടിച്ചെടുത്തു.

വകുപ്പിനു ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് ശാമില്‍ പ്രദേശത്ത് ഒരു ഫാം കേന്ദ്രീകരിച്ച് സംഭരിച്ച പെര്‍ഫ്യൂമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയില്‍ ഏകദേശം 33 ദശലക്ഷം ദിര്‍ഹം വില വരും. റാസ് അല്‍ ഖൈമ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയായിരുന്നു റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത വസ്തുക്കള്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചു. ഏഷ്യന്‍ വംശജരാണ് വ്യാജ ഉല്പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്.

വിപണിയില്‍ വ്യാജ ഉത്പന്നങ്ങള്‍ തടയുന്നതിന്നായി മാര്‍ക്കറ്റുകളില്‍ നിരന്തര പരിശോധന നടത്തുന്നുണ്ടെന്ന് വാണിജ്യ നിയന്ത്രണ, സംരക്ഷണ ആക്ടിംഗ് ഡയറക്ടര്‍ ഫൈസല്‍ അബ്ദുല്ല അല്‍ വാന്‍ പ്രസ്താവിച്ചു. എമിറേറ്റില്‍ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ ശക്തമായ നീക്കം നടത്തുന്നുവെന്ന് വാണിജ്യ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ യൂസഫ് അല്‍ ബലൂഷിയും വ്യക്തമാക്കി. ഈ വര്‍ഷത്തിലെ ഒമ്പത് മാസങ്ങളിലായി ഡിപ്പാര്‍ട്ട്‌മെന്റ് നിരവധി വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 26 വാണിജ്യ സ്ഥാപനങ്ങളില്‍ ലോഗോകളുള്ള വ്യാജ വസ്തുക്കള്‍ വില്‍ക്കുന്നതായി കണ്ടെത്തി. അന്താരാഷ്ട്ര ബ്രാന്റുകളുടെ പകര്‍പ്പ് വില്‍ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത കടകള്‍ക്ക് വകുപ്പ് പ്രാഥമിക മുന്നറിയിപ്പ് നല്‍കി. ലംഘനം ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞ എഴുതിവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest